ജഗജില്ലി ഗിൽ; ഡൽഹിക്കെതിരെ ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോർ
നാല് സിക്‌സറുകളുടേയും 6 ബൗണ്ടറികളുടേയും അകമ്പടിയോട് കൂടിയായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്.
മുംബൈ: കൂടെ നിൽക്കേണ്ടിയിരുന്ന പലരും കളിമറന്ന് കൂടാരം കയറിയപ്പോഴും തകർത്തടിച്ച ശുബ്മാൻ ഗില്ലിന്റെ അർധ സെഞ്ച്വറി കരുത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഭേദപ്പെട്ട സ്‌കോർ. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് ഗുജറാത്തിന് നേടാനായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഗുജറാത്തിന് മൂന്നാം പന്തിൽ ഓപ്പണർ മാത്യു വേഡിനെ നഷ്ടമായി. പവർ പ്ലേ കഴിഞ്ഞ് അടുത്ത പന്തിൽ വിജയ് ശങ്കറും (13) തിരികെ നടന്നു. നായകൻ ഹർദിക്ക് പാണ്ഡ്യ പിടിച്ചുനിന്ന് കളിക്കാൻ ശ്രമിച്ചെങ്കിലും 27 പന്തിൽ 31 റൺസുമായി മടങ്ങി. ഒരറ്റത്ത് തകർത്തടിച്ച ശുബ്മാൻ ഗിൽ 46 പന്തിൽ 84 റൺസ് നേടി. നാല് സിക്‌സറുകളുടേയും 6 ബൗണ്ടറികളുടേയും അകമ്പടിയോട് കൂടിയായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്.
കൂറ്റനടികൾക്ക് പേരുകേട്ട തെവാത്തിയക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. 8 പന്തിൽ 14 റൺസുമായി തെവാത്തിയ മടങ്ങി. ഡേവിഡ് മില്ലർ പുറത്താകാതെ 20 റൺസ് നേടി. അഭിനവ് മനോഹർ (1), റാഷിദ് ഖാൻ (0-നോട്ടൗട്ട്).
ഡൽഹിക്ക് വേണ്ടി മുസ്തഫിസുർ റഹ്‌മാൻ മൂന്ന് വിക്കറ്റും ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.