തുടർച്ചയായ രണ്ടാം അന്താരാഷ്ട്രകിരീടം, സാഫിലെ കലാശപ്പോരിൽ ഇന്ത്യ കുവൈത്തിനെതിരെ
തോൽവി അറിയാതെ കുതിക്കുന്ന ഇന്ത്യൻ ഫുട്ബോൾ. സമീപകാലത്തെ ഏറ്റവും മോഹിപ്പിക്കുന്ന കാഴ്ചയാണത്
ബംഗളൂരു: സാഫ് കപ്പ് ഫുട്ബോൾ കലാശപ്പോരാട്ടത്തിൽ ഇന്ത്യ ഇന്ന് കുവൈത്തിനെ നേരിടും. തുടർച്ചയായ രണ്ടാം അന്താരാഷ്ട്ര കിരീടം ലക്ഷ്യമിട്ടാണ് സുനിൽ ഛേത്രിയും സംഘവും ഇറങ്ങുന്നത്. വൈകിട്ട് ഏഴര മുതലാണ് ഫൈനൽ.
തോൽവി അറിയാതെ കുതിക്കുന്ന ഇന്ത്യൻ ഫുട്ബോൾ. സമീപകാലത്തെ ഏറ്റവും മോഹിപ്പിക്കുന്ന കാഴ്ചയാണത്. ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് കലാശപ്പോരിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ ഒമ്പതാം കിരീടം. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. എതിരാളികൾ കുവൈത്ത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇഞ്ചുറി ടൈം വരെ മുന്നിൽ നിന്ന ശേഷം ഇന്ത്യ സമനില വഴങ്ങേണ്ടി വന്ന അതേ കുവൈത്ത്. കരുത്തരായ ലബനനെ കീഴടക്കി കഴിഞ്ഞമാസം ഇന്റര്‍കോണ്ടിനെന്റൽ കപ്പിൽ മുത്തമിട്ട ഇന്ത്യ തോൽവിയറിയാതെ പത്ത് കളികൾ പൂർത്തിയാക്കിയിരിക്കുന്നു. ലോകറാങ്കിങിൽ ആദ്യ നൂറിലേക്ക് തിരിച്ചുമെത്തി. സുനിൽ ഛേത്രിക്കും സംഘത്തിനും കരുത്തായി നിറഞ്ഞുകവിയുന്ന ഗ്യാലറി. സെമിയിൽ ലബനനെതിരായ ഷൂട്ടൗട്ട് ജയം ടീമിന്റെ മനക്കരുത്ത് വ്യക്തമാക്കുന്നു.
ഉറച്ച പ്രതിരോധവും ക്യാപ്റ്റൻ ഛേത്രി നയിക്കുന്ന മുൻനിരയും. ഒറ്റ ഗോൾകൂടി നേടിയാൽ ഛേത്രി സാഫ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാകും. മറുഭാഗത്ത് കുവൈത്തിന്റെ സാഫ് കപ്പ് അരങ്ങേറ്റമായിരുന്നു ഇത്തവണത്തേത്. അരങ്ങേറ്റത്തിൽ കപ്പുയർത്താൻ അവരും ആഗ്രഹിക്കുന്നു. രണ്ടായിരത്തിപത്തിൽ കുവൈത്ത് ഇന്ത്യയെ 9-1ന് തകർത്തിരുന്നു. ഇന്ത്യൻ ഫുട്ബോളിലെ കനത്ത തോൽവികളിലൊന്ന്. പക്ഷേ അതിന് ശേഷം കളിയേറെ മാറി. അന്ന് ഇന്ത്യ, നൂറ്റിനാൽപത്തിനാലാം റാങ്കിലായിരുന്നെങ്കിൽ ഇന്ന് നൂറാമതാണ്. അന്ന് നൂറ്റിമൂന്നിലായിരുന്ന കുവൈത്ത് ഇന്ന് നൂറ്റിനാൽപത്തിയൊന്നിലും.