എബാപ്പെ റീലോഡഡ്

കഴിഞ്ഞ ദിവസം വയ്യഡോളിഡിനെതിരെ റയല്‍ ജേഴ്സിയില്‍ തന്‍റെ ആദ്യ ഹാട്രിക്ക് കുറിച്ച എംബാപ്പെ പിച്ചിച്ചി ട്രോഫിക്കുള്ള പോരാട്ടത്തില്‍ ലെവന്‍റോവ്സ്കിക്ക് പിറകിലേക്ക് ഓടിയെത്തിയത് ശരവേഗത്തിലാണ്.

Update: 2025-01-28 09:51 GMT
എബാപ്പെ റീലോഡഡ്
AddThis Website Tools
Advertising

കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം, റോഡ്രിഗോ ഗോസ്.. ബെഞ്ചിൽ ബ്രഹീം ഡിയാസ്, ആർദ ഗുളർ, എൻഡ്രിക്ക്....  ഫ്‌ലോറന്റീനോ പെരസ് എന്ന ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ചാണക്യനായ പ്രസിഡന്‍റിന് ഇതിലും മികച്ചൊരു മുന്നേറ്റ നിരയെ കാർലോ ആഞ്ചലോട്ടിക്ക് സമ്മാനിക്കാനാവുമായിരുന്നില്ല. എംബാപ്പെ എന്ന വലിയ പേരില്ലാതെ തന്നെ കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗും ലാലിഗയുമൊക്കെ ബെർണബ്യൂ ഷെൽഫിലെത്തിച്ച റയൽ മാഡ്രിഡിന് അയാളുടെ വരവ് നൽകിയത് ഇരട്ടിയൂർജമാണ്. റയലിൽ ഗലാറ്റിക്കോ വിപ്ലവം തുടരാൻ പെരസ് തീരുമാനിച്ചുറപ്പിക്കുന്നു. പി.എസ്.ജി വിട്ട് എങ്ങോട്ടുമില്ലെന്ന് പലകുറി പ്രഖ്യാപിച്ച എംബാപ്പെയെ മാസങ്ങൾക്കുള്ളിൽ മാഡ്രിഡ് നഗരത്തിലെത്തിച്ചു പെരസ്. ബാഴ്‌സയിൽ നിറഞ്ഞു കളിക്കുന്ന കാലത്ത് ലൂയിസ് ഫിഗോയെ ആരും നിനച്ചിരിക്കാത്ത നേരത്ത് ബെർണബ്യൂവിലെത്തിച്ച പെരസിന്റെ നിഘണ്ഡുവിൽ അസാധ്യം എന്ന വാക്കിന് ഇടമില്ലായിരുന്നു.

എന്നാല്‍ കൊട്ടിഘോഷങ്ങളുമായി ബെര്‍ണബ്യൂവിന്‍റെ പടി ചവിട്ടിയ എംബാപ്പെ ലാലിഗയില്‍ ക്ലിക്കാവാന്‍ കുറച്ച്, അല്ല കുറച്ചധികം സമയമെടുത്തു. അതിനിടയില്‍ റയലിനുണ്ടായത് ചില്ലറ നഷ്ടങ്ങളൊന്നുമല്ല. ആദ്യ മൂന്ന് മത്സരങ്ങളില്‍ എംബാപ്പെയുടെ ബൂട്ടുകള്‍ നിറയൊഴിക്കാന്‍ മറന്നു. ആദ്യ നാല് കളികളില്‍ റയല്‍ വഴങ്ങിയത് രണ്ട് സമനിലകള്‍. വിനീഷ്യസും എംബാപ്പെയും ജൂഡ് ബെല്ലിങ്ഹാമും അണിനിരക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ താരസംഘം പലപ്പോഴും മൈതാനങ്ങളില്‍ കളിമറന്നു. ഒക്ടോബര്‍ 27 ന് ബെര്‍ണബ്യൂവിലിട്ട് ഹാന്‍സി ഫ്ലിക്കും സംഘവും റയല്‍ മാഡ്രിഡിനെ കശക്കിയെറിയുമ്പോള്‍ ബാഴ്സയൊരുക്കിയ ഓഫ് സൈഡ് ട്രാപ്പില്‍ എംബാപ്പെ കുരുങ്ങി വീണത് എട്ട് തവണ. വലകുലുക്കി ആഘോഷം തുടങ്ങിയ ശേഷം അത് ഗോളല്ലെന്ന് തിരിച്ചറിയുന്ന നിമിഷത്തിന് നീറുന്ന വേദനയാണല്ലോ. ഡിസ് അലോ ചെയ്യപ്പെട്ട ഗോളിന് എംബാപ്പെ നടത്തിയ ആഘോഷം പിന്നെ ആഘോഷമാക്കിയത് ബാഴ്സ ആരാധകരും ട്രോളന്മാരുമാണ്. അതിനിടെ അയാള്‍ പെനാല്‍ട്ടികള്‍ തുലക്കുന്ന കാഴ്ചകള്‍ക്കും ആരാധകര്‍ സാക്ഷിയായി. അതും ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെതിരായ നിര്‍ണായക മത്സരത്തിലടക്കം.  

ഡാനി കാര്‍വഹാലിന് പകരക്കാരനെ കണ്ടെത്താത്തത് മൂലം പിന്‍നിരയില്‍ ഇപ്പോഴും തുടരുന്ന പ്രതിസന്ധികള്‍. ടോണി ക്രൂസിനൊരു പെര്‍ഫെക്ട് റീപ്ലേസ്മെന്‍റിനെ കണ്ടെത്താനാവാത്തതിലെ ആദികള്‍. ആന്‍സലോട്ടിക്ക് എത്ര ച്യൂയിങ്കം ചവച്ചിട്ടും ബെര്‍ണബ്യൂവിലെ പ്രശ്നകലുഷിതമായ ഈ അന്തരീക്ഷത്തെ എങ്ങനെ മാറ്റിപ്പണിയണമെന്ന് അറിയുന്നുണ്ടായിരുന്നില്ല. അതിനിടെ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ബാഴ്സക്ക് മുന്നില്‍ ഒരിക്കല്‍ കൂടി നാണംകെട്ടു. ഇക്കുറി വീണത് അഞ്ചടിയില്‍. ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെങ്കിലും നിലവിലെ ചാമ്പ്യന്മാരുടെ സ്ഥാനം പോയിന്‍റ് പട്ടികയില്‍ 16 ആണ്. ആരാധകരെ സംബന്ധിച്ച് അതത്ര നല്ല കാഴ്ചയൊന്നുമല്ല. 

ഇതിന്‍റെയൊക്കെയിടയില്‍ ആഞ്ചലോട്ടിക്ക് ആശ്വസിക്കാന്‍ വകനല്‍കുന്ന ചില കാര്യമുണ്ട്. അതിലാദ്യത്തേത് ഫോം വീണ്ടെടുത്ത എംബാപ്പെയാണ്. കഴിഞ്ഞ ദിവസം വയ്യഡോളിഡിനെതിരെ റയല്‍ ജേഴ്സിയില്‍ തന്‍റെ ആദ്യ ഹാട്രിക്ക് കുറിച്ച എംബാപ്പെ പിച്ചിച്ചി ട്രോഫിക്കുള്ള പോരാട്ടത്തില്‍ ലെവന്‍റോവ്സ്കിക്ക് പിറകിലേക്ക് ഓടിയെത്തിയത് ശരവേഗത്തിലാണ്. ഇക്കുറി  ലാലിഗയിലും ചാമ്പ്യന്‍സ് ലീഗിലുമായി ഗോളടിച്ച് കൂട്ടുന്ന റഫീന്യക്കും മുകളിൽ 15 ഗോളുകളുമായി എംബാപ്പെ തന്‍റെ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. ലെവൻോവ്‌സ്‌കിയുമായുള്ള ഗോൾവ്യത്യാസം വെറും രണ്ട്. മുഴുവൻ കോംപറ്റീഷനുകളിലുമായി റയലിന്റെ തൂവെള്ളക്കുപ്പായത്തിൽ ഇക്കുറി അടിച്ച്‌ കൂട്ടിയത് 20 ലേറെ ഗോളുകള്‍. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മാത്രം വലകുലുക്കിയത് എട്ട് തവണ.

എംബാപ്പെയുടെ വരവിന് ശേഷവും വിനീഷ്യസിനെ ലെഫ്റ്റ് വിങ്ങില്‍ തന്നെ കളിപ്പിക്കാന്‍ തയ്യാറെടുത്ത ആഞ്ചലോട്ടി 4-3-3 ശൈലി മാറ്റിപ്പരീക്ഷിക്കാന്‍ സീസണിന്‍റെ തുടക്കത്തില്‍ തന്നെ തീരുമാനമെടുക്കുന്നു. സെന്‍ട്രല്‍ സ്ട്രൈക്കറുടെ റോളായിരുന്നു ആഞ്ചലോട്ടിയുടെ പുതിയ സിസ്റ്റത്തില്‍ എംബാപ്പേക്ക്. 4-2-3-1 ശൈലിയില്‍ എംബാപ്പെ പതിയെ കളംനിറയാനാരംഭിച്ചു.. ഏതു പൊസിഷനിലും കളിക്കാൻ ശേഷിയുള്ള താരമാണ് എംബാപ്പെ എന്നത് ആഞ്ചലോട്ടിക്ക് കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാക്കി. കളിക്കിടയില്‍ തന്നെ ഡ്രിഫ്റ്റുകള്‍ സംഭവിക്കുന്നത് ആരാധകര്‍ കണ്ടു. കോച്ചിന് ഏത് പൊസിഷനിലാണോ എന്നെ ആവശ്യം അവിടെ കളിക്കാൻ ഞാൻ ഒരുക്കമാണെന്നാണ് ബെർണബ്യൂവിൽ ആരാധകർക്ക് മുന്നിൽ തന്നെ അവതരിപ്പിക്കുന്ന വേളയിൽ എംബാപ്പെ പറഞ്ഞത്. മൊണോക്കോയിൽ റൈറ്റ് ഫോർവേർഡായാണ് എംബാപ്പെ ആദ്യം കളിച്ച് കൊണ്ടിരുന്നത്. പി.എസ്.ജി യിലും ഫ്രഞ്ച് നിരയിലും അയാളെ ഇടത് വിങ്ങിലാണ് അധികവും കണ്ടത്. റയലിലാവട്ടെ സെന്‍ട്രല്‍ സ്ട്രൈക്കറുടെ റോളില്‍ അയാള്‍ കളംനിറഞ്ഞ് തുടങ്ങിയിരിക്കുന്നു. 

സൂപ്പര്‍ താരങ്ങള്‍ തിങ്ങിനിറയുന്നൊരു ടീമില്‍ ഈഗോ ക്ലാഷുകള്‍ ഉടലെടുക്കാനിടയുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. എംബാപ്പെ ബെര്‍ണബ്യൂവിലെത്തും മുമ്പേ റയലിന്‍റെ ഡ്രസിങ് റൂമില്‍ അരങ്ങേറാന്‍ പോകുന്ന സംഘര്‍ഷങ്ങളെ കുറിച്ചും ഒരേ പൊസിഷനില്‍ കളിക്കുന്ന വിനീഷ്യസിനും എംബാപ്പെക്കും ഇടയില്‍ ഉടലെടുക്കാനിരിക്കുന്ന കലഹങ്ങളെക്കുറിച്ചുമൊക്കെ സ്പാനിഷ് മാധ്യമങ്ങള്‍ അച്ച് നിരത്തി തുടങ്ങിയിരുന്നു. അടുത്തിടെ പി.എസ്.ജിയിലുണ്ടായിരുന്ന കാലത്തെ ഒരനുഭവം പങ്കുവച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പറഞ്ഞത് മെസ്സി പി.എസ്.ജി യിലെത്തിയതോടെ എംബാപ്പെയുടെ സ്വഭാവമാകെ മാറിയെന്നാണ്. നെയ്മറും മെസ്സിയും തമ്മിലുണ്ടായിരുന്ന സൌഹൃദത്തില്‍ ഫ്രഞ്ച് താരത്തിന് അസൂയയുണെന്നായിരുന്നു നെയ്മറിന്‍റെ വെളിപ്പെടുത്തല്‍. നെയ്മറിനൊപ്പമുള്ള നല്ല കാലങ്ങളെ കുറിച്ചോര്‍ക്കാന്‍ മാത്രമാണ് തനിക്കിഷ്ടം എന്നായിരുന്നു നെയ്മറിന്‍റെ വെളിപ്പെടുത്തലുകളോടുള്ള എംബാപ്പെയുടെ പ്രതികരണം. എന്നാല്‍ റയലില്‍ കാര്യങ്ങള്‍ ഒക്കെ വ്യത്യസ്തമാണ്. 

വയ്യഡോളിഡിനെതിരായ എംബാപ്പെയുടെ ഹാട്രിക്കിന് ശേഷം വിനീഷ്യസ് ജൂനിയറിന്‍റെ പ്രതികരണത്തില്‍ എല്ലാമുണ്ട്. 'എംബാപ്പെയെ സീസണിലെ മുഴുവന്‍ കോംപറ്റീഷനുകളിലും ടോപ് സ്കോററാക്കുക എന്ന ദൗത്യമാണ്‌ എനിക്കും റോഡ്രിഗോക്കുമുള്ളത്. അയാള്‍ക്ക് പിറകില്‍ ഞങ്ങളെപ്പോഴുമുണ്ട്'. വയ്യഡോളിഡിനെതിരായ മത്സരത്തിന് ശേഷം എംബാപ്പെയുടെ പോസ്റ്റിന് താഴെ സഹതാരങ്ങളെഴുതിയ കമന്‍റുകള്‍ പലതും റയല്‍ ഡ്രസിങ് റൂമിലെ സംഘര്‍ഷ കഥകളെക്കുറിച്ചെഴുതി കോളങ്ങള്‍ നിറച്ചവര്‍ക്കുള്ള മറുപടിയാണ്.

ആഞ്ചലോട്ടിക്ക് പ്രതീക്ഷ നല്‍കുന്ന മറ്റൊരു പ്രകടനം സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഡാനി സെബയ്യോസിന്‍റേതാണ്. ടോണി ക്രൂസിന് പകരക്കാരനൊന്നുമാവില്ലെങ്കിലും മിഡ്ഫീല്‍ഡില്‍ കളം നിറഞ്ഞ് കളിക്കുന്ന  സെബയ്യോസ് ആരാധകരുടേയും ആഞ്ചലോട്ടിയുേടയും പ്രിയപ്പെട്ടവനാണിപ്പോള്‍. ആഞ്ചലോട്ടിയുടെ ഫസ്റ്റ് ഇലവനില്‍ സെബയ്യോസിനെ കാണുന്നത് കണ്‍കുളിര്‍മയുള്ള കാഴ്ചയാണെന്നാണ് ആരാധകരിപ്പോള്‍ പറയാറ്. വയ്യഡോളിളിനെതിരായ മത്സരത്തില്‍ സ്പാനിഷ് താരത്തിന്‍റെ പ്രകടനങ്ങളുടെ കണക്കുകള്‍ മാത്രം മതി ലോസ് ബ്ലാങ്കോസ് നിരയില്‍ അയാളെത്ര വലിയ ഇംപാക്ടുകളാണ് ഇപ്പോഴുണ്ടാക്കുന്നത് എന്ന് മനസിലാക്കാന്‍.  മത്സരത്തിൽ ആകെ 108 പാസുകളാണ് താരം പൂർത്തിയാക്കിയത്. അതിൽ 45 എണ്ണവും ഫൈനൽ തേഡിലായിരുന്നു. പലപ്പോഴും പിന്നിലേക്കിറങ്ങി വന്നയാൾ ഡിഫൻസിനെ അകമഴിഞ്ഞ് സഹായിക്കുന്നതും കണ്ടു. സമീപകാലത്ത് എല്ലാ മത്സരങ്ങളിലും റയല്‍ നിരയില്‍ ഇതിന് സമാനമാണ് സെബയ്യോസിന്‍റെ പ്രകടനങ്ങള്‍. 

കാര്യങ്ങള്‍ ഒക്കെ അവസാനിച്ചെന്ന് വിധിയെഴുതി ലോസ് ബ്ലാങ്കോസിനെ എഴുതിത്തള്ളാനൊന്നും സമയമായിട്ടില്ല. ലാലിഗയില്‍ അത്ലറ്റിക്കോയുമായി നാല് പോയിന്‍റിന്‍റേയും ബാഴ്സയുമായി ഏഴ് പോയിന്‍റേയും വ്യക്തമായ ലീഡുണ്ട് ആഞ്ചലോട്ടിയുടെ സംഘത്തിന്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് സിക്സ്റ്റീനിലും സ്ഥാനമുറപ്പിക്കും. ഡിഫന്‍സിലെ പ്രശ്നങ്ങള്‍ക്ക് കൃത്യമായ സൊലൂഷ്യനുകള്‍ കൂടി കണ്ടെത്താനായാല്‍ കഴിഞ്ഞ സീസണില്‍ ഷെല്‍ഫിലെത്തിയ കിരീടങ്ങളൊക്കെ ഒരിക്കല്‍ കൂടി ബെര്‍ണബ്യൂ ഷെല്‍ഫിലെത്തും. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News