ഫുട്‌ബോൾ മാത്രമല്ല, ക്രിക്കറ്റും വഴങ്ങും: ബെല്ലിങ്ഹാമിന് ഇതൊക്കെ ഈസി ടാസ്‌ക്
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് പുതിയൊരു വെടിക്കെട്ട് ബാറ്റ്സ്മാനെ ലഭിച്ചെന്നും അടുത്ത സീസണിൽ ഐപിഎലിൽ പങ്കെടുക്കണമെന്നും വീഡിയോക്ക് കമന്റായി ആരാധകർ പങ്കുവെച്ചു
ലണ്ടൻ: ഇംഗ്ലണ്ട് ഫുട്‌ബോളിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് ജൂഡ് ബെല്ലിങ്ഹാം. അടുത്തിടെ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ മധ്യനിരതാരം ഉജ്ജ്വല ഫോമിലാണ്. നിർണായക മത്സരങ്ങളിൽ സ്പാനിഷ് ക്ലബിന് ജയമൊരുക്കുന്ന 20കാരൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായത് ഇതുകൊണ്ടൊന്നുമല്ല.
നെറ്റ്‌സിൽ ക്രിക്കറ്റ് പരിശീലിക്കുന്ന ബെല്ലിങ്ഹാമിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായത്. ഫുട്‌ബോൾ മാത്രമല്ല ക്രിക്കറ്റും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുന്നതാണ് താരത്തിന്റെ ഓരോ ഷോട്ടുകളും.ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് പുതിയൊരു വെടിക്കെട്ട് ബാറ്റ്സ്മാനെ ലഭിച്ചെന്നും അടുത്ത സീസണില്‍ ഐപിഎലില്‍ പങ്കെടുക്കണമെന്നും വീഡിയോക്ക് കമന്റായി ആരാധകര്‍ പങ്കുവെച്ചു
Don't bowl there to Jude Bellingham 👀 pic.twitter.com/FwebWddMjx
— Test Match Special (@bbctms) December 29, 2023
സ്പാനിഷ് ലാലീഗയിൽ നിന്ന് അവധിയെടുത്ത് ക്രിസ്മസ് ദിനത്തിൽ കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ് താരമിപ്പോൾ. സഹോദരൻ ജോബ് ബെല്ലിങ്ഹാമിനൊപ്പമാണ് താരം ക്രിക്കറ്റ് കളിച്ചത്. ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനായി 92 മത്സരങ്ങളിൽ നിന്നായി 12 ഗോളുകൾ നേടിയ താരം വമ്പൻതുകക്കാണ് ഈ സീസണിൽ റയലിലേക്ക് ചേക്കേറിയത്. ഇതുവരെ 13 ഗോളുകളും സ്‌കോർ ചെയ്തു. 2020 മുതൽ ഇംഗ്ലണ്ട് ദേശീയ ടീമിലും സ്ഥിരസാന്നിധ്യമാണ്.