ഇന്ത്യയും പാകിസ്താനും രണ്ട് തവണ ഏറ്റുമുട്ടണം; പണംവാരാന്‍ ഐ.സി.സിയുടെ കള്ളക്കളി ?
മുൻ പാക് താരം ബാസിത് അലിയാണ് ലോകകപ്പിന് മുമ്പേ ചർച്ച ഉയർത്തി രംഗത്തെത്തിയത്
ടി 20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി അങ്ങനെ ഐ.സി.സിയുടെ ഏത് ചാമ്പ്യൻഷിപ്പും ആയിക്കൊള്ളട്ടെ. ഇന്ത്യയും പാകിസ്താനും കളിക്കുന്നത് ഒരേ ഗ്രൂപ്പിലാകും. ഇതെന്താണ് നറുക്കെടുപ്പിലെ മാന്ത്രികതയോണോ എന്ന് ചിന്തിക്കുന്നവരും പാകിസ്താനും ഇന്ത്യയും ഒരേ ഗ്രൂപ്പിൽ എന്ന് ആകാംക്ഷയോടെ വാർത്തക്ക് തലക്കെട്ടിടുന്ന മാധ്യമങ്ങളുമുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നു?. ഉത്തരം ലളിതമാണ്. ഫിക്സചറുകൾ ഇന്ത്യക്കും പാകിസ്താനുമായി ഐ.സി.സി ഫിക്സാക്കുന്നു.
ഇംഗ്ലണ്ടും ആസ്ട്രേലിയയും തമ്മിലുള്ള വൈര്യവും ആഷസ് പരമ്പരകളുമെല്ലാമാണ് ക്രിക്കറ്റിനെ വളർത്തിയതെങ്കിൽ പോയപതിറ്റാണ്ടുകളായി ക്രിക്കറ്റിനെ താങ്ങി നിർത്തുന്നതിൽ പ്രധാനി ഇന്ത്യ പാക് പോരാട്ടങ്ങളാണ്. കളിയും രാഷ്ട്രീയവും ദേശീയതയും വേർതിരിച്ചറിയാനാകാത്ത ഇരു രാജ്യങ്ങളിലെയും ജനങ്ങൾ അതൊരു ആഘോഷമാക്കുകയും ചെയ്യുന്നു. രാഷ്ട്രീയവും ജിയോ പൊളിറ്റിക്കലുമായ കാരണങ്ങളാൽ എതിർധ്രുവങ്ങളിലുള്ള രണ്ടുരാജ്യങ്ങളും പരസ്പരമേറ്റുമുട്ടുമ്പോൾ ബ്രോഡ്കാസ്റ്റിലൂടെ കോടികളാണ് ഐസിസിയുടെ പോക്കറ്റിലെത്തുന്നത്. രണ്ടുരാജ്യങ്ങളിലുമുള്ള വലിയ ജനസംഖ്യയും ലോകത്തെല്ലാ രാജ്യങ്ങളിലുമായി പടർന്നുകിടക്കുന്ന ഇരു രാജ്യങ്ങളിലെയും പ്രവാസി സമൂഹങ്ങളും അതിന് തുണയാകുന്നു.
2011 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലല്ലാതെ ഒടുവിൽ കളിച്ചത്. പക്ഷേ അന്നും ഐസിസിക്ക് ലോട്ടറിയടിച്ചു. സെമിയിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ വ്യൂവർഷിപ്പ് കുത്തനെ ഉയരുകയും കോടികൾ ഐസിസിയുടെ പോക്കറ്റിലെത്തുകയും ചെയ്തു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫൈനലിനെക്കാൾ പ്രേക്ഷകരുണ്ടായിരുന്നത് ഇന്ത്യ പാക് സെമിക്കായിരുന്നു. തുടർന്നാണ് ഈ രണ്ടു ടീമുകളെയും ഒരേ ഗ്രൂപ്പിൽ തന്നെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഐസിസി ചിന്തിക്കുന്നത്. ഇങ്ങനെ ചെയ്താൽ രണ്ടുണ്ട് കാര്യങ്ങൾ. ഒന്ന് ഗ്രൂപ്പിൽ തന്നെ എന്തായാലും ഇരുടീമുകളും ഒരുമത്സരം മുഖാമുഖം വരുമെന്ന് ഉറപ്പിക്കാം. കൂടാതെ സെമിയിലോ അല്ലെങ്കിൽ ഫൈനലിലോ രണ്ടുടീമുകളും വീണ്ടും വരാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ അത് വീണ്ടുമൊരു ബോണസാണ്.
മുൻ പാക് താരം ബാസിത് അലി ലോകകപ്പിന് മുമ്പേ ഈ ചർച്ച ഉയർത്തി രംഗത്തെത്തി. ലോകകപ്പിൽ ഒന്നിലധികം തവണ പാക് ഇന്ത്യാ പാക് പോരോട്ടം വരുന്ന രീതിയിലാണ് ഐ.സി.സി ഫിക്‌സചർ ഷെഡ്യൂൾ ചെയ്തിരിക്കുന്നത് എന്ന് ബാസിത് അലി പറഞ്ഞു.
''ഗ്രൂപ്പ് ഘട്ടത്തിന് പുറമേ സെമിയിലോ കലാശപ്പോരിലോ ഒരിക്കൽ കൂടി ഇന്ത്യാ പാക് പോരാട്ടം വരുന്ന രീതിയിലാണ് ഫിക്‌സർ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ രണ്ടാമത്തെ പോരാട്ടം ടീമുകളുടെ പ്രകടനം അനുസരിച്ചിരിക്കും. പാകിസ്താൻ സമീപകാലത്ത് മോശം പ്രകടനങ്ങളാണ് പുറത്തെടുക്കുന്നത്. ഇന്ത്യൻ താരങ്ങളാണെങ്കിൽ ഐ.പി.എല്ലിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്താണ് ലോകകപ്പിനെത്തുന്നത്''-ബാസിത് പറഞ്ഞു.
അവസാനത്തെ പന്ത്രണ്ടുവർഷങ്ങളായി നടന്ന ഐസിസി ടൂർണമെന്റുകൾ പരിശോധിക്കാം. 2012ലെ ഐസിസി ട്വന്റി ലോകകപ്പിൽ ഇരുടീമുകളും കളിച്ചത് ഗ്രൂപ്പിൽ രണ്ടിൽ. 2013 ചാമ്പ്യൻസ്ട്രോഫിയിൽ ഗ്രൂപ്പ് ബിയിൽ. 2014 ട്വന്റി 20 ലോകകപ്പിൽ ഗ്രൂപ്പ് രണ്ടിൽ. 2015 ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ. 2016, 2021, 2022 ട്വന്റി ലോകകപ്പുകളുടെയും സ്ഥിതി സമാനം തന്നെ. 2017 ചാമ്പ്യൻസ് ട്രോഫിയിൽ ഇരുടീമുകളും ഒരേ ഗ്രൂപ്പിൽ കളിക്കുകയും ഫൈനലിൽ എത്തുകയും ചെയ്തതോടെ ഐസിസിക്ക് ശരിക്കും കോളടിച്ചു.
2019,2023 ലോകകപ്പുകൾ നടത്തിയത് ഗ്രൂപ്പാക്കിത്തിരിക്കാതെ എല്ലാ ടീമുകളും പരസ്പരം കളിക്കുന്ന റൗണ്ട് റോബിൻ രീതിയിലാണ്. ചെറിയ ടീമുകളെ ഉൾപ്പെടുത്താതെ 10 ടീമുകളെ മാത്രം വെച്ച് ലോകകപ്പ് നടത്തിയതുതന്നെ ഇന്ത്യക്കും പാകിസ്താനും പരമാവധി മത്സരങ്ങൾ ഒരുക്കി വ്യൂവർഷിപ്പിലൂടെ ലാഭം കൊയ്യാനാണെന്ന് നേരത്തേ വിമർശനങ്ങൾ ഉയർന്നതുമാണ്.
നിരന്തരമായി ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ വരുന്നതിനെക്കുറിച്ച് മുമ്പും ഐസിസി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. 2016ൽ ഇന്ത്യയെയും പാകിസ്താനെയും ഒരേ ഗ്രൂപ്പിൽ ബോധപൂർവം ഉൾപ്പെടുത്തുന്നതാണെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാർഡ്സൺ തുറന്നുസമ്മതിച്ചിരുന്നു. ഐസിസിയുടെ വീക്ഷണകോണിൽ അങ്ങനെ ചെയ്യേണ്ടത് അനിവാര്യമാണെന്നായിരുന്നു റിച്ചാർഡ്സൺ പറഞ്ഞത്. പക്ഷേ അങ്ങനെ ചെയ്യുന്നുണ്ടെങ്കിലും റാങ്കിങ് അനുസരിച്ച് ഗ്രൂപ്പുകൾ ബാലൻസ് ചെയ്യാറുണ്ടെന്ന് പറഞ്ഞാണ് റിച്ചാർഡ്സൺ അതിനെ ന്യായീകരിച്ചത്. എന്നാൽ അതിലെ അപകടം മനസ്സിലാക്കി ഐ.സി.സി തന്നെ റാങ്കിങ് അനുസരിച്ചാണെന്ന രീതിയിൽ വിശദീകരണം നടത്തുകയും ചെയ്തു. ഇന്ത്യയെയും പാകിസ്താനെയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നത് ബോധപൂർവമാണെന്ന് സുനിൽ ഗാവസ്കറും തുറന്നപറഞ്ഞിരുന്നു. ഇതിനിടയിൽ 2016 ഇന്ത്യയെയും പാകിസ്താനെയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തരുതെന്ന് കാണിച്ച് ബിസിസിഐ പ്രസിഡന്റും ബിജെപി നേതാവുകൂടിയായ അനുരാഗ് ടാക്കൂർ ഐസിസിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. അത് സംഭവിക്കുകയില്ലെന്ന് അറിയാമെങ്കിലും അതിലൂടെ രാഷ്ട്രീയ നേട്ടങ്ങളായിരുന്നു ലക്ഷ്യമിട്ടത്.
ഐസിസിയെ ഇങ്ങനെയാരു കാര്യത്തിന് പ്രേരിപ്പിക്കാൻ ഒരു പ്രധാനകാരണമുണ്ട്. 2007ലെ കരീബിയൻ ലോകകപ്പാണ് ഐസിസിയെ ഇരുത്തിച്ചിന്തിപ്പിച്ചത്. അന്ന് ഇന്ത്യയും പാകിസ്താനും വെവ്വേറെ ഗ്രൂപ്പുകളായിരുന്നു. പക്ഷേ ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടം കടന്ന് സൂപ്പർ എട്ടിൽ ഏറ്റുമുട്ടുമെന്നായിരുന്നു ഐസിസിയുടെ പ്രതീക്ഷ. എന്നാൽ ഇന്ത്യ ബംഗ്ലദേശിനോടും പാകിസ്താൻ അയർലൻഡിനോടും തോറ്റത് പ്രതീക്ഷകളെല്ലാം തെറ്റിച്ചു. ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതോടെ ബ്രോഡ്കാസ്റ്റേഴ്സും സ്പോൺസർമാരുമെല്ലാം ഐസിസിയെ കൈവിട്ടു. കനത്ത സാമ്പത്തിക നഷ്ടമാണ് ആ ടൂർണമെന്റ് ഐസിസിക്കും വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിനും വരുത്തിവെച്ചത്.
2012ന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിൽ പരമ്പരകൾ കളിക്കാത്തതിനാൽ തന്നെ ഇരുടീമുകളും പരസ്പരം മത്സരിക്കുന്നത് ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ്. ഇൗ കാരണവും ഐസി.സിയെ പ്രേരിപ്പിക്കുന്നുണ്ടാകാം.
പക്ഷേ ഇന്ത്യ പാകിസ്താൻ മത്സരങ്ങളേക്കാൾ കാണികൾ മറ്റുമത്സരങ്ങൾക്കുണ്ടാകുന്ന പ്രവണതയും ഇപ്പോൾ കണ്ടുവരുന്നുണ്ട്. പോയ വർഷം സമാപിച്ച ഏകദിന ലോകകപ്പിൽ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ഇന്ത്യ പാകിസ്താൻ മത്സരം 3.5 കോടി ആളുകളാണ് കണ്ടത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെയുള്ള ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം 4.4 കോടി പേരും ഇന്ത്യ ന്യൂസിലൻഡ് പോരാട്ടം 4.3 കോടി പേരും കണ്ടു. ഇന്ത്യയുടെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങളുടെ പ്രേക്ഷകർ ഇതിനേക്കാളും കൂടുതലാണ്. അഥവാ ക്രിക്കറ്റ് ആരാധകർ വൈകാരികതക്കപ്പുറം മത്സരങ്ങളുടെ നിലവാരവും പ്രധാന്യവും നോക്കി മത്സരങ്ങൾ കണ്ടുതുടങ്ങിയെന്ന് ചുരുക്കം.