മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാനൊരുങ്ങി ഖത്തർ
ക്ലബ്ബ് വിൽക്കാൻ ആലോചിക്കുന്നതായി ഉടമസ്ഥരായ ഗ്ലേസിയർ കുടുംബം കഴിഞ്ഞ നവംബറിൽ വ്യക്തമാക്കിയിരുന്നു.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാനൊരുങ്ങി ഖത്തർ. ഖത്തറിലെ ഒരുകൂട്ടം നിക്ഷേപകർ ക്ലബ്ബുമായി പ്രാഥമിക ചർച്ചകൾ തുടങ്ങിയതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച അവസാനത്തോടെ കൺസോഷ്യം തങ്ങളുടെ പ്രാരംഭവില ക്ലബ്ബ് മാനേജ്‌മെന്റിന് സമർപ്പിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ സഹായത്തോടെയാണ് ചർച്ചകൾ നടക്കുന്നത്.
ക്ലബ്ബ് വിൽക്കാൻ ആലോചിക്കുന്നതായി ഉടമസ്ഥരായ ഗ്ലേസിയർ കുടുംബം കഴിഞ്ഞ നവംബറിൽ വ്യക്തമാക്കിയിരുന്നു. ഖത്തറിലെ ചില നിക്ഷേപകർ ക്ലബ്ബുമായി ചർച്ച നടത്തുന്നതായി ഈ മാസം ആദ്യത്തിൽ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച വാർത്തകളോട് പ്രതികരിക്കാൻ മാഞ്ചസ്റ്റർ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.
ടെൻ ഹാഗ് പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ്. 23 മത്സരങ്ങൾ കളിച്ച ടീമിന് 46 പോയിന്റുണ്ട്. 51 പോയിന്റുള്ള ആർസനലാണ് ലീഗിൽ ഒന്നാമത്. 48 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്തുള്ളത്.