ദ്രാവിഡിന് അസുഖം; ബെംഗളൂരുവിലേക്ക് മടങ്ങി, മൂന്നാം ഏകദിനത്തിനുണ്ടാകില്ല
ഇതോടെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ദ്രാവിഡ് ടീമിനൊപ്പമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. രണ്ടാം ഏകദിനവും കൂടി ജയിച്ച് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് ദ്രാവിഡ് അസുഖത്തെത്തുടര്‍ന്ന് ബെംഗളൂരുവിലേക്ക് തിരിച്ചത്. ഇതോടെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ദ്രാവിഡ് ടീമിനൊപ്പമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് ഇന്ന് രാവിലെ മൂന്ന് മണിയുടെ ഫ്ലൈറ്റിനാണ് ദ്രാവിഡ് ബംഗളൂരുവിലേക്ക് തിരിച്ചത്.
വ്യാഴാഴ്ച നടന്ന ഇന്ത്യയുടെ രണ്ടാം ഏകദിനത്തിന് മുന്‍പും ദ്രാവിഡ് അസ്വസ്ഥനായിരുന്നു. ചെറിയ തരത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ അദ്ദേഹത്തിന് തോന്നിയിരുന്നു. പിന്നീട് മത്സരശേഷം കൊല്‍ക്കത്തയില്‍ വെച്ച് ദ്രാവിഡിന് ആരോഗ്യപ്രശ്നങ്ങള്‍ വീണ്ടും കൂടിയതോടെ അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ ചികിത്സ നല്‍കുകയും മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് വിശ്രമം ആവശ്യമെന്നുകണ്ട് അദ്ദേഹത്തോട് തിരിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞത്. ഈ ബുധനാഴ്ചയാണ് ടീമിനൊപ്പം ദ്രാവിഡ് തന്‍റെ 50-ാം ജന്മദിനം ആഘോഷിച്ചത്.
നേരത്തേ മൂന്ന് ടി20കളടങ്ങുന്ന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ഏകദിന പരമ്പര നേടിനില്‍ക്കുന്നതുകൊണ്ട് തന്നെ അവസാന ഏകദിനവും കൂടി ജയിച്ച് പരമ്പര വൈറ്റ് വാഷ് ചെയ്യാനായിരിക്കും ഇന്ത്യന്‍ ടീമിന്‍റെ ശ്രമം.