2023 ആവർത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ്; ഐപിഎല്ലിൽ ലക്ഷ്യം ആറാം കിരീടം
ഒരു പതിറ്റാണ്ടിന് ശേഷം ചെന്നൈയിലേക്കുള്ള ആർ അശ്വിന്റെ മടങ്ങിവരവ് പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.


ആ വലിയദൗത്യം പൂർത്തിയാക്കി ഇന്ത്യൻ താരങ്ങൾ ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പലദേശങ്ങളിലേക്ക് പിരിഞ്ഞു. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കായി കിരീടം സ്വന്തമാക്കാൻ ഒറ്റക്കെട്ടായി കഠിനാദ്ധ്വാനം ചെയ്തവർ ഇനി പല ജഴ്സികളിൽ മുഖാമുഖം വരും. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് മുംബൈ താരമായി മാറും. കിങ് കോഹ്ലി ചിന്നസ്വാമിയുടെ ഐക്കണാകും. ചെന്നൈയുടെ മണ്ണിൽ തലക്കായി ആരവങ്ങളുയരും. ആധിപത്യം നിലനിർത്താൻ ചിലർ... ആദ്യ കിരീടത്തിന്റെ മധുരം നുണയാൻ മറ്റുചിലർ.. ഇന്ത്യൻ പ്രീമിയർ ലീഗ് 18ാം എഡിഷന് ഇനി ഏതാനും ദിവസങ്ങളുടെ ദൂരം മാത്രം. ലക്ഷ്യം ആറാം കിരീടം. മികച്ച സ്‌ക്വാഡിനെ അണിനിരത്തി ചെന്നൈ സൂപ്പർ കിങ്സ് 2025 സീസണിൽ രണ്ടും കൽപിച്ചാണ്. ഇത്തവണ സി.എസ്.കെയുടെ പ്രതീക്ഷകൾ... സാധ്യതകൾ... പരിശോധിക്കാം.

അഞ്ച് തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ഷെൽഫിലെത്തിച്ച സി.എസ്.കെ പതിവുപോലെ ഇത്തവണയും സ്ട്രോങ് കാമ്പയിനറാണ്. സ്ഥിരം ടീം സ്ട്രക്ചർ നിലനിർത്തി മെഗാ താരലേലത്തിൽ പണമെറിഞ്ഞ അവർ, പലകുറിയായി ടീമിൽ നിന്ന് വിട്ടുപോയവരെ തിരികെയെത്തിച്ചും സ്‌ക്വാർഡ് ഡെപ്ത് കൂട്ടി. പക്ഷേ അന്നും ഇന്നും ധോണി തന്നെയാണ് ചെന്നെയുടെ സ്വന്തം തല. അയാൾ ക്രീസിലുണ്ടെങ്കിൽ ഏതു മത്സരത്തിന്റേയും ഗതിമാറിമറിയുമെന്ന് ആരാധകർ ഇന്നും ഉറച്ചു വിശ്വസിക്കുന്നു. നരവീണുതുടങ്ങിയ താടിയുമായി 43ാം വയസിലും പാഡ് കെട്ടി മൈതാനത്തേക്ക് വരുന്ന ആ മഹാമനുഷ്യനിൽ നിന്നും ആരാധകർ ഇന്നും അഭ്തുഭം പ്രതീക്ഷിക്കുന്നു. ദിവസങ്ങൾക്ക് മുൻപ് തന്നെ ചെന്നൈ ക്യാമ്പിലെത്തിയ ധോണി ചെപ്പോക്കിൽ കഠിന പരിശീലകനത്തിലാണിപ്പോൾ.
ഓപ്പണിങിൽ ഋതുരാജ് ഗെയിക്വാദ്-ഡെവൻ കോൺവെ കൂട്ടുകെട്ട്. 2023ൽ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായ ആ മാജിക്കൽ സഖ്യത്തിന്റെ മടങ്ങിവരവ് തന്നെയാണ് ഇത്തവണ ചെന്നെ ബാറ്റിങിലെ ഹൈലൈറ്റ്. ഇരുവരും പവർപ്ലേ ഓവറുകളിൽ തകർത്തടിച്ചാൽ കാര്യങ്ങൾ സിഎസ്‌കെക്ക് എളുപ്പമാകും. കൂടെ സ്പിന്നേയും പേസിനേയും ഒരുപോലെ നേരിടാൻ കെൽപ്പുളള നായകൻ ഗെയിക്വാദ് ഒരുഭാഗത്ത് നങ്കൂരമിട്ടാൽ പേരുകേട്ട ഏതു ബൗളിങ്നിരയും നിഷ്പ്രഭമാകും. പോയ സീസണിൽ കിവീസ് താരം കോൺവെ പരിക്കേറ്റതിനാൽ രചിൻ രവീന്ദ്രയാണ് ഇന്ത്യൻ താരത്തിനൊപ്പം ഓപ്പണിങ് റോളിൽ ഇറങ്ങിയത്.
കോൺവെ മടങ്ങിയെത്തുന്നതോടെ രചിന് ബാറ്റിങ് പൊസിഷനിൽ താഴേക്കിറങ്ങേണ്ടിവരും. അടുത്തിടെ ചാമ്പ്യൻസ് ട്രോഫിയിലടക്കം യുവതാരം പുലർത്തിയ മിന്നുംഫോം സിഎസ്‌കെക്ക് പ്ലസ്പോയന്റാണ്. ഏതു റോളിലും ഫിറ്റാകുന്ന ശിവംദുബെ, രാഹുൽ ത്രിപാഠി, ദീപക് ഹൂഡെ, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, സാം കറൺ... അവസാന ഓവറുകളിൽ കാമിയോ ഇന്നിങ്സ് കളിക്കാൻ എംഎസ് ധോണിയും. ക്രൈസിസ് മാനേജർ മുതൽ തകർത്തടിക്കാൻ കെൽപുള്ളവർവരെ ആ നിരയിലുണ്ട്. ഷെയ്ഖ് റഷീദ് അടക്കം ആഭ്യന്തര ക്രിക്കറ്റിലെ യങ് ടാലന്റുകളും അവസരം കാത്തിരിക്കുന്നു. ഇത്തവണ ഇംപാക്ട് പ്ലെയറായാണോ ധോണി ഇറങ്ങുകയെന്നതും ആകാംക്ഷ നൽകുന്നതാണ്.
ഹോംഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തെ അടിമുടി മനപാഠമാക്കിയ ലോക്കൽബോയ് ആർ അശ്വിനെ തിരിച്ചുകൊണ്ടുവന്ന ചെന്നൈ എതിരാളികൾക്ക് വലിയ സൂചനയാണ് നൽകുന്നത്. 9.75 കോടി നൽകിയാണ് വെറ്ററൻ താരത്തെ രാജസ്ഥാൻ റോയൽസിൽ നിന്ന് ഹോമിലെത്തിച്ചത്. ചെന്നൈയിൽ ഒരുകാലത്ത് നിറഞ്ഞുകളിച്ച അശ്വിൻ-ജഡേജ കോംബോക്ക് കൂടിയാണ് ഇത്തവണ അരങ്ങൊരുങ്ങുക. നേരത്തെ ചെന്നൈക്കൊപ്പമുണ്ടായിരുന്ന ഇംഗ്ലീഷ് പേസർ സാം കറണിനേയും തിരികെയെത്തിക്കാനായതും ആശ്വാസമായി. പരിചിത സാഹചര്യങ്ങളിൽ 26 കാരൻ ഓൾറൗണ്ടർ ഫോമിലേക്കുയരുമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷ.
പോയ സീസണുകളിലായി ചെന്നൈയുടെ ബൗളിങ്ങിന്റെ ഭരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്ന യങ് സെൻസേഷൻ മതീഷ പതിരാനയെ 13 കോടി നൽകി ഒപ്പംനിർത്താനായതാണ് ബൗളിങ് ഡിപാർട്ട്മെന്റിൽ ഏറ്റവും സുപ്രധാന നീക്കം. ഇതിന് പുറമെ അഫ്ഗാൻ മിസ്ട്രി സ്പിന്നർ നൂർ അഹമ്മദ്, ഇന്ത്യൻ പേസർ ഖലീൽ അഹമ്മദ്, മുകേഷ് ചൗധരി, ഓസീസ് പേസർ നഥാൻ എല്ലീസ്, ഇംഗ്ലീഷ് പേസർ ജാമി ഓവർട്ടൻ... മുന്നിൽ ഓപ്ഷനുകൾ നിരവധിയാണ്. എന്നാൽ പതിരാണക്കൊപ്പം നിർത്താൻ പറ്റിയ മികച്ച ഡെത്ത് പേസ് ബൗളറില്ലെന്നതാണ് ചെന്നൈ നേരിടുന്ന പ്രധാന വെല്ലുവിളി. മറ്റു ഫ്രാഞ്ചൈസികളുമായി താരതമ്യപ്പെടുത്തുമ്പോൾ ബൗളിങ് ഡിപാർട്ട്മെന്റ് അത്ര മികച്ചതെന്ന് പറയാനാകില്ല. മധ്യനിരയിൽ രാഹുൽ ത്രിപാഠി, ദീപക് ഹൂഡയടക്കമുള്ള താരങ്ങളുടെ ഫോമിലും ആശങ്കയുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഗെയിക്വാദിനും പോയ സീസൺ അത്രമികച്ചതായിരുന്നില്ല
കഴിഞ്ഞ സീസണിൽ പ്ലേഓഫ് കാണാതെ പുറത്തായ മഞ്ഞപ്പടക്ക് ഇത്തവണ ലക്ഷ്യം തെറ്റാതെ മുന്നേറണം. 2024ൽ പ്ലേഓഫിലേക്കുള്ള നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടേറ്റ 27 റൺസ് തോൽവി ഇന്നും ആരാധകരുടെ മനസ്സിൽ കെടാതെ നിൽക്കുന്നു. ഇരുടീമുകളും 14 പോയന്റുമായി തുല്യത പാലിച്ചതോടെ നെറ്റ് റൺറേറ്റിന്റെ ആനുകൂല്യത്തിലാണ് അന്ന് ആർസിബി നാലാംസ്ഥാനക്കാരായി പ്ലേഓഫിലേക്ക് മുന്നേറിയത്. 2023 മെയ് 28ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ച് അഞ്ചാം ഐപിഎൽ കിരീടം. ചെന്നൈയുടെ കാലം തീർന്നെന്നും വയസ്സൻ പടയെന്നും ആക്ഷേപിച്ചവർക്കുമുള്ള മറുപടിയായിരുന്നു ആ കിരീടധാരണം. രണ്ട് വർഷം മുൻപത്തെ ആ പോരാട്ട വീര്യം ഇന്നും ആ ടീമിൽ ബാക്കിയുണ്ട്. 2023 ആവർത്തിക്കുമോ... മാർച്ച് 23ന് ചെപ്പോക്കിലെ ചെന്നൈ-മുംബൈ ഹെവി വെയിറ്റ് മത്സരത്തിനായി കാത്തിരിക്കാം.