'ദൈവത്തിന്റെ പ്ലാൻ'; ആർസിബി ജയത്തിൽ യഷ് ദയാലിനെ പ്രശംസിച്ച് റിങ്കു സിങ്
കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഒരോവറിൽ അഞ്ച് സിക്സുകൾ വഴങ്ങിയ താരമാണ് ദയാൽ.
ബെംഗളൂരു: ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ ആർസിബി വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് പേസർ യഷ് ദയാൽ. അവസാന ഓവറിൽ പ്ലേഓഫ് ഉറപ്പിക്കാൻ ചെന്നൈക്ക് 17 റൺസ് വേണമെന്നിരിക്കെ പന്തെറിയാനെത്തിയ 26 കാരൻ ടീമിനെ അവിശ്വസിനീയ വിജയം സമ്മാനിക്കുകയായിരുന്നു. ആദ്യ പന്ത് ധോണി സിക്‌സർ പറത്തിയെങ്കിലും രണ്ടാം പന്തിൽ പുറത്താക്കി മികച്ച കംബാക്. മത്സരത്തിലെ ടേണിംഗ് പോയന്റായി ധോണിയുടെ ഈ വിക്കറ്റ്. കാമറൂൺ ഗ്രീൻ, സ്വപ്നിൽ സിംഗ് എന്നിവർക്ക് രണ്ട് ഓവർ വീതം ബാക്കിയുണ്ടായിരിക്കെ തന്നിൽ ക്യാപ്റ്റൻ ഡുപ്ലെസിസ് അർപ്പിച്ച വിശ്വാസം കാക്കുകയായിരുന്നു.
Rinku Singh's Instagram story for Yash Dayal.
— Mufaddal Vohra (@mufaddal_vohra) May 18, 2024
- This is beautiful. ❤️ pic.twitter.com/khXk62bURp
കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഒരോവറിൽ അഞ്ച് സിക്സുകൾ വഴങ്ങിയ താരമാണ് ദയാൽ. അന്ന് ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന ദയാലിനെ തുടർച്ചയായി അഞ്ച് സിക്സുകൾ പറത്തി റിങ്കു സിംഗ് കൊൽക്കത്തയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇതോടെ സീസൺ അവസാനം താരത്തെ ഗുജറാത്ത് കൈയൊഴിഞ്ഞു. തുടരെ ട്രോളുകളും വിമർശനങ്ങളും. ഒടുവിൽ പുതിയ സീസണിൽ ബെംഗളൂരു ദയാലിൽ വിശ്വാസമർപ്പിച്ചു കൂടെകൂട്ടി. ഇതിനുള്ള റിസൽട്ടാണ് ഇന്നലെ ചിന്നസ്വാമിയിൽ കണ്ടത്.
ചെന്നൈക്കെതിരെ പന്തെറിയുമ്പോഴും ഗുജറാത്തിനൊപ്പമുള്ളപ്പോഴുള്ള സമാന സാഹചര്യമായിരുന്നു. എന്നാൽ സീറോയിൽ നിന്ന് ഹീറോയായാണ് ദയാൽ മാറിയത്. അവസാന ഓവറിൽ വിട്ടുകൊടുത്തത് ഏഴ് മാത്രം. ധോണിയും ഠാക്കൂറും ജഡേജയും താരത്തിന് മുന്നിൽ നിരായുധരായി.
മികച്ച രീതിയിൽ പന്തെറിഞ്ഞ ദയാലിന് പിന്നീട് അഭിനന്ദന പ്രവാഹമായിരുന്നു. ആദ്യം പ്രശംസയുമായെത്തിയത് കഴിഞ്ഞവർഷം അഞ്ചുസിക്‌സർ പറത്തിയ കെകെആർ താരം റിങ്കു സിങായിരുന്നു. എല്ലാം ദൈവത്തിന്റെ പദ്ധതിയാണെന്നാണ് റിങ്കു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞത്.മത്സരശേഷം ദയാലിന്റെ പ്രകടനത്തെ അവിശ്വസിനീയമെന്നാണ് ഡു പ്ലെസിസ് വിശേഷിപ്പിച്ചത്. മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം യാഷ് ദയാലിന് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.