ഡർബനിലെ വെടിക്കെട്ട് സെഞ്ച്വറി; സഞ്ജു പോക്കറ്റിലാക്കിയത് ഒട്ടേറെ റെക്കോർഡുകൾ
രാജ്യാന്തര തലത്തിൽ തുടരെ രണ്ട് സെഞ്ച്വറി നേടുന്ന നാലാമത്തെ താരവും ആദ്യ ഇന്ത്യക്കാരനുമാണ് സഞ്ജു
ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യിലെ സെഞ്ച്വറി നേട്ടത്തിലൂടെ മലയാളി താരം സഞ്ജു സാംസൺ സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ. രാജ്യാന്തര തലത്തിൽ തുടരെ രണ്ട് സെഞ്ച്വറി നേടുന്ന നാലാമത്തെ താരവും ആദ്യ ഇന്ത്യക്കാരനുമായി. സഞ്ജുവിന് മുൻപ് ഗുസ്താവോ മക്കെയോൺ, റിലീ റൂസോ, ഫിൽ സാൾട്ട് എന്നിവർ മാത്രമാണ് തുടരെ രണ്ട് തവണ നൂറിൽ തൊട്ടത്. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 50ൽ അധികം റൺസ് സ്വന്തമാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും ഇനി മലയാളി താരത്തിന് സ്വന്തം. മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയേയും ഋഷഭ് പന്തിനേയുമാണ് ഡർബനിലെ 107 റൺസ് പ്രകടനത്തിലൂടെ മറികടന്നത്.
ദക്ഷിണാഫ്രിക്കൻ മണ്ണിൽ തന്റെ രണ്ടാം സെഞ്ച്വറിയാണ് മലയാളി താരം നേടിയത്. അവസാനം കളിച്ച ഏകദിനത്തിലും ശതകം കുറിച്ചിരുന്നു. ബംഗ്ലാദേശിനെതിരെ 47 പന്തിൽ 111 റൺസ് നേടിയ ശേഷമാണ് സഞ്ജു പ്രോട്ടിയാസിനെതിരെയും ഇതേ പ്രകടനം ആവർത്തിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ടി20 സെഞ്ചുറിയും ഡർബനിലെ പ്രകടനത്തിലൂടെ സ്വന്തംപേരിലാക്കി. സൂര്യകുമാർ യാദവിന്റെ അതിവേഗ സെഞ്ച്വറി പ്രകടനമാണ് മറികടന്നത്. 47 പന്തിൽ ഒൻപത് സിക്‌സറും ഏഴ് ഫോറും സഹിതമാണ് മാജിക് സംഖ്യയിലേക്കെത്തിയത്.
ഇതുവരെ 11 പേർ മാത്രമാണ് ടി20യിൽ ഇന്ത്യക്കായി മൂന്നക്കം തികച്ചത്. രോഹിത് ശർമ,സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ എന്നിവർ മാത്രമാണ് ഇതിന് മുൻപ് രണ്ട് തവണ ശതകം തികച്ചത്. ഈ എലൈറ്റ് പട്ടികയിലേക്കാണ് സഞ്ജു എത്തിയത്. കഴിഞ്ഞ ദിവസം നടന്ന താരലേലത്തിൽ രാജസ്ഥാൻ റോയൽസ് 18 കോടി നൽകി സഞ്ജു സാംസണെ നിലനിർത്തിയിരുന്നു. ഗൗതം ഗംഭീർ പരിശീലന സ്ഥാനമേറ്റെടുത്ത ശേഷമാണ് താരത്തെ ഓപ്പണിങ് റോളിൽ പരീക്ഷിച്ചത്.