ലോകകപ്പ് പ്ലെയിങ് ഇലവനിൽ ഋഷഭ് പന്തോ സഞ്ജുവോ; ഗംഭീർ തെരഞ്ഞെടുക്കുന്നത് ഇങ്ങനെ
ഐപിഎല്ലിൽ സഞ്ജു സാംസണിന്റെ ബാറ്റിംഗ് പൊസിഷൻ കണക്കിലെടുക്കുമ്പോൾ പന്തിനെ ആദ്യ ഓപ്ഷനായി പരിഗണിക്കണം
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പ് സ്‌ക്വാർഡിൽ ഋഷഭ് പന്തും സഞ്ജു സാംസണും ഇടം പിടിച്ചതോടെ ആരായിരിക്കും പ്ലെയിങ് ഇലവനിലുണ്ടാകുക. ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററുമായ ഗൗതം ഗംഭീർ. ഇരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻമാരും ഐപിഎല്ലിൽ മികച്ച പ്രകടനമാണ് നടത്തിവരുന്നത്.
ഐപിഎല്ലിൽ മലയാളി താരത്തിന്റെ ബാറ്റിംഗ് പൊസിഷൻ കണക്കിലെടുക്കുമ്പോൾ പന്തിനെ ആദ്യ ഓപ്ഷനായി പരിഗണിക്കണമെന്നാണ് ഗംഭീറിന്റെ അഭിപ്രായം. രണ്ട് കാരണങ്ങളാണ് ഇതിന് താരം ചൂണ്ടിക്കാട്ടുന്നത്. 'തുല്യ നിലവാരുമുള്ള താരങ്ങളാണ് രണ്ടുപേരും. ഒരാളെ തെരഞ്ഞെടുക്കേണ്ടിവന്നാൽ പന്തിനൊപ്പമാകും പോകുക. അദ്ദേഹം ഒരു സ്വാഭാവിക മധ്യനിര ബാറ്ററാണ്. സഞ്ജുവാണെങ്കിൽ ഐപിഎല്ലിൽ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. റിഷഭ് അഞ്ച്, ആറ്, ഏഴ് നമ്പറുകളിൽ ഇറങ്ങിയിട്ടുണ്ട്-ഗംഭീർ പറഞ്ഞു. ടീം ഇന്ത്യയുടെ കോമ്പിനേഷൻ പരിഗണിക്കുമ്പോൾ മധ്യനിരയിലാണ് വിക്കറ്റ് കീപ്പറെ കളിപ്പിക്കാനാവുക. ടോപ്പ് ഓർഡറിലല്ല. മറ്റൊരു കാരണവും മുൻ ഇന്ത്യൻ താരം ചൂണ്ടിക്കാട്ടുന്നു. 'പന്ത് ഇടംകൈയ്യൻ ബാറ്ററാണ്. മധ്യനിരയിൽ വലംകൈയൻ-ഇടംകൈയൻ പാർടണർഷിപ്പും ഇതുവഴി ലഭിക്കും'.
അതേസമയം, സഞ്ജൂവിനെ പൂർണമായി തഴയുന്നതിനോടും ഗംഭീറിന് യോജിപ്പില്ല. സാഹചര്യമനുസരിച്ച് സഞ്ജുവിനെ കളിപ്പിക്കണം.ഏഴാമനായി ഇറങ്ങി മലയാളി താരം റൺസടിക്കുമെന്ന് മാനേജുമെന്റ് വിലയിരുത്തിയാൽ അവസരം നൽകുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂണിൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായാണ് ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. രോഹിത് ശർമയുടെ കീഴിലുള്ള 15 അംഗ ടീമിനെ കഴിഞ്ഞ ആഴ്ചയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്.