ഫ്രഞ്ച് തെരഞ്ഞെടുപ്പ്: തീവ്രവലതുപക്ഷത്തിെൻറ പതനം ആഘോഷമാക്കി താരങ്ങൾ
ഫ്രാൻസിലിത് തെരഞ്ഞെടുപ്പ് കാലമാണ്. പ്രവചനങ്ങളെല്ലാം തെറ്റിച്ച് തീവ്ര വലതുപക്ഷം അധികാരത്തിന് പുറത്തേക്കെന്ന് ഉറപ്പായിരിക്കുന്നു. ഇടതുപക്ഷവും ഇമ്മാനുവൽ മാക്രോണിെൻറ മധ്യപക്ഷവും തമ്മിലുള്ള ധാരണയും സഖ്യവുമാണ് തീവ്രവലതുപക്ഷ പാർട്ടിയായ നാഷനൽ റാലിയെ തടുത്തുനിർത്തിയത്.
ഫ്രഞ്ച് തെരഞ്ഞെടുപ്പും ഫ്രഞ്ച് ഫുട്ബോൾ ടീമും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നു. തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അരുതെന്ന് യൂറോകപ്പിന് മുന്നോടിയായി ഫ്രാൻസ് ഫുട്ബോൾ അസോസിയേഷൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പക്ഷേ കുടിയേറ്റ വിരുദ്ധരും വംശീയവാദികളുമായ നാഷനൽ റാലി അധികാരത്തിൽ വരുന്നതിനെ ഫ്രഞ്ച് താരങ്ങൾ ശക്തിയായി എതിർത്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നമ്മൾ ഇതേ ചാനലിൽ തന്നെ നമ്മൾ അതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഫ്രഞ്ച് താരങ്ങൾ സന്തോഷം പങ്കുവെച്ചതാണ് പുതിയ വാർത്ത. സ്പെയിനിനെതിരായ നിർണായക സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായി വാർത്ത സമ്മേളനത്തിനെത്തിയ ഫ്രഞ്ച് ക്യാപ്റ്റൻ അഡ്രിയാൻ റാബിയോ അത് തുറന്ന് സമ്മതിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് വാർത്തകൾ ഞങ്ങൾ ഒരുമിച്ചല്ല കണ്ടത്. പക്ഷേ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഞങ്ങൾ ബോധവാൻമാരാണ്. ഒരു ടീമെന്ന നിലയിലല്ല ഈ വിഷയത്തിൽ ഞങ്ങൾ അഭിപ്രായ പ്രകടനം നടത്തിയത്. പക്ഷേ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശ്വാസം കൊള്ളുന്ന നിരവധി താരങ്ങൾ ഞങ്ങൾക്കൊപ്പമുണ്ട്. അഡ്രിയാൻ റാബിയോ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ ഫ്രഞ്ച് ടീമിലെ പല താരങ്ങളും റാബിയോയെപ്പോലെ ഡിേപ്ലാമാറ്റിക്കായി അഭിപ്രായം പറയുന്നവരല്ല. അവർ സന്തോഷം തുറന്നുതന്നെ പറഞ്ഞു. പോയ ഏതാനും ദിവസങ്ങളായി അനുഭവിച്ചിരുന്ന ടെൻഷനിൽ നിന്നും മുക്തനായിരിക്കുന്നു എന്നാണ് സ്റ്റാർ ഡിഫൻഡർ ജൂൾ കൂേൻറ പ്രതികരിച്ചത്.
നമ്മുടെ മനോഹര രാജ്യം അഭിമുഖീകരിച്ച അപകടത്തിനെതിരെ എണീറ്റുനിന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ. വൈവിധ്യവും റിപ്ലബിക്കും നീണാൾ ജയിക്കട്ടെ. പോരാട്ടം തുടരാമെന്നായിരുന്നു സ്ട്രൈക്കർ മാർക്കസ് തുറാം ഇൻസ്റ്റ ഗ്രാമിൽ കുറിച്ചത്.ഇത് ജനങ്ങളുടെ വിജയമാണെന്ന് അർലിയേൻ ഷുമേനി അഭിപ്രായപ്പെട്ടപ്പോൾ സന്തോഷം നിറഞ്ഞ ഇമോജികൾ പങ്കുവെച്ചാണ് ഇബ്രാഹീമ കൊനാറ്റെ പ്രതികരണം അറിയിച്ചത്. ചിരിച്ചുനിൽക്കുന്ന ചിത്രം ഇൻസ്റ്റ സ്റ്റോറിയായി വെച്ച് ഒസ്മാൻ ഡെംബലെയും ആഘോഷത്തിൽ പങ്കുചേർന്നു.
ഫ്രഞ്ച് ഫുട്ബാൾ താരങ്ങളുടെ വിജയമെന്ന രീതിയിൽ കൂടിയാണ് ലോകമാധ്യമങ്ങൾ തെരഞ്ഞെടുപ്പിനെ വിലയിരുത്തിയത്.അമേരിക്ക ആസ്ഥാനമായുള്ള പൊളിറ്റികോ മാരൈൻ ലിപിൻ 0, കിലിയൻ എംബാപ്പെ 1 എന്ന രസകരമായ തലക്കെട്ടാണ് നൽകിയത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം അഥവാ ലിബെർറ്റെ, എഗാലിറ്റെ, ഫ്രാടെർനിറ്റെ എന്ന ഫ്രഞ്ച് വിപ്ലവത്തിെൻറ മുദ്രാവാക്യം ലിബെർറ്റെ, എഗാലിറ്റെ, എംബാപ്പെയെന്നാക്കിയുള്ള രസകരമായ ഇൻട്രോയും അവർ നൽകി.
തീർച്ചയായും ഫ്രഞ്ച് ഇലക്ഷനിൽ ഏറ്റവും സജീവമായി ഇടപെട്ട ഒരാൾ കിലിയൻ എംബാപ്പെ തന്നെയാണ്. തെരഞ്ഞെടുപ്പിെൻറ ഓരോ ഘട്ടത്തിലും തീവ്ര വലതുപക്ഷത്തിനെതിരെ വോട്ടുചെയ്യാൻ അദ്ദേഹം ഉണർത്തിയിരുന്നു. എംബാപ്പെയുടെ ഇടപെടലുകൾ നാഷനൽ റാലി നേതാക്കളെ ക്ഷുഭിതരാക്കുകയും ചെയ്തു. ശതകോടീശ്വരൻമാർ പാവപ്പെട്ട ജനങ്ങളെ വോട്ടുചെയ്യുന്നത് പഠിപ്പിക്കേണ്ട എന്നാണ് നാഷണൽ റാലിയുടെ പ്രസിഡൻറ് സ്ഥാനാർഥിയായ ജോർഡൻ ബാർദെല്ല അഭിപ്രായപ്പെട്ടത്.
കുടിയേറ്റ താരങ്ങളാൽ നിറഞ്ഞ ഫ്രഞ്ച് ഫുട്ബോൾ ടീമിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന സമീപനമാണ് നാഷനൽ റാലി പുലർത്തിവന്നിരുന്നത്. 1998ൽ ലോകകപ്പും 2000ത്തിൽ യൂറോയും നേടി ഫ്രഞ്ച് ടീം ലോകത്തോളമുയർന്ന് നിൽക്കുേമ്പാൾ പോലും ടീമിലെ കുടിയേറ്റക്കാരെ ചൂണ്ടിക്കാട്ടി വംശീയ പരാമർശങ്ങൾ നടത്തിയവരാണ് ജ്വാൻ ലെ പെൻ അടക്കമുള്ള നാഷനൽ റാലി നേതാക്കൾ. ഇതിഹാസ താരം സിനദിൻ സിദാനടക്കമുള്ളവർ പോലും വംശീയ പരാശങ്ങൾക്കിരയായി. ജ്വാൻ ലെ പെനിെൻറമകളായ മരൈൻ ലെ പെനാണ് ഇപ്പോൾ പാർട്ടിയിലെ നിർണായക സാന്നിധ്യം. 2017 മരൈനെതിരെ വോട്ടുചെയ്യാൻ ആഹ്വാനം ചെയ്ത് സിദാൻ രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേ സമയം തന്നെ നിലവിലെ പ്രസിഡൻറും റിനൈസൻസ് പാർട്ടി നേതാവുമായ ഇമ്മാനുവൽ മാക്രോൺ ഫുട്ബോളിനോടും ഫുട്ബോൾ താരങ്ങളോടും ചേർന്നുനിൽക്കുന്നയാളാണ്. ലോകകപ്പ് അടക്കമുള്ള പല നിർണായക മത്സരങ്ങളിലും മാക്രോൺ താരങ്ങളോട് ചേർന്നുനിൽക്കുന്നത് നമ്മൾ കണ്ടിരുന്നു.