'ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിൽ സഞ്ജു വേണം'; മലയാളി താരത്തെ പിന്തുണച്ച് ഗവാസ്‌കർ
ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന താരത്തെ മാറ്റിനിർത്താനാവില്ലെന്നും ഗവാസ്‌കർ പറഞ്ഞു
മുംബൈ: ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കാനിരിക്കെ ടീമിൽ ആരൊക്കെ വേണമെന്നതിൽ അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിലേക്ക് പരിഗണിക്കണമെന്ന് ഗവാസ്‌കർ പറഞ്ഞു. ഏകദിനത്തിൽ സമീപകാലത്തെ താരത്തിന്റെ പ്രകടനം മികച്ചതാണെന്നും അദ്ദേഹം കൂട്ടിചേർത്തു. മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാനും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
'രാജ്യത്തിനായി സെഞ്ച്വറി നേടിയ താരമാണ് സഞ്ജു. ബാക്കപ്പ് വിക്കറ്റ് കീപ്പറായി താരത്തെ ഉൾപ്പെടുത്തണം'- അഭിമുഖത്തിൽ ഗവാസ്‌കർ പറഞ്ഞു. സഞ്ജുവിനൊപ്പം ഋഷഭ് പന്തിനേയും പരിഗണിക്കണമെന്നും മുൻ താരം വ്യക്തമാക്കി. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യൻ സ്‌ക്വാഡ് ജനുവരി 19നാകും പ്രഖ്യാപിക്കുക. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിരാട് കോഹ്ലി, ശുഭ്മാൻഗിൽ,കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ ഇടംപിടിക്കുമെന്നുറപ്പാണ്. പരിക്കുമാറിയെത്തിയ മുഹമ്മദ് ഷമി മടങ്ങിയെത്തുമെങ്കിലും ജസ്പ്രീത് ബുംറയുടെ കാര്യത്തിൽ അവ്യക്ത തുടരുകയാണ്. രവീന്ദ്ര ജഡേജയേയും കുൽദീപ് യാദവിനേയും സ്പിൻബൗളർമാരായി ടീമിലെടുക്കണമെന്ന് ഇർഫാൻ പഠാൻ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 20 മുതൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താന് പുറമെ യു.എ.ഇയും വേദിയാകും.
സുനിൽ ഗവാസ്‌കർ-ഇർഫാൻ പഠാൻ ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡ്: രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്ലി, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ, മുഹമ്മദ് സിറാജ്, നിതീഷ് കുമാർ റെഡ്ഡി