മോറീന്യോ പോര്‍ട്ടോയെ ചാമ്പ്യന്‍സ് ലീഗ് അടിപ്പിച്ച കഥ

ഒറ്റ സീസണ്‍ കൊണ്ട് ജോസേ തന്‍റെ ക്ലാസ് എന്താണെന്ന് യൂറോപ്പ്യന്‍ ഫുട്ബോളിന് കാണിച്ച് കൊടുത്തു. മോറീന്യോക്ക് കീഴില്‍ രാജകീയമായിരുന്നു പോര്‍ട്ടോയുടെ കംബാക്ക്

Update: 2024-09-20 11:14 GMT

jose mourinho

Advertising

'ഒരൊറ്റ കളിക്കാരന് വേണ്ടി 20- മുതൽ 40 മില്യൺ യൂറോ വരെ ചെലവിടാൻ ശേഷിയുള്ള യൂറോപ്പിലെ വമ്പൻ സ്രാവുകൾ അടക്കി വാഴുന്ന ചാമ്പ്യൻസ് ലീഗിൽ എഫ്.സി പോർട്ടോയെ പോലൊരു ക്ലബ്ബ് കിരീടമണിയും എന്നു പറഞ്ഞാൽ അത് അതിശയോക്തിയായിപ്പോവും. അത് കൊണ്ട് നോക്കൌട്ട് സ്റ്റേജിലേക്ക് മാര്‍ച്ച് ചെയ്യുന്നതിനെക്കുറിച്ച  ആലോചനകള്‍ മാത്രമേ ഇപ്പോള്‍ എനിക്ക് മുന്നിലുള്ളൂ''. -2003 -2004 ചാമ്പ്യന്‍സ് ലീഗ് ക്യാമ്പയിന്‍ ആരംഭിക്കും മുമ്പ് എഫ്.സി പോര്‍ട്ടോയുടെ പരിശീലകന്‍ ജോസേ മോറീന്യോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനസ്സ് തുറക്കുകയായിരുന്നു. 

പോർച്ചുഗീസ് ലീഗിൽ തുടർച്ചയായ അഞ്ച് കിരീടനേട്ടങ്ങള്‍. പിന്നെ കിരീടമില്ലാത്ത മൂന്നാണ്ട് കാലം. വര്‍ഷം 2002 , എഫ്.സി പോര്‍ട്ടോയുടെ സ്റ്റേഡിയത്തിലെ ഗാലറി സ്റ്റാന്‍റുകള്‍ ആളൊഴിഞ്ഞു കിടന്നു. സ്റ്റേഡിയത്തിലെ ആവറേജ് അറ്റന്‍റന്‍സ് അപ്പോള്‍ പതിനായിരമാണ്. യൂറോപ്പില്‍ അവിസ്മരണായൊരു പ്രതാഭ കാലമുണ്ടായിരുന്ന ക്ലബ്ബ് പതിയെ വിസ്മൃതിയിലേക്ക് മറഞ്ഞ് തുടങ്ങുകയാണോ എന്ന് പോലും ആരാധകര്‍ സംശയിച്ചു. 

മൂന്ന് വര്‍ഷം കിരീടമൊഴിഞ്ഞ് കിടന്ന ഷെല്‍ഫ്. തോൽവികൾ തുടർക്കഥയായപ്പോൾ കോച്ചിനെ മാറ്റാനുള്ള മുറവിളികൾ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ടായിരുന്നു. പോര്‍ട്ടോ  ആരാധകരുടെ മനസ്സിൽ അപ്പോള്‍ യൂറോപ്പ്യൻ ഫുട്‌ബോളിലെ പല ചാണക്യന്മാരുടേയും പേരുകൾ തെളിഞ്ഞു വന്നു. റൂമറുകള്‍ പലതും അന്തരീക്ഷത്തിലുണ്ടായിരുന്നു. എന്നാല്‍ സകലരുടേയും പ്രതീക്ഷകളും തകര്‍ത്ത്  ക്ലബ്ബ് അന്ന് കൂടാരത്തിലെത്തിച്ചത് ഫുട്‌ബോൾ ലോകത്ത് അധികമാരും കേട്ട് പരിജയമില്ലാത്തൊരു പേരാണ്. ജോസേ മരിയോ ഡോസ് സാന്റോസ്. പോർച്ചുഗലിലെ കുഞ്ഞൻ ക്ലബ്ബുകളിലൊന്നായിരുന്ന യുനിയോ ഡി ലീരിയയുടെ പരിശീലകനായിരുന്നു അന്ന് മോറീന്യോ. 2000 ൽ പോർച്ചുഗീസ് വമ്പന്മാരായ ബെൻഫിക്കയെ പരിശീലിപ്പിച്ചതൊഴിച്ചാൽ ഓർമിക്കാൻ മാത്രം വലിയൊരു മാനേജീരിയൽ കരിയർ പോലും അയാള്‍ക്കുണ്ടായിരുന്നില്ല. ഇതിഹാസ പരിശീലകരായ ലൂയി വാൻഗാലിന്റേയും ബോബി റോബ്‌സന്റേയും  അസിസ്റ്റന്‍റായിരുന്നു എന്നത് മാത്രമാണ് അയാളെ കുറിച്ച് ആരാധകര്‍ക്ക് അന്ന് അറിയാമായിരുന്ന ഏക കാര്യം. 

എന്നാല്‍ ഒറ്റ സീസണ്‍ കൊണ്ട് അയാള്‍ തന്‍റെ ക്ലാസ് എന്താണെന്ന് യൂറോപ്പ്യന്‍ ഫുട്ബോളിന് കാണിച്ച് കൊടുത്തു. മോറീന്യോക്ക് കീഴില്‍ രാജകീയമായിരുന്നു പോര്‍ട്ടോയുടെ കംബാക്ക്. റിക്കാർഡോ കാർവാലോ, ഫ്രാൻസിസ്‌കോ കോസ്റ്റ, ഡെക്കോ, ദിമിത്രി അലെനിച്ചേവ്, വിറ്റർ ബായിയ.. പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത പോര്‍ട്ടോയില്‍ കളിക്കാരല്ല പ്രശ്നക്കാര്‍ എന്ന് ജോസേ തിരിച്ചറിഞ്ഞു. ചാള്‍ട്ടന്‍ അത്ലറ്റിക്കിലേക്ക് ലോണില്‍ പോയ ക്യാപ്റ്റന്‍ ജോര്‍ജേ കോസ്റ്റയെ അയാള്‍ ആറ് മാസത്തിനകം തിരികെ വിളിച്ചു. ട്രാൻസ്ഫർ മാർക്കറ്റിൽ പണമെറിഞ്ഞ് യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും താരങ്ങളെ വാങ്ങിക്കൂട്ടുമ്പോൾ  തന്റെ ആവനാഴിയിലെ അസ്ത്രങ്ങളെ രാഗി മിനുക്കിയെടുക്കുകയായിരുന്നു മോറിന്യോ. 

 പോര്‍ട്ടോയിലെത്തുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്  ഡി ലീരിയയിലായിരിക്കേ മോറീന്യോ തന്റെ കളിക്കാർക്ക് മുന്നിൽ ഒരു ഓഫർ വച്ചു. '' ക്ലബ്ബിനായി നിങ്ങൾ വിസ്മയപ്രകടനങ്ങള്‍ നടത്തിയാല്‍  പോർച്ചുഗലിലെ ഏറ്റവും വലിയ മൂന്ന് ക്ലബ്ബുകളില്‍ ഒന്ന് സമീപ ഭാവിയിൽ തന്നെ എന്നെ റാഞ്ചും. എനിക്കൊപ്പം തെളിയാൻ പോവുന്നത് നിങ്ങളുടെ തലവര കൂടിയാണ്. നിങ്ങളിൽ പലരും അന്നെന്റെ സ്‌ക്വാഡിലുണ്ടാവും. 2002 ൽ പോർട്ടോ മോറീന്യോയെ കൂടാരത്തിലെത്തിച്ച ഉടന്‍ അയാള്‍ വാക്ക് പാലിച്ചു. ജോസേയുടെ പഴയ സംഘത്തിലെ പടക്കുതിരകളായ ലെഫ്റ്റ് ബാക് നൂനോ വാലന്‍റേയും, സെൻട്രൽ മിഡ്ഫീൽഡർ തിയാഗോയും,  ഫോർവേർഡ് ഡെറേലിയും പോര്‍ട്ടോ സ്ക്വാഡിലെത്തി. 

2002 - 2003  സീസണ്‍  പോര്‍ട്ടോയുടെ പരിവര്‍ത്തന കാലമായിരുന്നു. ജോസേ ടീമിനെ അടിമുടി ഉടച്ച് വാർത്തു. ആദ്യ സീസണില്‍ തന്നെ ബെന്‍ഫിക്കയുമായി 11 പോയിന്‍റ് വ്യത്യാസത്തില്‍ പോര്‍ട്ടോ ലീഗ് കിരീടമണിഞ്ഞു.  അതേ സീസണിൽ യുവേഫ കപ്പ് അടക്കം ട്രബിള്‍ കിരീട നേട്ടമാണ് ടീമിനെ തേടിയെത്തിയത്. ജോസേ മോറീന്യോ എന്ന പേര് ഫുട്ബോള്‍ ലോകത്തിന്‍റെ ചര്‍ച്ചകളില്‍ നിറഞ്ഞ് തുടങ്ങി. അക്കാലത്ത്  പി.എസ്.ജി മോറീന്യോയെ ടീമിലെത്തിക്കാന്‍ ഒരു വിഫലശ്രമം നടത്തി നോക്കി. എന്നാല്‍  ഫ്രഞ്ച് വമ്പന്മാരുടെ വലിയ ഓഫർ നിരസിച്ച ജോസേ തനിക്ക് പോര്‍ട്ടോയില്‍ ഇനിയും ചിലത് കൂടി ചെയ്യാന്‍ ബാക്കിയുണ്ടെന്ന് പറയാതെ പറഞ്ഞ് വച്ചു. തൊട്ടടുത്ത വര്‍ഷം രണ്ട് വലിയ തോല്‍വികള്‍ കൊണ്ടാണ് പോര്‍ട്ടോ സീസണാരംഭിച്ചത്.   യുവേഫ സൂപ്പർ കപ്പ് എ.സി മിലാന് മുന്നിലും  പോർച്ചുഗീസ് സൂപ്പർ കപ്പ് ബെന്‍ഫിക്കക്ക് മുന്നിലും ടീം അടിയറ വച്ചു. 

ചാമ്പ്യന്‍സ് ലീഗിന്‍റെ വലിയ വേദി ഇക്കുറി പോര്‍ട്ടോയെ കാത്ത് മുന്നിലുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ആ തോല്‍വികള്‍ ടീമിന് വലിയ ആഘാതമുണ്ടാക്കി.  റയൽ മാഡ്രിഡിൽ ഗലാറ്റിക്കോ യുഗം ആരംഭിച്ച കാലമാണത്. സിദാനും ബെക്കാമും ഫിഗോയുമൊക്കെ യൂറോപ്പിലെ മൈതാനങ്ങളിൽ തീപടർത്തുന്ന കാലം. ചാമ്പ്യൻസ് ലീഗിൽ റയൽ അടങ്ങിയ ഗ്രൂപ്പിലായിരുന്നു മോറീന്യോയുടെ സംഘം ഉണ്ടായിരുന്നത്.  ഒളിമ്പിക് മാർസേ, പാർട്ടിസൻ ബെൽഗ്രേഡുമായിരുന്നു ഗ്രൂപ്പിലെ മറ്റു ക്ലബ്ബുകള്‍. ഗ്രൂപ്പ് ഘട്ടത്തില്‍  റയലിനോട് പരാജയപ്പെട്ടെങ്കിലും മറ്റു കളികള്‍ വിജയിച്ച പോര്‍ട്ടോ പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. മോറീന്യോയെ അഭിപ്രായത്തില്‍ അത് തന്നെ വലിയ നേട്ടമായിരുന്നു. 

പ്രീക്വാർട്ടറിൽ സര്‍ അലക്‌സ് ഫെർഗൂസന്റെ സാക്ഷാല്‍  മാഞ്ചസ്റ്റർ യുണൈറ്റഡാണ് മോറീന്യോയെ കാത്തിരുന്നത്.  പോർട്ടോയുടെ പുതിയ തട്ടകമായ എസ്റ്റാഡിയോ ഡ്രഗാവോയിലെ ആദ്യ യൂറോപ്പ്യൻ ചാമ്പ്യൻ ഷിപ്പ് പോരാട്ടം. കളിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം  രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് മോറീന്യോയുടെ കുട്ടികള്‍ ആ കളിപിടിച്ചു. പോര്‍ട്ടോയുടെ രണ്ട് ഗോളുകളും വന്നത് ബെന്നെ മക്കാർത്തേയുടെ ബൂട്ടിൽ നിന്നായിരുന്നു. ആ സീസണിൽ ജോസേ നടത്തിയ ഏക മേജർ സൈനിങ് മക്കാര്‍ത്തേയുടേതായിരുന്നു . മുന്‍ സീസണില്‍ ക്ലബ്ബ് വിട്ട് പോയ ഹെൽഡർ പോസ്റ്റിഗക്ക് പകരക്കാരനെ തേടിയ മോറീന്യോക്ക് ലഭിച്ച വജ്രായുധിമായിരുന്നു മക്കാര്‍ത്തേ. 

രണ്ടാം പാദത്തില്‍ ഓൾഡ് ട്രാഫോഡിൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പോർട്ടോ ഡിഫൻസീവ് ഫുട്‌ബോൾ കളിച്ച് കളി സമനിലയിലാക്കി ക്വാർട്ടറിൽ കയറിക്കൂടുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ മൊറീന്യോയുടെ ചിന്തകൾ വ്യത്യസ്തമായിരുന്നു. അന്ന് അറ്റാക്കിങ് ഫുട്‌ബോളിനെ കുറിച്ച് മാത്രമാണ് അയാൾ ചിന്തിച്ചത്. യുണൈറ്റഡിന്റെ മുന്നേറ്റങ്ങളെ തന്റെ കുട്ടികൾക്ക് കോട്ടകെട്ടിക്കാക്കാൻ കഴിയുമോ എന്നയാള്‍ സംശയിച്ചു. അത് കൊണ്ട് തന്നെ ഗോൾവഴങ്ങിയാൽ തിരിച്ചടിക്കാതെ മൈതാനത്ത് നിന്ന് കയറരുതെന്ന നിലപാടിലായിരുന്നു ജോസേ. മത്സരത്തിന്റെ പലഘട്ടങ്ങളിലും പോർട്ടോ മുന്നേറ്റ നിര യുണൈറ്റഡ് ഹാഫില്‍ അപകടം വിതച്ച് കൊണ്ടിരുന്നു.

പോൾ സ്‌കോൾസിന്റെ ഗോളിൽ ആദ്യം മുന്നിലെത്തിയ യുണൈറ്റഡിന് എവേ ഗോളിന്റെ അഡ്വാന്റേജ് കൂടിയായതോടെ പ്രീക്വാർട്ടറിലേക്കുള്ള വഴിതുറന്നു. അധികം വൈകാതെ തന്നെ സ്‌കോൾസ് ഒരിക്കൽ കൂടി വലകുലുക്കി. എന്നാൽ ലൈൻസ്മാന്റെ തെറ്റായ തീരുമാനത്തിൽ ഗോൾ നിഷേധിക്കപ്പെട്ടു. ഒടുവില്‍ ഓള്‍ഡ് ട്രാഫോഡിനെ നിശബ്ദമാക്കി 90ാം മിനിറ്റിൽ കോസ്റ്റയിലൂടെ പോർട്ടോ ഗോൾമടക്കി. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ 3-2 ന്റെ അഗ്രിഗേറ്റിൽ പോർട്ടോ ക്വാർട്ടറിലേക്ക്. ഇരുപാദങ്ങളിലുമായി മൈതാനത്തിന് പുറത്ത് അരങ്ങേറിയ മോറീന്യോ-ഫെര്‍ഗൂസന്‍ വാഗ്വാദങ്ങള്‍ കൊണ്ട് ആ മത്സരം പിന്നീട് ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായി. 

അത്ഭുതങ്ങളുടെയും അട്ടിമറികളുടേയും ചാമ്പ്യൻസ് ലീഗായിരുന്നു അത്.  യൂറോപ്പിലെ ഏറ്റവും വലിയ സ്‌ക്വാഡുമായി ചാമ്പ്യന്‍സ് ലീഗിനെത്തിയ  റയലിനെയും ഒപ്പം ചെൽസിയേയും ഒക്കെ കെട്ടുകെട്ടിച്ച് കലാശപ്പോരിന് ടിക്കറ്റെടുത്ത മൊണോക്കോയുടെ അതിശയക്കുതിപ്പായിരുന്നു അതിൽ ഒന്ന്. മറ്റൊന്ന് ഒരാളും കണക്കിൽ പെടുത്തിയിട്ടില്ലാത്ത സ്പാനിഷ് ക്ലബ്ബ് ഡിപ്പോർട്ടീവോയുടെ പടയോട്ടം. യൂറോപ്പ്യൻ ഫുട്‌ബോളിലെ വമ്പന്മാരെ പലരേയും കടപുഴക്കിയ ആ പടയോട്ടം സെമിയിൽ ചെന്നാണവസാനിച്ചത്. അതിനേക്കാളൊക്കെ വലിയ അത്ഭുതമാണ് മോറീന്യോയുടെ കളിക്കൂട്ടം പിന്നീട് സൃഷ്ടിച്ചത്.

ക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ്ബായ ലിയോണായിരുന്നു പോർട്ടോയുടെ എതിരാളികൾ. ആദ്യ പാദം എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ച ജോസേയുടെ സംഘം രണ്ടാം പാദത്തിൽ സമനിലയുമായി സെമിയിലേക്ക് മുന്നേറി. ആ സീസണിലെ കറുത്ത കുതിരകളായ ഡിപ്പോർട്ടീവോയായിരുന്നു സെമിയിൽ പോർട്ടോയുടെ എതിരാളികൾ. ആദ്യ പാദത്തിൽ ബസ് പാർക്കിങ്ങ് നടത്തി കളി സമനിലയാലിക്കിയ ഡിപ്പോർട്ടീവോയെ രണ്ടാം പാദത്തിൽ പോർട്ടോ വീഴ്ത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജോസേ കളിപിടിച്ചത്. ഡെർലേയുടെ വെടിയുണ്ട ഡിപ്പോർട്ടീവോയുടെ അതിശയ കുതിപ്പിന് ഫുൾ സ്റ്റോപ്പിട്ടു. കലാശപ്പോരില്‍ മോറീന്യോയെ കാത്തിരുന്നത് മൊണോക്കോ. 

നേരത്തേ  ചെൽസി- മൊണോക്കോ സെമി പോരാട്ടം കാണാന്‍  മൊറീന്യോ ലണ്ടനിലെത്തിയിരുന്നു.  സ്റ്റാംഫോർഡ് ബ്രിഡ്ജ് ഗാലറിയിലിരിക്കുമ്പോൾ ചെൽസിയുടെ പരാജയം മാത്രമായിരുന്നു ജോസേയുടെ മനസിൽ നിറയേ. കലാശപ്പോരില്‍ നേരിടാന്‍ ചെല്‍സിയെക്കാള്‍ എന്ത് കൊണ്ടും നല്ലത് മൊണോക്കോയാണെന്ന് അയാള്‍ക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. ഒടുവില്‍ അയാളുടെ കണക്കു കൂട്ടലുകള്‍ വിജയിച്ചു. ഇരുപാദങ്ങളിലായി ചെല്‍സിയെ 5  -3 ന്  തകര്‍ത്ത് മൊണോക്കോ ഫൈനലിന് ടിക്കറ്റെടുത്തു.  

2004 മെയ് 26 . ജര്‍മനിയിലെ വെല്‍റ്റിന്‍സ് അരീന കലാശപ്പോരിനായി ഒരുങ്ങി നിന്നു. രണ്ട് മികച്ച ക്ലബ്ബുകളുടെ പോരാട്ടം എന്നതിലുപരി ഫുട്ബോള്‍ ലോകത്ത് പില്‍ക്കാലത്ത് ഇതിഹാസങ്ങളായി തീര്‍ന്ന രണ്ട് പരിശീലകരുടെ ബാറ്റില്‍ കൂടിയായിരുന്നു അത്.  2018 ല്‍ ഫ്രാന്‍സിനെ വിശ്വ കിരീടത്തിലേക്ക് വരെ നയിച്ച ദിദിയര്‍ ദഷാംസായിരുന്നു അന്ന് മൊണോക്കോയുടെ പരിശീലകന്‍. ലോസ് ബ്ലാങ്കോസിനെയും ചെല്‍സിയെയുമൊക്കെ തകര്‍ത്തെറിഞ്ഞ ദഷാംസിന്‍റെ സംഘം അതിനോടകം ടൂര്‍ണമെന്‍റിലെ ഹോട്ട് ഫേവറേറ്റുകളായി മാറിക്കഴിഞ്ഞിരുന്നു. എന്നാല്‍ കലാശപ്പോര് ഒരു ഏകപക്ഷീയ മായ ഫലത്തില്‍ ചെന്നാണ് അവസാനിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മോറീന്യോയുടെ കുട്ടികള്‍ മൊണോക്കോയെ വെല്‍റ്റിന്‍സ് അരീനയില്‍  നിലംപരിശാക്കി. ദഷാംസ് - ജോസേ  ടാക്റ്റിക്കൽ ബാറ്റിലില്‍ മോറിന്യോ മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളൂ. അങ്ങനെ 1987 ന് ശേഷം  പോര്‍ട്ടോ ആദ്യമായി യൂറോപ്പ്യന്‍ ഫുട്ബോളിന്‍റെ കനകസിംഹാസനമേറി. ഫുട്ബോള്‍ ലോകത്ത് അന്ന് മോറീന്യോ യുഗത്തിന് തിരശീല ഉയരുകയായിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News