നെയ്മറിന് പിന്നാലെ യാസിൻ ബോനോവോയും; സൗദിയിലേക്ക് ഇനിയും വരുന്നു താരങ്ങൾ...

റയൽമാഡ്രിഡും ബയേൺ മ്യൂണിച്ചും മൊറോക്കൻ ഗോൾകീപ്പർ യാസിനായി രംഗത്തുണ്ടായിരുന്നു

Update: 2023-08-17 08:00 GMT
Editor : rishad | By : Web Desk
Advertising

റിയാദ്: നെയ്മറിന് പിന്നാലെ മൊറോക്കോയുടെ ഗോൾകീപ്പർ യാസിൻ ബോനോയെയും സ്വന്തമാക്കി സൗദി ക്ലബ്ബ്. നെയ്മറിനെ സ്വന്തമാക്കിയ അൽ ഹിലാൽ തന്നെയാണ് യാസിനെയും ടീമിൽ എത്തിച്ചത്. നെയ്മറിന് ശേഷം ഹിലാൽ സ്വന്തമാക്കുന്ന വലിയ സൈനിങുകളിലൊന്നാണിത്. സ്‌പെയിൻ ക്ലബ്ബ് സെവിയ്യയിൽ നിന്നാണ് യാസിൻ എത്തുന്നത്.

ഏകദേശം 21 മില്യൺ യൂറോയുടെ(190 കോടി) ഡീലിൽ സെവിയ്യയും ഹിലാലും തമ്മിൽ ധാരണയായെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ മെഡിക്കൽ ചെക്കപ്പിനുള്ള തിയതി വരെ ബുക്ക് ആയിട്ടുണ്ടെന്നാണ് ഫുട്‌ബോൾ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്യുന്നത്. അതേസമയം സെർബിയൻ ഫുട്‌ബോൾ താരം അലക്‌സാണ്ടർ മിട്രോവിച്ചിനെയാണ് അൽ ഹിലാൽ അടുത്തതായി നോട്ടമിടുന്നത്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ഫുൾഹാം എഫ്.സിയുടെ താരമാണ് മിട്രോവിച്ച്. ഫുൾഹാമിനായി 206 മത്സരങ്ങളിൽ നിന്ന് 111 ഗോളുകൾ നേടിയ താരം ഉജ്വല ഫോമിലാണ്.

കഴിഞ്ഞ സീസണിൽ മാത്രം പതിനാല് പ്രീമിയർ ലീഗ് ഗോളുകളാണ് താരം നേടിയത്. മിട്രോവിച്ചുമായി ബന്ധപ്പെട്ട കരാർ അന്തിമ ഘട്ടത്തിലാണെന്നും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് അറിയുന്നത്. നേരത്തെ ഒരു കരാര്‍ ഹിലാൽ മുന്നോട്ടുവെച്ചെങ്കിൽ ഫുൾഹാമിന് താത്പര്യമില്ലായിരുന്നു. എന്നാൽ നെയ്മറെ ഹിലാൽ ടീമിൽ എത്തിച്ചതോടെ മുന്നേറ്റ നിരക്ക് ഊർജം പകരാൻ ഒരാൾ കൂടി വേണമെന്ന നിർബന്ധമാണ് മിഡ്രോവിച്ചിന്റെ പിന്നാലെ ശക്തമായി കൂടാൻ കാരണം. കരാര്‍ എത്രയെന്ന് ഇപ്പോള്‍ വ്യക്തമല്ല.

അതേസമയം സെവിയ്യിൽ 2025 വരെ യാസിന് കരാർ ഉണ്ട്. എന്നാൽ ഖത്തർ ലോകകപ്പിലെ തകർപ്പൻ പ്രകടനം താരത്തിന്റെ മൂല്യം ഉയർത്തുകയായിരുന്നു. ഖത്തർ ലോകകപ്പിന് പിന്നാലെ റയൽ മാഡ്രിഡും ബയേൺ മ്യണിച്ചും താരത്തെ നോട്ടമിട്ടിരുന്നു. അവിടെ നിന്നാണ് പണം കൊടുത്ത് യാസിനെ അൽ ഹിലാൽ പോക്കറ്റിലാക്കുന്നത്. മൂന്ന് വർഷമാകും ഹിലാലിലെ യാസിന്റെ സേവനം.

അതേസമയം അല്‍ നസ്റിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തന്റെ സൗദി പ്രവേശത്തിലേക്ക് നയിച്ചതെന്ന് സൂപ്പർ താരം നെയ്മർ വ്യക്തമാക്കുകയുണ്ടായി. ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ തുടങ്ങിയ 'ട്രെൻഡ്' ഇപ്പോഴും അടങ്ങിയിട്ടില്ല. ഈ മാസം അവസാനിക്കുന്ന ട്രാൻസ്ഫര്‍ വിന്‍ഡോയോടെ കൂടുതൽ താരങ്ങൾ സൗദിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News