അടിച്ചുപറത്തി സ്റ്റോയിനിസ്; മുംബൈക്കെതിരെ ലക്‌നൗവിന് 177
മാര്‍ക്കസ് സ്റ്റോയിനിസിന്റെ ബാറ്റിങ് മികവിലാണ് ലക്‌നൗ മികച്ച സ്‌കോറിലെത്തിയത്
പ്ലേ ഓഫ് സാധ്യതയ്ക്കായുള്ള നിർണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 178 റൺസ് വിജയലക്ഷ്യം ഉയർത്തി ലക്‌നൗ സൂപ്പർ ജെയിന്റ്‌സ്. ഓപ്പണർമാർ കളിമറന്ന മത്സരത്തിൽ തകർത്തടിച്ച മാർക്കസ് സ്റ്റോണിസാണ് ലക്‌നൗവിന് മികച്ച സ്‌കോർ സമ്മാനിച്ചത്.47 ബോളിൽ 89 റൺസാണ് സ്‌റ്റോയിനിസ് അടിച്ചുകൂട്ടിയത്.
ടോസ് നേടിയ മുംബൈ ലക്‌നൗവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കളിയുടെ തുടക്കത്തിൽ തന്നെ മികച്ച രീതിയിൽ പന്തെറിഞ്ഞ മുംബൈ ബോളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ലക്‌നൗ നിരക്ക് കഴിയാതെ പതറുന്നതാണ് കണ്ടത്. മൂന്നാം ഓവറിൽ ബെൻഡ്രോഫിന് വിക്കറ്റ് നൽകി അഞ്ച് റൺസെടുത്ത ദീപക് ഹൂഡ മടങ്ങി. തൊട്ടു പിന്നാലെ ടീം 12 റണ്ണിൽ നിൽക്കെ പൂജ്യത്തിന് പ്രേരക് മങ്കടും കൂടാരം കയറി. മികച്ച തുടക്കവുമായി ഡീകോക്ക് ലക്‌നൗവിന് പ്രതീക്ഷ നൽകി. എന്നാൽ ഏഴാം ഓവറിൽ ചൗള ഡീകോക്കിനെ വീഴ്ത്തി. 15 ബോളിൽ നിന്ന് 16 റൺസാണ് ഡീകോക്കിന്റെ സംഭാവന. പിന്നീടാണ് ക്യാപ്റ്റൻ പാണ്ഡ്യയും സ്റ്റോയിനിസും ലക്‌നൗ സ്‌കോർ പതുക്കെ ഉയർത്തിയത്. സൂക്ഷിച്ച് ബാറ്റ് വീശിയ ഇരുവരും ഇടക്ക് ബൗണ്ടറികൾ കണ്ടെത്തി.
49 റൺസിൽ നിൽക്കെ പിരിക്കേറ്റ കൃണാലിന് പകരം പൂരൻ ക്രീസിലെത്തി. പിന്നീട് സ്റ്റോയിനിസും പൂരനും സ്‌കോർ അതിവേഗം ഉയർത്തി. അർധ സെഞ്ച്വുറി നേടിയ സ്‌റ്റോയിനിസ് അപകടകാരിയായിരുന്നു. മുംബൈ ബൗളർമാരെ പ്രഹരിച്ചുകൊണ്ടേയിരുന്നു. ജോർദാൻ എറിഞ്ഞ പതിനെട്ടാം ഓവറിൽ 24റൺസാണ് സ്‌റ്റോയിനിസ് അടിച്ചെടുത്തത്. മുംബൈക്കായി ജേസൻ ബെഹ്റെൻഡോർഫ് രണ്ട് വിക്കറ്റും പിയൂഷ് ചൌള ഒരു വിക്കറ്റും വീഴ്ത്തി.
ലഖ്നൗ സൂപ്പർ ജയൻറ്സ്: ക്വിൻറൺ ഡികോക്ക്(വിക്കറ്റ് കീപ്പർ), ദീപക് ഹൂഡ, പ്രേരക് മങ്കാദ്, ക്രുനാൽ പാണ്ഡ്യ(ക്യാപ്റ്റൻ), മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ, ആയുഷ് ബദോനി, നവീൻ ഉൾ ഹഖ്, രവി ബിഷ്ണോയി, സ്വപ്നിൽ സിംഗ്, മൊഹ്സീൻ ഖാൻ.
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ്മ(ക്യാപ്റ്റൻ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, നെഹാൽ വധേര, ടിം ഡേവിഡ്, ഹൃത്വിക് ഷൊക്കീൻ, ക്രിസ് ജോർദാൻ, പീയുഷ് ചൗള, ജേസൻ ബെഹ്റെൻഡോർഫ്, ആകാശ് മധ്വാൽ.