498 റൺസ്- ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ; ലോക റെക്കോർഡിട്ട് ഇംഗ്ലണ്ട്
2018 ൽ ഓസ്‌ട്രേലിയക്കെതിരെ അവർ തന്നെ നേടിയ 481 റൺസെന്ന റെക്കോർഡാണ് അവർ മറിക്കടന്നത്.
നെതർലൻഡ്‌സ് പരമ്പരയിൽ ലോക റെക്കോർഡിട്ട് ഇംഗ്ലണ്ട്. അന്താരാഷ്ട്ര ഏകദിനത്തിൽ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന ടോട്ടൽ നേടിയിരിക്കുകയാണ് ഇംഗ്ലണ്ട് ടീം. 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 498 റൺസാണ് ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത്. 2018 ൽ ഓസ്‌ട്രേലിയക്കെതിരെ അവർ തന്നെ നേടിയ 481 റൺസെന്ന റെക്കോർഡാണ് അവർ മറിക്കടന്നത്. മൂന്ന് പേരാണ് ഇംഗ്ലണ്ട് നിരയിൽ സെഞ്ച്വറി നേടിയത്. ഓപ്പണർ ഫിലിപ്പ് സാൾട്ട് 93 പന്തിൽ 122 റൺസ് നേടി തകർപ്പൻ തുടക്കം നൽകി.
മറുവശത്ത് ഡേവിഡ് മലാൻ കൂറ്റനടികളോടെ കളം നിറഞ്ഞു. 109 പന്തിൽ 125 റൺസ് മലാനും അടിച്ചെടുത്തു. പിന്നെ നെതർലൻഡ്‌സിലെ വി.ആർ.എ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ജോസ് ബട്ട്‌ലറിന്റെ ആറാട്ടിനായിരുന്നു. 70 പന്തിൽ 231.43 സ്‌ട്രൈക്ക് റേറ്റിൽ പുറത്താകാതെ 162 റൺസാണ് ബട്ട്‌ലർ അടിച്ചെടുത്തത്. അതിൽ 14 സിക്‌സറുകളും 7 ബൗണ്ടറികളുമുണ്ടായിരുന്നു. ക്യാപ്റ്റൻ മോർഗനും (0) ഓപ്പണർ ജേസൺ റോയിയും (1) നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറുകളിൽ ലിവിങ് സ്റ്റണും പൊട്ടിത്തെറിച്ചതോടെ (22 പന്തിൽ 66) ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു റെക്കോർഡ് കൂടി ക്രിക്കറ്റിന്റെ ജന്മനാടായ ഇംഗ്ലണ്ട് തങ്ങളുടെ പേരിൽ അരക്കിട്ടുറപ്പിച്ചു.
26 സിക്‌സറുകളും 36 ഫോറുകളും പിറന്ന മത്സരത്തിൽ പത്തിനടുത്തായിരുന്നു ഇംഗ്ലണ്ടിന്റെ റൺറേറ്റ്. നെതർലൻഡ്‌സിന്റെ ഫിലിപ്പ് ബോയിസ് വെയിനാണ് ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്തത് 10 ഓവർ എറിഞ്ഞ ഫിലിപ്പ് 108 റൺസ് വിട്ടുകൊടുത്തു. തൊട്ടുപിന്നിൽ 99 റൺസ് വിട്ടുകൊടുത്ത ഷെയിൻ സ്‌നാറ്ററാണ്. എന്നാൽ എക്കണോമി അധികം അഞ്ച് ഓവർ എറിഞ്ഞ് 65 റൺസ് വിട്ടുകൊടുത്ത ബാസ് ഡി ലീഡെക്കാണ്. 13 റൺസാണ് അദ്ദേഹത്തിന്റെ എക്കണോമി റേറ്റ്.
Summary: England posts 498/4 vs Netherlands to record highest ODI score