മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തോൽവി; മഹാരാഷ്ട്രയുടെ ജയം നാല് വിക്കറ്റിന്
സഞ്ജു സാംസൺ 19 റൺസെടുത്ത് പുറത്തായി
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് തോൽവി. കേരളം ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ മഹാരാഷ്ട്ര മറികടന്നു. സ്‌കോർ: കേരളം 20 ഓവറിൽ 187-7, മഹാരാഷ്ട്ര: 19.5 ഓവറിൽ 189-9. അവസാന ഓവറുകളിൽ തകർത്തടിച്ച ദിവ്യാങ് ഹിങ്‌നാക്കറിന്റെ(18 പന്തിൽ 43) പ്രകടനമാണ് ടീമിന്റെ രക്ഷക്കെത്തിയത്.
രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കേരളം രോഹൻ കുന്നുമ്മലിന്റേയും (45), മുഹമ്മദ് അസറുദ്ദീന്റേയും (40), സച്ചിൻ ബേബി (പുറത്താവാതെ 40)യുടേയും ബാറ്റിങ് കരുത്തിലാണ് മികച്ച സ്‌കോർ പടുത്തുയർത്തിയത്. കഴിഞ്ഞ മാച്ചിൽ അർധ സെഞ്ച്വറി നേടിയ കേരള നായകൻ സഞ്ജു സാംസൺ 19 റൺസെടുത്ത് പുറത്തായി. വിഷ്ണു വിനോദ്(9), സൽമാൻ നിസാർ(1), അബ്ദുൽ ബാസിസ്(24) എന്നിവരാണ് മറ്റു സ്‌കോറർമാർ.
മറുപടി ബാറ്റിങിൽ മഹാരാഷ്ട്രയുടെ തുടക്കം മികച്ചതായില്ല. സ്‌കോർബോർഡിൽ 10 റൺസ് ചേർക്കുന്നതിനിടെ ക്യാപ്റ്റൻ ഋതുരാജ് ഗെയിക്‌വാദിനെ(1) എം ഡി നിധീഷ് പുറത്താക്കി. എന്നാൽ രാഹുൽ ത്രിപാടി (28 പന്തിൽ 44) പ്രകടനം പ്രതീക്ഷ മഹാരാഷ്ട്രക്ക് പ്രതീക്ഷ നൽകി. എന്നാൽ അവസാന ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തി കേരളം കളിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും ദിവ്യാങ് ഹിംഗനേക്കറിന്റെ വെടിക്കെട്ട് പ്രകടനം കളിതിരിച്ചു. അവസാന ഓവറിൽ ഏഴ് റൺസാണ് മഹാരാഷ്ട്രക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.