ഷൂട്ടൗട്ടിൽ ബെംഗളൂരു വീണു; എ.ടി.കെ മോഹന്‍ ബഗാന്‍ ഐ.എസ്.എല്‍ ചാമ്പ്യന്മാര്‍
ബെഗളൂരു രണ്ട് പെനാല്‍ട്ടികള്‍ പാഴാക്കി
മഡ്‍ഗാവ്: ആദ്യാവസാനം ആവേശം അലയടിച്ച കലാശപ്പോരില്‍ ഷൂട്ടൗട്ടിൽ ബെംഗളൂരുവിനെ വീഴ്ത്തി ഐ.എസ്.എൽ കിരീടത്തില്‍ എ.ടി.കെ മോഹന്‍ ബഗാന്‍റെ മുത്തം. നിശ്ചിത സമയത്തും അധിക സമയത്തും സമനിലയില്‍ പിരിഞ്ഞ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിന് വഴിമാറുകയായിരുന്നു. ബെഗളൂരു രണ്ട് പെനാല്‍ട്ടികള്‍ പാഴാക്കിയതോടെ കിരീടത്തില്‍ എ.ടി.കെ മുത്തമിട്ടു. മത്സരത്തില്‍ എ.ടി.കെ ക്കായി ദിമിത്രി പെട്രാടോസ് രണ്ട് തവണ വലകുലുക്കി.
കലാശപ്പോര് ആരംഭിച്ച് നാല് മിനിറ്റ് പിന്നിടും മുമ്പേ ബെംഗളൂരു താരം ശിവശക്തി നാരായണൻ പരിക്കേറ്റതിനെ തുടർന്നു കളം വിട്ടു. ഇതിനെ തുടർന്ന് സുനിൽ ഛേത്രിയെ കോച്ചിന് നേരത്തേ തന്നെ കളത്തിലിറക്കേണ്ടി വന്നു. മത്സരത്തിന്റെ 14ാം മിനിറ്റില്‍ എ.ടി.കെ യാണ് ആദ്യം മുന്നിലെത്തിയത്. കോർണർ കിക്ക് ക്ലിയർ ചെയ്യുന്നതിനായി ഉയർന്ന് പൊങ്ങുന്നതിനിടെ ബെംഗളൂരു താരം റോയ് കൃഷ്ണയുടെ കയ്യിൽ പന്ത് കൊണ്ടതിനെ തുടർന്ന് റഫറി പെനാൽട്ടി വിധിക്കുകയായിരുന്നു. ദിമിത്രി പെട്രാടോസ് വലകുലുക്കി. ആദ്യ പകുതി അവസാനിക്കാൻ സെക്കന്റുകൽ മാത്രം ബാക്കി നിൽക്കേ റോയ് കൃഷ്ണയെ പെനാൽട്ടി ബോക്‌സിൽ വീഴ്ത്തിയതിന് റഫറി പെനാൽട്ടി വിധിച്ചു. ഛേത്രി പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയില്‍ ബെംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. മത്സരത്തിന്റെ 78ാം മിനിറ്റിൽ ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച കോർണർ കിക്ക് പെനാൽട്ടി ബോക്‌സിൽ ഉയർന്ന് പൊങ്ങി മനോഹരമായൊരു ഹെഡ്ഡറിലൂടെ റോയ് കൃഷ്ണ വലയിലാക്കി. എന്നാല്‍ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ മത്സരത്തിന്റെ 85ാം മിനിറ്റിൽ മൻവീർ സിങ്ങിനെ പെനാൽട്ടി ബോക്‌സിന് അകത്ത് വീഴ്ത്തിയതിന് കിട്ടിയ പെനാൽട്ടി ദിമിത്രി വലയിലാക്കി കളി സമനിലയിലാക്കി. പിന്നീട് അത്‌ലറ്റിക്കോക്ക് അനുകൂലമായി നിരവധി സുവർണാസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍വലകുലുക്കാന്‍ ആവാതിരുന്നതോടെയാണ് കളി ഷൂട്ടൗട്ടിന് വഴിമാറിയത്.