കളി കാര്യമായില്ല; പന്തിന് അർധ സെഞ്ച്വറി, ബംഗ്ലാദേശിനെ 60 റൺസിന് തകർത്ത് ഇന്ത്യ

23 പന്തിൽ 40 റൺസുമായി ഹാർദിക് പാണ്ഡ്യ പുറത്താകാതെ നിന്നു

Update: 2024-06-01 18:45 GMT
Editor : Sharafudheen TK | By : Sports Desk

ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ

Advertising

ന്യൂയോർക്ക്: ആദ്യം ബാറ്റുകൊണ്ടു തകർത്തടിച്ചു. പിന്നാലെ ബോളിങിൽ വരിഞ്ഞുമുറുക്കി. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് 60 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യയുടെ വിജയലക്ഷ്യമായ 183 റൺസ് തേടിയിറങ്ങിയ ബംഗ്ലാ പോരാട്ടം 122 റൺസിൽ അവസാനിച്ചു. സ്‌കോർ: ഇന്ത്യ 20 ഓവറിൽ 182-5, ബംഗ്ലാദേശ് 20 ഓവറിൽ 122-9

ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ പോരിൽ ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നതായി ഈ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുൻ ചാമ്പ്യൻമാർ സർപ്രൈസ് ഓപ്പണിങ് സഖ്യത്തെയാണ് ഇറക്കിയത്. രോഹിതിനൊപ്പം മലയാളി താരം സഞ്ജു സാംസണാണ് കളിച്ചത്. എന്നാൽ കളിക്കളത്തിൽ തിളങ്ങാൻ സഞ്ജുവിനായില്ല. ആറു പന്തുകളിൽ ഒരു റൺനേടിയ താരത്തെ ഷൊരീഫുൽ ഇസ്‌ലാം വിക്കറ്റിന് മുന്നിൽ കുരുക്കി. എന്നാൽ ഔട്ടല്ലെന്നുള്ള വാദവും നിലനിൽക്കുന്നു. പന്ത് ലെഗ് സറ്റംപിന് പുറത്തേക്ക് പോകുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ അംപയർ പോൾ റീഫൽ ഔട്ട് വിധിക്കുകയായിരുന്നു. സന്നാഹ മത്സരം ആയതിനാൽ റിവ്യൂ സംവിധാനവുമില്ല. സഞ്ജു പുറത്തേക്ക്. വൺഡൗണായി ഇറങ്ങിയ പന്ത് സ്വതസിദ്ധമായ ശൈലിയിൽ കത്തികയറിയതോടെ റൺറേറ്റുയർന്നു.

പവർപ്ലെയിൽ ഇന്ത്യ 55 റൺസാണ് സ്‌കോർ ചെയ്തത്. എന്നാൽ ഏഴാം ഓവറിൽ സ്‌കോർ 59ൽ നിൽക്കെ വലിയഷോട്ടിന് ശ്രമിച്ച രോഹിത് പുറത്തായി. 19 പന്തിൽ 23 റൺസെടുത്ത താരത്തെ മുഹമ്മദുല്ലയാണ് വീഴ്ത്തിയത്. നാലാം നമ്പറിൽ ഇറങ്ങിയ സൂര്യകുമാർ യാദവ് പന്തിനൊപ്പം തകർത്തടിച്ചതോടെ സ്‌കോർ ഉയർന്നു. 18 പന്തിൽ 31 റൺസെടുത്ത താരത്തെ തൻവീർ ഇസ്‌ലാം പുറത്താക്കി. ലോകകപ്പ് ടീമിൽ ഇടംനേടിയ ശിവം ദുബെക്ക് ഫോമിലേക്കുയരാനായില്ല. 14 റൺസെടുത്ത താരത്തെ മെഹദി ഹസന്റെ ഓവറിൽ അത്യുഗ്രൻ ക്യാച്ചിലൂടെ മുഹമ്മദുല്ല പുറത്താക്കി. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ 23 പന്തിൽ 40 തകർത്തടിച്ചതോടെ സ്‌കോർ 182ലെത്തി.

മറുപടി ബാറ്റിങിൽ ബംഗ്ലാദേശ് തുടക്കം മോശമായിരുന്നു. ഇന്നിങ്‌സിലെ നാലാം പന്തിൽതന്നെ സൗമ്യ സർക്കാരിനെ അർഷ്ദീപ് സിങ് പൂജ്യത്തിന് പുറത്താക്കി. തൊട്ടുപിന്നാലെ ലിട്ടൻ ദാസിനെ(6)യും പുറത്താക്കി അർഷ്ദീപ് ഇരട്ടപ്രഹരം നൽകി. ക്യാപ്റ്റൻ നജുമുൽ ഹുസൈൻ ഷാന്റോ(0)യെ പുറത്താക്കി മുഹമ്മദ് സിറാജും വരവറിയിച്ചോതെടെ പവർപ്ലെയിൽ മൂന്ന് വിക്കറ്റ് നഷ്ടമായി. തുടർന്ന് ബാറ്റിങിനിറങ്ങിയ താരങ്ങളെല്ലാം അതിവേഗം കൂടാരം കയറിയതോടെ ബംഗ്ലാടീം വലിയ തകർച്ച നേരിട്ടു. എന്നാൽ ആറാംവിക്കറ്റിൽ മുഹമ്മദുല്ല-ഷാക്കിബ് അൽ ഹസൻ കൂട്ടുകെട്ടാണ് വലിയ നാണക്കേടിൽ നിന്ന് ടീമിനെ രക്ഷിച്ചത്. 28 പന്തിൽ 40 റൺസെടുത്ത മുഹമ്മദുല്ല ടോപ് സ്‌കോററായി. ഷാക്കിബ് 28 റൺസെടുത്തു. ഇന്ത്യക്കായി അർഷ്ദീപും ശിവം ദുബെയും രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ നിരയിൽ എട്ടുപേരാണ് ബോൾ ചെയ്തത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News