മെഷീൻ ഇനിയും ഓണായിട്ടില്ല;വിരാട് കോഹ്‌ലി ഇന്നും പരാജയം
കോഹ്‌ലിക്ക് നഷ്ടമായ ആത്മവിശ്വാസവും കോഹ്‌ലിയുടെ മേലിൽ ആരാധകർക്കുണ്ടായ വിശ്വാസവും തിരിച്ചുപിടിക്കാൻ കോഹ്‌ലിയിൽ നിന്ന് മികച്ചൊരു ഇന്നിങ്‌സാണ് ക്രീസ് ആവശ്യപ്പെടുന്നത്.
മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ മോശം ഫോം തുടരുന്നു. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിലെ പരാജയത്തിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ രണ്ട് ട്വന്റി-20 കളിലും കോഹ്‌ലിക്ക് ഫോം കണ്ടെത്താനായില്ല. ഇന്നലെ രണ്ടാം ട്വന്റി-20 യിൽ ഒരു റൺസിന് പുറത്തായ മുൻ നായകന് ഇന്ന് നേടാനായത് 6 പന്തിൽ 11 റൺസായിരുന്നു. വില്ലി എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്ത് ഫോറും തൊട്ടടുത്ത പന്തിൽ സിക്‌സറും പറത്തി കോഹ്‌ലി തിരിച്ചുവരവിന്റെ സൂചന കാണിച്ച കോഹ്‌ലി തൊട്ടടുത്ത പന്തിലും സ്റ്റെപ്പ് ഔട്ട് ചെയ്തു ബൗണ്ടറി നേടാനുള്ള ശ്രമം പക്ഷേ പാളിപ്പോയി. മോശം കളിച്ച മോശം ഷോട്ട്, ഷോർട്ട് എക്‌സ്ട്രാ കവറിൽ ഫീൽഡ് ചെയ്യുകയായിരുന്ന റോയിയുടെ കൈയിൽ വിശ്രമിച്ചു.
216 എന്ന് വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുമ്പോൾ കൂടുതൽ പന്തിലും ബൗണ്ടറി നേടുക എന്ന തന്ത്രത്തിലൂന്നിയാണ് കോഹ്‌ലി ഇന്ന് കളിച്ചത് എന്ന ആശ്വാസം ബാക്കിയുണ്ടെങ്കിലും കോഹ്‌ലിക്ക് നഷ്ടമായ ആത്മവിശ്വാസവും കോഹ്‌ലിയുടെ മേലിൽ ആരാധകർക്കുണ്ടായ വിശ്വാസവും തിരിച്ചുപിടിക്കാൻ കോഹ്‌ലിയിൽ നിന്നും മികച്ചൊരു ഇന്നിങ്‌സാണ് ക്രീസ് ആവശ്യപ്പെടുന്നത്.
ഡേവിഡ് മലാന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിനെ 215 എന്ന കൂറ്റൻ സ്‌കോറിലെത്തിച്ചത്. 39 പന്തിൽ 77 റൺസാണ് മലൻ അടിച്ചുകൂട്ടിയത്. 5 സിക്‌സറുകളും 6 ബൗണ്ടറികളും അടങ്ങിയതായിരുന്നു ആ ഇന്നിങ്‌സ്. 29 പന്തിൽ 42 റൺസ് നേടിയ ലിവിങ്സ്റ്റണിന്റെ അപരാജിത പോരാട്ടവും ഇംഗ്ലണ്ടിന്റെ കുതിപ്പിന്റെ വേഗം കൂട്ടി. ഓപ്പണങിൽ ബട്‌ലറും (27) റോയിയും (18) പതിയെയാണ് തുടങ്ങിയത്. സാൾട്ട് (8), ഹാരി ബുക്ക് (19), ക്രിസ് ജോർദാൻ (11) എന്നിവരും ഇംഗ്ലണ്ടിന്റെ സ്‌കോർ കാർഡിൽ തങ്ങളുടെ പേര് എഴുതിച്ചേർത്തു. മൊയീൻ അലിക്ക് റൺസൊന്നും നേടാനായില്ല.
ഭുവനേശ്വർ കുമാർ പുറത്തിരുന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഹർഷൽ പട്ടേൽ, രവി ബിഷ്‌ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആവേശ് ഖാൻ, ഉമ്രാൻ മാലിക്ക് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.