നമുക്കൊരുമിച്ചു നിന്നുകൊണ്ട് ഈ ലോകം മുഴുവന്‍ ഒന്നായിച്ചേരാന്‍ ആഹ്വാനം ചെയ്യാം; മോര്‍ഗനും ഗാനിയും തമ്മിലുള്ള സംഭാഷണം

മോർഗൻ ഫ്രീമൻ സ്റ്റേജിലേക്ക് കടന്നു വരുന്നു. സ്റ്റേജിലുണ്ടായ ഗാനിം അൽ മുഫ്താഹ് ഹൃദ്യമായി മോർഗനെ വേദിയിലേക്ക് സ്വാഗതം ചെയ്തു

Update: 2022-11-21 06:44 GMT
Editor : Jaisy Thomas | By : Web Desk
Advertising

ദോഹ: ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിലെ ഏറ്റവും ഹൃദ്യമായ നിമിഷങ്ങളായിരുന്നു അത്... വേദിയില്‍ ഒരുമിച്ചു നില്‍ക്കുന്ന ഇതിഹാസ താരം മോര്‍ഗന്‍ ഫ്രീമാനും അരയ്ക്ക് താഴെ വളര്‍ച്ചയില്ലാത്ത ഖത്തരി യുവാവ് ഗാനി അല്‍ മുഫ്തയും. ലോകം സാക്ഷിയായതില്‍ വച്ച് ഏറ്റവും മനോഹരമായ സംഭാഷണമായിരുന്നു ഇരുവരുടേത്.

മോർഗൻ ഫ്രീമൻ സ്റ്റേജിലേക്ക് കടന്നു വരുന്നു. സ്റ്റേജിലുണ്ടായ ഗാനിം അൽ മുഫ്താഹ് ഹൃദ്യമായി മോർഗനെ വേദിയിലേക്ക് സ്വാഗതം ചെയ്തു. അവർ പരസ്പരം നടന്നടുക്കുന്നു. ഗാനിമിന്‍റെ അടുത്തെത്തിയ മോർഗൻ ഫ്രീമാൻ പതിയെ നിലത്തിരുന്നു. ആറടി രണ്ടിഞ്ച് ഉയരമുള്ള മോർഗൻ ഫ്രീമാനും എഴുനേറ്റ് നിൽക്കുന്ന ഗാനിം അൽ മുഫ്താഹിനും അപ്പോൾ ഒരേ ഉയരമായിരുന്നു. മോർഗൻ ഫ്രീമാൻ ചോദിച്ചു: " ഒരു വഴി മാത്രം അംഗീകരിച്ചാൽ എങ്ങനെയാണ് ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഭാഷകളും സംസ്കാരങ്ങളും ഒന്നിക്കുന്നത് "

ഗാനിം അൽ മുഫ്താഹ് മറുപടിയായി വിശുദ്ധ ഖുർആൻ പാരായണം ചെയ്തു: " ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു."

ഗാനിം അൽ മുഫ്താഹ് തുടർന്നു: " നമ്മൾ ഈ ഭൂമിയിൽ രാഷ്ട്രങ്ങളായും ഗോത്രങ്ങളായും ചിതറിക്കിടക്കുകയണെന്ന് നമുക്കറിയാം. അതുകൊണ്ട് നമുക്ക് പരസ്പരം പഠിക്കാനും വൈവിധ്യങ്ങളുടെ സൗന്ദര്യം കണ്ടെത്താനും കഴിയും. "

മോർഗൻ ഫ്രീമാൻ ചോദിച്ചു: " അതേ.. എനിക്കത് ഇവിടെ കാണാൻ കഴിയുന്നുണ്ട്. ഈ നിമിഷത്തിൽ നമ്മെ ഇവിടെ ഒന്നിപ്പിക്കുന്നത് നമ്മെ ഭിന്നിപ്പിക്കുന്നതിനേക്കാൾ വളരെ വലുതാണ്. ഇന്നത്തേതിലും കൂടുതൽ കാലം നമുക്കത് എങ്ങനെയാണ് നിലനിറുത്താൻ കഴിയുക ? "

ഗാനിം അൽ മുഫ്താഹ് പറഞ്ഞു: " സഹിഷ്ണുതയോടും ബഹുമാനത്തോടും കൂടി നമുക്ക് കഴിയാം. നമ്മൾ ഒരു വലിയ വീടിനുള്ളിലാണുള്ളത്. ആ വീടെന്നാൽ അതെവിടെ നിർമ്മിക്കുന്നോ അതാണ് ഞങ്ങളുടെ വീട്. അവിടെ നമുക്കൊന്നിച്ചു ജീവിക്കാം. നിങ്ങളെ ഇവിടെ വിളിക്കുമ്പോൾ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നത് ഞങ്ങളുടെ വീട്ടിലേക്കാണ്. "

മോർഗൻ ഫ്രീമാൻ : " അതായത് നമ്മൾ ഒരു വലിയ ഗോത്രമായാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. നമ്മൾ എല്ലാവരും താമസിക്കുന്ന കൂടാരമാണ് ഈ ഭൂമി "

ഗാനിം അൽ മുഫ്താഹ് : " അതെ, നമുക്കൊരുമിച്ച് നിന്നുകൊണ്ട് ഈ ലോകം മുഴുവൻ ഒന്നായി ചേരാൻ ആഹ്വാനം ചെയ്യാം."

മോർഗൻ ഫ്രീമാൻ എഴുനേറ്റ് നിന്ന് കൈകൾ നീട്ടി...ഗാനിം അൽ മുഫ്താഹും മോർഗന് നേരെ കൈകൾ നീട്ടി. ഒരു നിമിഷം കണ്ണുകളടക്കുക. ആ രംഗം മനസ്സിലിട്ടാവർത്തിച്ച് കാണുക. അവരുടെ സംഭാഷണം പിന്നെയും കേൾക്കുക. എന്തൊരു സൗന്ദര്യമാണ് ആ രംഗം. എത്ര മനോഹരമായാണ് അവർ രാഷ്ട്രീയം സംസാരിച്ചത്. ഈ ലോകത്തിന്‍റെ സൗന്ദര്യം വൈവിധ്യങ്ങളാണെന്നും ആ വൈവിധ്യങ്ങളെ പരസ്പരം ബഹുമാനിക്കലാണ് മാനവികതയെന്നും പറഞ്ഞുവെക്കുന്ന ഒരു വേദി ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിരിക്കും.

വെൽകം ടു ഖത്തർ വേൾഡ് കപ്പ്

കടപ്പാട്: ജംഷിദ് പള്ളിപ്രം

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News