'ശരിയാകും, സമയമെടുക്കും': മെസിയുടെ മേജർ ലീഗ് സോക്കറിൽ ഡേവിഡ് ബെക്കാം
കളിയുടെ നിലവാരം യൂറോപ്യൻ ലീഗുകളിൽ നിന്നും വ്യത്യസ്തമാണെന്നും ബെക്കാം പറഞ്ഞു
മയാമി: മേജർ ലീഗ് സോക്കറുമായി(എം.എല്‍.എസ്) പൊരുത്തപ്പെടാൻ ലയണൽ മെസിക്ക് സമയം ആവശ്യമാണെന്ന് ഇന്റർമയാമി സഹ ഉടമയും ഇംഗ്ലണ്ട് സൂപ്പർ താരവുമായ ഡേവിഡ് ബെക്കാം. കളിയുടെ നിലവാരം യൂറോപ്യൻ ലീഗുകളിൽ നിന്നും വ്യത്യസ്തമാണെന്നും ബെക്കാം പറഞ്ഞു. മെസിയുടെ ഇന്റർമയാമിയിലുള്ള ആദ്യ പരിശീലനം സൂക്ഷമമായി വിലയിരുത്തിയായിരുന്നു ബെക്കാമിന്റെ പ്രതികരണം.
രണ്ട് വർഷത്തെ കരാരിലാണ് മെസി പിഎസ്ജിയിൽ നിന്നും അമേരിക്കയിൽ എത്തുന്നത്. ബാഴ്‌സയിൽ സഹതാരമായിരുന്ന സെർജയോ ബുസ്‌കറ്റസും മെസിക്കൊപ്പമുണ്ട്. അർജന്റീനയൻ മുൻതാരം ജെറാഡോ മാർട്ടിനോയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.
'മെസിക്കും ബുസ്‌ക്കറ്റസിനും സമയം ആവശ്യമാണ്. അവരിരുവരും നമ്മളെ അത്ഭുതപ്പെടുത്തിയേക്കാം, വരാനിരിക്കുന്ന ഓരോ കളിയും ജയിച്ച് തുടങ്ങിയേക്കാം, അതിന് ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്'- ബെക്കാം പറഞ്ഞു. മയാമി ആരാധകരിൽ നിന്ന് ആ ക്ഷമ ആവശ്യമാണെന്നും ബെക്കാം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച മെക്‌സിക്കൻ ക്ലബ്ബായ ക്രുസ് അസുലുമായാണ് മയാമിയുടെ അടുത്ത മത്സരം. ഈ മത്സരത്തിൽ ഒരുപക്ഷേ മെസിയെ കണ്ടേക്കില്ല.
മെസിയുടെ അടുത്ത മത്സരം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് മെസിയും പരിശീലകനും ആണെന്നും അദ്ദേഹത്തിന്റെ നീക്കങ്ങളിലെല്ലാം മികവ് കാണുന്നുണ്ടെന്നും ബെക്കാം കൂട്ടിച്ചേർത്തു. മെസിയുടെ വരവിന് മുമ്പ് മയാമിയുടെ ഏറ്റവും ശ്രദ്ധാകേന്ദ്രമായിരുന്നു ബെക്കാം. 2007ലായിരുന്നു ബെക്കാമിന്റെ മയാമി പ്രവേശം. അന്ന് എം.എൽ.എസിൽ 13 ക്ലബ്ബുകളെ ഉണ്ടായിരുന്നുള്ളൂ, ഇന്ന് അത് വളർന്ന് 29ൽ എത്തി.