'നമ്മൾക്കൊപ്പം അവർക്കും പ്രായമാകുന്ന കാര്യം ഓർക്കുക'; മാതാവിന്‍റെ ഓർമദിനത്തില്‍ റാഷിദ് ഖാൻ
കഴിഞ്ഞ വർഷം ജൂൺ 18നാണ് റാഷിദ് ഖാന്‍റെ മാതാവ് അന്തരിച്ചത്. മൂന്നു വര്‍ഷം മുന്‍പ് ബിഗ് ബാഷ് കളിക്കിടെ പിതാവും മരിച്ചിരുന്നു
''മാതാപിതാക്കളെ ഒരിക്കലും അനാദരിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത്. നമ്മൾ വളരുന്നതിനനുസരിച്ച് അവർക്കും പ്രായമാകുന്നുണ്ടെന്ന കാര്യം ഓർക്കുക'' മാതാവിന്റെ ഒന്നാം ചരമവാർഷികത്തിൽ അഫ്ഗാനിസ്താൻ ക്രിക്കറ്റ് താരം റാഷിദ് ഖാന് ലോകത്തിനു നൽകാനുള്ള സന്ദേശമാണിത്.
കഴിഞ്ഞ വർഷം ജൂൺ 18നാണ് ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കു കീഴടങ്ങി റാഷിദ് ഖാന്‍റെ മാതാവ് ഈ ലോകത്തോട് വിടപറയുന്നത്. ഇതിന്റെ രണ്ടു വർഷം മുൻപ് റാഷിദിന് പിതാവിനെയും നഷ്ടപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിൽ ബിഗ് ബാഷ് ലീഗിൽ താരം കളിച്ചുകൊണ്ടിരിക്കെയായിരുന്നു പിതാവിന്റെ വിയോഗം. അന്ന് ഓസ്‌ട്രേലിയയിൽ തന്നെ തുടരുകയായിരുന്നു റാഷിദ്.
''ഉമ്മയുടെ ഒന്നാം ചരമവാർഷിക ദിനമാണിന്ന്. നിങ്ങൾ ഞങ്ങളുടെ കൂടെയില്ലെന്ന് ഇപ്പോഴും മനസ് സമ്മതിച്ചിട്ടില്ല. നിങ്ങളുടെ അഭാവം അനുഭവപ്പെടാത്ത ഒരു ദിവസവും ഇതുവരെ കടന്നുപോയിട്ടില്ല. ഈ വേദനയിൽനിന്ന് മുക്തനാകുക അത്ര എളുപ്പമല്ല. അതു പ്രയാസകരം തന്നെയാണ്. പക്ഷെ, അവരുടെ പ്രാർത്ഥനകൾ എന്റെ വിജയത്തിന്റെ ഭാഗമായുണ്ട്. മാതാപിതാക്കളെ ഒരിക്കലും അനാദരിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുതെന്നാണ് എല്ലാവരോടുമായി എനിക്കു പറയാനുള്ളത്. നമ്മൾ വളരുന്നതിനനുസരിച്ച് അവർക്കും പ്രായമാകുന്നുണ്ടെന്ന കാര്യം ഓർക്കുക. നിങ്ങളുടെ മാതാപിതാക്കളെ സ്‌നേഹിക്കുക. എല്ലാ സ്ത്രീകളെയും ബഹുമാനിക്കുക...''
സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പർ താരമായ റാഷിദ് ഖാൻ നിലവിൽ പാകിസ്താൻ സൂപ്പർ ലീഗിന്റെ ഭാഗമായി യുഎഇയിലാണുള്ളത്. ലാഹോർ ഖലന്തേഴ്‌സിനു വേണ്ടിയാണ് താരം കളിക്കുന്നത്.