ബെല്‍ജിയത്തിന് ഇന്ന് മരണക്കളി; തോറ്റാല്‍ പുറത്ത്

മൊറോക്കോയുടെ അപ്രതീക്ഷിത കുതിപ്പാണ് ഗ്രൂപ്പ് എഫിലെ സമവാക്യങ്ങൾ മുഴുവന്‍ മാറ്റി മറിച്ചത്

Update: 2022-12-01 12:35 GMT
Advertising

ദോഹ: ലോകകപ്പില്‍  ഗ്രൂപ്പ് എഫിലെ നിര്‍ണായക മത്സരത്തില്‍ ബെല്‍ജിയവും ക്രൊയേഷ്യയും തമ്മിലേറ്റു മുട്ടുമ്പോള്‍ ആരാധകരുടെ നെഞ്ചിടിപ്പേറും. ആരു തോറ്റോ അവര്‍ക്ക് പുറത്തേക്കുള്ള വഴിതുറക്കും.  പ്രീക്വാര്‍ട്ടറിലെത്താന്‍  ബെല്‍ജിയത്തിന് ജയം അനിവാര്യമാണെങ്കില്‍ ക്രൊയേഷ്യക്ക് ഒരു സമനില മതിയാവും. എന്നാല്‍ ജയിക്കാനായി കളിക്കുന്ന ബെല്‍ജിയത്തിന് മുന്നില്‍ അവര്‍ സമനിലക്കായി കളിക്കില്ലെന്നുറപ്പാണ്. 

മൊറോക്കോയുടെ അപ്രതീക്ഷിത കുതിപ്പാണ് ഗ്രൂപ്പ് എഫിലെ  സമവാക്യങ്ങൾ മുഴുവന്‍ മാറ്റി മറിച്ചത്. ബെൽജിയത്തെ അട്ടിമറിച്ച മൊറോക്കൊ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണിപ്പോള്‍. നാല് പോയിന്‍റുള്ള ക്രൊയേഷ്യയാണ് ഒന്നാം സ്ഥാനത്ത്. ഇതോടെ ലോകകപ്പിൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ലോക റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം- രണ്ടിലൊരാൾ ഖത്തറിൽ രണ്ടാം റൗണ്ടിലുണ്ടാകാന്‍ സാധ്യത നന്നേ കുറവാണ് . 

ജയിച്ചാലൊ സമനിലയായാലൊ ക്രൊയേഷ്യക്ക് മുന്നേറാം. ഇനി തോറ്റാലും സാധ്യതയുണ്ട്, കാനഡയോട് മൊറോക്കൊ തോൽക്കണമെന്ന് മാത്രം. അപ്പോഴും ഗോൾ വ്യത്യാസം നിർണായകമാണ്. ബെൽജിയത്തിന് മുന്നേറാൻ ജയിക്കണം. സമനിലയെങ്കിൽ മൊറോക്കൊ കാനഡയോട് വലിയ വ്യത്യാസത്തിൽ തോൽക്കണം. മൊറോക്കോയുടെ നിലവിലെ ഫോമില്‍ വലിയ മാര്‍ജിനില്‍ തോല്‍ക്കല്‍ അസാധ്യം.അതിനാല്‍ ബെല്‍ജിയത്തിന് ക്രൊയേഷ്യക്കെതിരായ മത്സരം നിര്‍ണായകം. 

രണ്ട് മത്സരങ്ങളും തോറ്റ കാനഡ ഇതിനോടകം പുറത്തായി. എന്നാല്‍ കാനഡയെ തോൽപ്പിച്ചാലോ സമനിലയിൽ പിടിച്ചാലോ മൊറോക്കോയ്ക്ക് മുന്നേറാം. കാനഡയോട് തോറ്റാലും മൊറോക്കോയ്ക്ക് പ്രതീക്ഷയുണ്ട്. അപ്പോൾ ബെൽജിയം തോൽക്കണമെന്നു മാത്രം. ഇനി ബെൽജിയവും മോറോക്കോയും ജയിച്ചാൽ പുറത്താകുക ക്രൊയേഷ്യയും. മരണ ഗ്രൂപ്പുകളില്ലെന്ന് പറഞ്ഞ ലോകകപ്പിൽ ഗ്രൂപ്പുകളെല്ലാം മരണഗ്രൂപ്പാവുകയാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News