''നിങ്ങൾക്ക് മാത്രമേ ഇതിന് കഴിയൂ'' മാക്‌സ്‍വെല്ലിനെ പ്രശംസ കൊണ്ട് മൂടി കോഹ്ലിയും സച്ചിനും

താന്‍ കണ്ട ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സെന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ കുറിച്ചത്

Update: 2023-11-08 13:16 GMT
Advertising

വാങ്കഡെ: കഴിഞ്ഞ ദിവസം വാങ്കഡെയിൽ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും അവിസ്മരണീയ ഇന്നിങ്‌സുകളിലൊന്നാണ് പിറവിയെടുത്തത്. ഇതിനോടകം ഈ ലോകകപ്പിലെ കറുത്ത കുതിരകളായി മാറിക്കഴിഞ്ഞ അഫ്ഗാന് മുന്നിൽ മുൻ ലോക ചാമ്പ്യന്മാരായ ആസ്‌ത്രേലിയയും തകർന്നടിയുകയാണെന്ന് തോന്നിച്ച നിമിഷങ്ങൾ. വിൻ പ്രെഡിക്ടറിൽ ഒരിക്കൽ പോലും ഓസീസ് വിജയം തെളിഞ്ഞില്ല. പക്ഷേ അസാധ്യമെന്ന് തോന്നിയതിനെ ഒറ്റക്ക് സാധ്യമാക്കുകയായിരുന്നു ഗ്ലെൻ മാക്‌സ് വെൽ എന്ന അതികായൻ.

വാങ്കഡേയിലേ ഗ്യാലറികളിലേക്ക് പന്തുകൾ തലങ്ങും വിലങ്ങും പാഞ്ഞു. മാക്‌സി സെഞ്ച്വറി കുറിച്ചപ്പോൾ പോലും ഓസീസ് ആരാധകർക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ ഒരറ്റത്ത് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ കാഴ്ചക്കാരനാക്കി നിർത്തി അയാൾ അഫ്ഗാൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഇടക്ക് കാലിടറിപ്പോകുമോ എന്ന് തോന്നി. ആദം സാംപ പാഡ് കെട്ടിയിറങ്ങി. പക്ഷേ സാംപയെ തിരിച്ചയച്ച് അയാൾ നിശ്ചയദാർഢ്യത്തോടെ ക്രീസിൽ നിലയുറപ്പിച്ചു. റണ്ണിനായോടാൻ കഴിയാത്ത സമയത്തൊക്കെ പന്ത് ബൗണ്ടറി കടത്താൻ അയാൾക്ക് ഇരട്ടിയാവേശമായി. ഒടുക്കം മുജീബു റഹ്മാനെ സിക്‌സർ പറത്തി ഇരട്ട സെഞ്ച്വറിയിലും വിജയത്തിലും തൊട്ടും. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയ ഇന്നിങ്‌സുകളിലൊന്നാണ് വാങ്കഡെയില്‍ പിറന്നത്. 

മത്സര ശേഷം നിരവധി പേരാണ് മാക്‌സിക്ക് അഭിനന്ദനവുമായെത്തിയത്. ക്രിക്കറ്റ് ലോകത്ത് നിങ്ങൾക്ക് മാത്രം കഴിയുന്നത് എന്നാണ് വിരാട് കോഹ്ലി മാക്‌സ്‍വെല്ലിന്‍റെ  ചിത്രം പങ്കുവച്ച് കുറിച്ചത്.

കരിയറിൽ താന്‍ കണ്ട ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സെന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ കുറിച്ചത്.

അഫ്ഗാൻ താരം റാഷിദ് ഖാനും മാക്‌സ് വെല്ലിന് അഭിനന്ദനങ്ങൾ നേർന്നു


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News