ശ്രീലങ്കൻ താരത്തിനെതിരെ സ്‌റ്റൈലിഷ് സ്റ്റമ്പിങിന് ശ്രമിച്ച് പണി പാളി; പന്തിന് ട്രോൾമഴ

സ്റ്റമ്പിങിൽ മഹേന്ദ്ര സിങ് ധോണിയുടെ ശൈലി അനുകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ആരാധകർ കമന്റ് രേഖപ്പെടുത്തി.

Update: 2024-08-07 18:08 GMT
Editor : Sharafudheen TK | By : Sports Desk
Advertising

കൊളംബൊ: കെ.എൽ രാഹുലിന്റെ പകരക്കാരനായാണ് ഋഷഭ് പന്ത് ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനുള്ള ടീമിലെത്തിയത്. ദീർഘകാലത്തിന് ശേഷമുള്ള വരവ്. എന്നാൽ ബാറ്റിങിലും കീപ്പിങിലും പന്തിന് ഇന്ന് അത്ര നല്ല ദിവസമായില്ല. ആറു റൺസെടുത്ത് പുറത്തായ താരം അവസാന ഓവറിൽ സ്റ്റമ്പിങും നഷ്ടപ്പെടുത്തി. ഇതോടെ ചെറിയ ഇടവേളക്ക് ശേഷം വലിയ ട്രോളിനും പന്ത് വിധേയനായി. കുൽദീപ് യാദവ് എറിഞ്ഞ് 49-ാം ഓവറിന്റെ അവസാന പന്തിലാണ് സംഭവം. ബാറ്റ് ചെയ്യുന്നത് മഹീഷ് തീക്ഷണയായിരുന്നു. ക്രീസ് വിട്ടിറങ്ങിയ തീക്ഷണ കൂറ്റൻ ഷോട്ടിന് ശ്രമിച്ചെങ്കിലും ബാറ്റിൽതൊട്ടില്ല.

 അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കാമായിരുന്നെങ്കിലും ബോൾ കൈവശംവെച്ച് സമയമെടുത്താണ് പന്ത് ബെയ്ൽസ് ഇളക്കിയത്. എന്നാൽ അപ്പോഴേക്കും ബാറ്റർ ക്രീസിലെത്തിയിരുന്നു. സ്റ്റമ്പിങ് നഷ്ടപ്പെടുത്തിയതിന് താരത്തിന് രോഹിത് ശർമയിൽ നിന്ന് ശകാരവും ഏറ്റുവാങ്ങേണ്ടിവന്നു. സമൂഹമാധ്യമങ്ങളിലും ട്രോളിന്റെ ഘോഷയാത്രയായിരുന്നു. എം.എസ് ധോണിയെപോലെയാകാൻ നോക്കിയതാണോയെന്ന കമന്റാണ് കൂടുതലായി എത്തിയത്.  ആളാവാൻ നോക്കിയതാണ്, പണി പാളിയെന്നും നിരവധി പേർ കമന്റിട്ടു. എന്തായാലും സ്റ്റമ്പിങ് നഷ്ടമാക്കിയത് കളിയിൽ വലിയ മാറ്റംവരുത്തിയില്ലെങ്കിലും താരത്തിന് ട്രോൾമഴയാണ് നേരിടേണ്ടിവന്നത്. 616 ദിവസങ്ങൾക്ക് ശേഷമാണ് താരം ഏകദിന മത്സരം കളിക്കുന്നത്. വാഹനാപകടത്തെ തുടർന്ന് തുടർന്ന് ചികിത്സയും വിശ്രമവുമായി ദീർഘകാലം കളത്തിന് പുറത്തായിരുന്ന പന്ത് കഴിഞ്ഞ ഐ.പി.എല്ലിലൂടെയാണ് വീണ്ടും മടങ്ങിയെത്തിയത്. തുടർന്ന് ടി20 ലോകകപ്പ് ടീമിലും ഇടംപിടിച്ച താരം ഭേദപ്പെട്ട പ്രകടനവും പുറത്തെടുത്തു. എന്നാൽ ഏകദിനത്തിലേക്കുള്ള തിരിച്ചുവരവ് പന്തിന് മികച്ചതായില്ല.

അതേസമയം, ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ദയനീയ തോൽവിയും വഴങ്ങി. മൂന്നാമത്തെ മത്സരത്തിൽ 110 റൺസിനാണ് തോറ്റത്. ഇതോടെ പരമ്പര (2-0) ആതിഥേയരായ ശ്രീലങ്ക സ്വന്തമാക്കുകയും ചെയ്തു. 1997ന് ശേഷം ആദ്യമായാണ് ഇന്ത്യക്കെതിരായ പരമ്പര ശ്രീലങ്ക സ്വന്തമാക്കുന്നത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്ക ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 26.1 ഓവറിൽ 138ൽ അവസാനിച്ചു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News