ഗില്ലിനെ പുറത്താക്കി 'മാസ് സെലിബ്രേഷന്‍' ; കളി തോറ്റതും എയറിലായി അബ്റാര്‍
രാജസ്ഥാൻ റോയൽസിന്റെ ഒഫീഷ്യൽ പേജടക്കം പാക് താരത്തെ ട്രോളി രംഗത്തെത്തിയിരുന്നു


ദുബൈ: ചാമ്പ്യൻസ് ട്രോഫിയിലെ ക്ലാസിക് പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയുടെ സർവാധിപത്യമാണ് ഇന്നലെ ദുബൈയിൽ കണ്ടത്. ഏഴോവർ ബാക്കി നിൽക്കേയാണ് പാക് പടയെ തുരത്തി ഇന്ത്യ സെമി ടിക്കറ്റ് ഏറെക്കുറേ ഉറപ്പിച്ചത്. പല ആവേശ നിമിഷങ്ങൾക്കും സാക്ഷിയായ മത്സരം ആരാധകരെ ത്രില്ലടിപ്പിച്ചു.
മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയ അബ്‌റാർ അഹ്‌മദിന്റെ ഒരു ബ്യൂട്ടിഫുൾ ഡെലിവറി ക്രിക്കറ്റ് ലോകത്ത് ഇന്നലെ വലിയ ചർച്ചയായിരുന്നു. അബ്‌റാർ എറിഞ്ഞ 18ാം ഓവറിലെ മൂന്നാം പന്ത് പ്രതിരോധിക്കാന്‍ കഴിയാതിരുന്ന ഗിൽ നിരായുധനായി വീണു.
'ബോൾ ഓഫ് ദ ടൂർണമെന്റ്' എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ ഐ.സി.സി പങ്കുവച്ചത്. എന്നാൽ വിക്കറ്റെടുത്ത ശേഷം അബ്‌റാർ നടത്തിയ സെലിബ്രേഷൻ അൽപം പരിധി വിടുന്നതായിരുന്നു. കൈ കെട്ടി നിന്ന് പവലിയനിലേക്ക് നോക്കി ഗില്ലിനോട് കയറിപ്പോവാൻ ആംഗ്യം കാണിക്കുന്ന പാക് താരത്തിന്റെ ദൃശ്യങ്ങൾ വൈറലായി.
എന്നാൽ കളി ഇന്ത്യ ജയിച്ചതോടെ ഇന്ത്യൻ ആരാധകർ അബ്‌റാറിനെ ട്രോള്‍ മഴയില്‍ മുക്കി. രാജസ്ഥാൻ റോയൽസിന്റെ ഒഫീഷ്യൽ പേജടക്കം ട്രോളുമായി രംഗത്തെത്തിയതോടെ അബ്‌റാർ എയറിലായി. ബാബർ അസമിന് ഹർദിക് നൽകിയ യാത്രയയപ്പിന് പകരമാണിതെന്ന് പാക് ആരാധകർ സോഷ്യൽ മീഡിയയിൽ വാദിക്കുന്നുണ്ടെങ്കിലും അതൊന്നും പാക് താരത്തെ എയറിൽ നിന്ന് താഴെയിറക്കാൻ മതിയായതായിരുന്നില്ല.