കളിയഴകല്ല, ഫലമാണ് പ്രധാനം; നിലപാട് വ്യക്തമാക്കി വുകുമനോവിച്ച്
"ഇത് നോക്കൗട്ട് ഘട്ടമാണ്. ഈ ഘട്ടത്തിൽ മനോഹരമായ ഫുട്‌ബോൾ ആരു ഗൗനിക്കുന്നു. ഫലം മാത്രമാണ് പ്രധാനം"
ബംഗളൂരു എഫ്‌സിക്കെതിരെയുള്ള നിർണായക പ്ലേ ഓഫ് മത്സരത്തിന് മുമ്പ് നിലപാട് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ച്. അന്തിമഘട്ടത്തിൽ കളിയുടെ സൗന്ദര്യമല്ല, ഫലമാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. എതിരാളികളുടെ ശക്തി ദൗർബല്യങ്ങളറിഞ്ഞ് തന്ത്രമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലേ ഓഫിന് മുമ്പോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുയായിരുന്നു വുകുമനോവിച്ച്.
'ഏതു മത്സരം കളിക്കുമ്പോഴും രണ്ട് കാര്യങ്ങൾ മനസ്സിലുണ്ടാകണം. പന്ത് കൈവശം വയ്ക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യുന്നു, ഇല്ലാതിരിക്കുമ്പോൾ എന്തു ചെയ്യുന്നു എന്നതാണത്. പ്രസ്സിങ്ങിലും ആക്രമണത്തിലും എതിരാളികൾ മികച്ചു നിന്നാൽ പന്ത് ലഭിക്കില്ല. നാളെ രസകരമായ മത്സരമായിരിക്കും. ഈയിടെ നടന്ന ബംഗളൂരു എഫ്‌സിക്കെതിരെയുള്ള കളിയിൽ ഞങ്ങൾക്കായിരുന്നു 70 ശതമാനം പന്തവകാശം. എന്നാൽ ആ കളിയിൽ തോറ്റു. കളിയെ എങ്ങനെ സമീപിക്കുന്നു എന്നാണ് പ്രധാനം. ഇത് നോക്കൗട്ട് ഘട്ടമാണ്. ഈ ഘട്ടത്തിൽ മനോഹരമായ ഫുട്‌ബോൾ ആരു ഗൗനിക്കുന്നു. ഫലം മാത്രമാണ് പ്രധാനം.'- അദ്ദേഹം പറഞ്ഞു.
പരിശീലിക്കാൻ നല്ല മൈതാനമില്ലാത്തതിനാൽ കൊച്ചിയിലാണ് ടീം ട്രയിനിങ് നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എവേ ഗെയിമിൽ ഗുണനിലവാരമുള്ള മൈതാനങ്ങൾ ചിലപ്പോൾ പരിശീലനത്തിനായി ലഭിച്ചിട്ടില്ല. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. സംഘാടകർ ഭാവിയിൽ ഇതു ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഒരു കളിക്കാരനായി യൂറോപ്പിലൊക്കെ അന്വേഷിക്കുമ്പോൾ മികച്ച ട്രയിനിങ് സെന്ററുണ്ടോ, ട്രയിനിങ് ഗ്രൗണ്ടുണ്ടോ എന്നൊക്കെയാണ് ചോദിക്കുന്നത്.- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൈദരാബാദ് എഫ്‌സിക്കെതിരെയുള്ള കളിയിൽ മികച്ച പ്രകടനം പുറത്തെടുത്ത യുവതാരം വിപിൻ മോഹനെ കുറിച്ചും വുകുമനോവിച്ച് സംസാരിച്ചു. 'അവൻ നല്ല കളിക്കാരനാണ്. നാളെ അവന് കളിക്കാൻ സമയം കിട്ടുമോ എന്നു നോക്കാം. കഴിഞ്ഞ കളിയിൽ ആരാധകർക്കു മുമ്പിൽ അവൻ മികച്ച കളി പുറത്തെടുത്തു. കുറച്ചു മാസമേ ആയുള്ളൂ അവൻ കൂടെ ചേർന്നിട്ട്. ഒരുപാട് യുവതാരങ്ങൾക്ക് ഇനിയും അവസരം ലഭിക്കും'- അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് മൂന്നിന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്‌സ്-ബംഗളൂരു പോരോട്ടം. 34 പോയിന്റുമായി ലീഗിൽ നാലാമതായാണ് ബംഗളൂരു പ്ലേ ഓഫിന് യോഗ്യത നേടിയത്. 31 പോയിന്റുമായി അഞ്ചാമതായി ബ്ലാസ്‌റ്റേഴ്‌സും. കളിയിൽ വിജയിക്കുന്നവർ സെമിയിൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റിയുമായി ഏറ്റുമുട്ടും.
ലീഗ് ഘട്ടത്തിൽ രണ്ടു തവണയാണ് ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരുവും ഏറ്റുമുട്ടിയത്. കൊച്ചിയിൽ 3-2ന് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചപ്പോൾ എവേ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബംഗളൂരു വിജയിച്ചു. തുടർച്ചയായ എട്ടു മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ബംഗളൂരു പ്ലേ ഓഫിന് യോഗ്യത നേടിയത്. എന്നാൽ കഴിഞ്ഞ എട്ടു മത്സരങ്ങളിൽ ആറിലും തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വരവ്.