രാജ്‌കോട്ടിൽ ഇംഗ്ലണ്ട് കംബാക്; ഇന്ത്യക്കെതിരെ 26 റൺസ് ജയം, പരമ്പര 2-1

വരുൺ ചക്രവർത്തി ഇന്ത്യക്കായി അഞ്ചു വിക്കറ്റ് വീഴ്ത്തി

Update: 2025-01-28 17:33 GMT
Editor : Sharafudheen TK | By : Sports Desk
England comeback in Rajkot; 26-run win over India, series 2-1
AddThis Website Tools
Advertising

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് 26 റൺസ് തോൽവി. സന്ദർശകർ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയുടെ പോരാട്ടം 145-9 എന്ന നിലയിൽ അവസാനിച്ചു. 35 പന്തിൽ 40 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ആതിഥേയ നിരയിലെ ടോപ് സ്‌കോറർ. ഇംഗ്ലണ്ടിനായി ജാമി ഓവെർട്ടൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റുമായി ആദിൽ റഷീദും ജോഫ്രാ ആർച്ചറും മികച്ച പിന്തുണ നൽകി. മറുപടി ബാറ്റിങിൽ ഇന്ത്യയുടെ തുടക്കം മികച്ചതായില്ല. തുടർച്ചയായി മൂന്നാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ(3) ആർച്ചറിന് മുന്നിൽ വീണു. ഇംഗ്ലീഷ് പേസറുടെ ബോളിൽ മിഡ് ഓഫിൽ ആദിൽ റഷീദിന് ക്യാച്ച് നൽകുകയായിരുന്നു മടക്കം.

സഞ്ജുവിന് പിന്നാലെ അഭിഷേക് ശർമ (24), സൂര്യകുമാർ യാദവ് (14) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. പവർ പ്ലേ പിന്നിടുമ്പോൾ മൂന്നിന് 51 എന്ന നിലയിലായി.  കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ ഒറ്റക്ക് തോളിയേറ്റിയ തിലക് വർമ മികച്ച രീതിയിൽ മുന്നേറിയെങ്കിലും ആദിൽ റഷീദിന്റെ സ്പിൻ കെണിയിൽ ക്ലീൻ ബൗൾഡായത് കളിയിൽ നിർണായകമായി. 18 റൺസെടുത്താണ് യുവതാരം പുറത്തായത്.  തൊട്ടുപിന്നാലെ വാഷിങ്ടൺ സുന്ദർ(6) കൂടി മടങ്ങിയതോടെ 85-5 എന്ന നിലയിലായി ആതിഥേയർ. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഹാർദിക് പാണ്ഡ്യ-അക്‌സർ പട്ടേൽ കൂട്ടുകെട്ട് പ്രതീക്ഷ നൽകി. എന്നാൽ 15 റൺസെടുത്ത് അക്‌സർ പട്ടേൽ മടങ്ങി. ധ്രുവ് ജുറേലിനും(2), മുഹമ്മദ് ഷമിക്കും (7) വിജയത്തിലെത്തിക്കാനായില്ല. ഒടുവിൽ ഹാർദിക് പാണ്ഡ്യ കൂടി മടങ്ങിയതോടെ ഇന്ത്യക്ക് പരമ്പരയിലെ ആദ്യ തോൽവി. നേരത്തെ, ഇംഗ്ലണ്ട് പോരാട്ടം 171-9 എന്ന നിലയിൽ അവസാനിച്ചിരുന്നു.

അഞ്ച് വിക്കറ്റ് നേടിയ വരുൺ ചക്രവർത്തിയാണ് 200 മുകളിൽ പോകുമായിരുന്ന ഇംഗ്ലണ്ട് സ്‌കോർ പിടിച്ചുനിർത്തിയത്. ബെൻ ഡക്കറ്റ് (28 പന്തിൽ 51), ലിയാം ലിവിംഗ്സ്റ്റൺ (24 പന്തിൽ 43) എന്നിവർ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. രണ്ടാം ഓവറിൽ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഫിൽ സാൾട്ട് ഹാർദിക് പാണ്ഡ്യയുടെ പന്തിൽ അഭിഷേക് ശർമയ്ക്ക് ക്യാച്ച് നൽകി മടങ്ങി. 5 റൺസാണ് സാൾട്ട് നേടിയത്. രണ്ടാം വിക്കറ്റിൽ ഡക്കറ്റ് - ജോസ് ബട്ലർ (24) സഖ്യം 76 റൺസ് കൂട്ടിചേർത്തു. എന്നാൽ വരുണിന്റെ പന്തിൽ സഞ്ജുവിന്റെ ക്യാച്ചിൽ ബട്‌ലർ മടങ്ങി. തൊട്ടുപിന്നാലെ ഡക്കറ്റിനെ അക്സർ മടക്കിയതോടെ ഇംഗ്ലണ്ട്് പ്രതിരോധത്തിലായി. പിന്നാലെ ഹാരി ബ്രൂക്ക് (8), ജാമി സ്മിത്ത് (6), ജാമി ഓവർട്ടോൺ (0), ബ്രൈഡൺ കാർസെ (3), ജോഫ്ര ആർച്ചർ (0) എന്നിവർ വേഗത്തിൽ കൂടാരം കയറി. നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയാണ് വരുൺ അഞ്ച് വിക്കറ്റെടുത്തത്. തിരിച്ചുവരവ് മത്സരത്തിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് വിക്കറ്റ് വീഴ്ത്താനായില്ല.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News