കേരള ഒളിമ്പിക് ഗെയിംസ്; മെഡൽ വേട്ടയിൽ തിരുവനന്തപുരം ഒന്നാമത്
അഞ്ച് സ്വർണവുമായി മലപ്പുറം രണ്ടാമതും മൂന്ന് സ്വർണവുമായി എറണാകുളം മൂന്നാം സ്ഥാനത്തുമാണ്
തിരുവനന്തപുരം: പ്രഥമ കേരളാ ഒളിമ്പിക് ഗെയിംസ് ഏഴാം നാളിലേക്ക് കടക്കുമ്പോള്‍ മെഡല്‍ വേട്ടയില്‍ തിരുവനന്തപുരത്തിന്‍റെ മുന്നേറ്റം തുടരുന്നു. പതിനാറ് സ്വര്‍ണമടക്കം 25 മെഡലുകളോടെ ഒന്നാം സ്ഥാനത്താണ് തലസ്ഥാന ജില്ല. അഞ്ച് സ്വര്‍ണമുള്ള മലപ്പുറം രണ്ടാമതും മൂന്ന് സ്വര്‍ണമുള്ള എറണാകുളം മൂന്നാം സ്ഥാനത്തുമുണ്ട്. കോട്ടയം ജില്ലയാണ് ഏറ്റവും പിന്നില്‍.
മത്സരിക്കുന്ന ഓരോ ഇവന്‍റിലും തലസ്ഥാന ജില്ലയിലെ കുട്ടികള്‍ക്ക് മെഡലുണ്ട്. ബോക്സിങ്ങിലും ഖോഖോയിലും തിരുവനന്തപുരം സ്വര്‍ണം നേടി. പുരുഷ- വനിതാ ബോക്സിങ്ങില്‍ തിരുവനന്തപുരമാണ് ഓവറോള്‍ ജേതാക്കള്‍. പുരുഷ വിഭാഗം ഖോഖയില്‍ മലപ്പുറത്തോട് ഇഞ്ചോടിഞ്ച് മത്സരം പുറത്തെടുത്തെങ്കിലും വെള്ളിയില്‍ ഒതുങ്ങി. തായ്‌ക്കോണ്ടോയില്‍ തിരുവനന്തപുരം മുന്നേറ്റം കാഴ്ചവെച്ചപ്പോള്‍ ബാഡ്മിന്‍റണില്‍ കോഴിക്കോട് ജേതാക്കളായി. എറണാകുളം രണ്ടാമതെത്തി.