ഇത് ചരിത്രം; ടി20 ലോകകപ്പില്‍ കാനഡക്ക് ആദ്യ ജയം
അയര്‍ലന്‍റിനെ തകര്‍ത്തത് 12 റണ്‍സിന്
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിൽ അയർലന്റിനെ അട്ടിമറിച്ച് കാനഡ. 12 റൺസിനാണ് കാനഡയുടെ ചരിത്ര വിജയം. കാനഡ ഉയർത്തിയ 137 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അയർലന്റിന് 125 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ടി20 ലോകകപ്പ് ചരിത്രത്തിൽ കാനഡയുടെ ആദ്യ വിജയമാണിത്.
കാനഡക്കായി നാലോവറിൽ വെറും 16 റൺസ് വിട്ട് നൽകി രണ്ട് വിക്കറ്റ് പിഴുത ജെറമി ഗോർഡനും നാലോവറിൽ വെറും 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് പിഴുത ഡിലോൺ ഹിലിഗറും ചേർന്നാണ് ഐറിഷ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.
നേരത്തേ ടോസ് നേടിയ അയർലന്റ് കാനഡയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 49 റൺസെടുത്ത നികോളാസ് കർട്ടന്റേയും 37 റൺസെടുത്ത ശ്രേയസ് മൊവ്വയുടേയും മികവിലാണ് കാനഡ 137 റൺസ് പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ കനേഡിയൻ ബോളർമാർ ഐറിഷ് ബാറ്റിങ് നിരയെ തുടക്കം മുതൽ വിറപ്പിച്ചു. 53 റൺസെടുക്കുന്നതിനിടെ അഞ്ച് ഐറിഷ് ബാറ്റർമാർ കൂടാരം കയറി.
അവസാന ഓവറുകളിൽ ജോർജ് ഡോക്‌റെലും മാർക് അഡയറും ചേർന്ന് അയർലന്റിനെ വിജയ തീരമണക്കും എന്ന് തോന്നിച്ചെങ്കിലും ഗോർഡൻ, ഐറിഷ് പ്രതീക്ഷകളെ മുഴുവൻ തകർത്തു. അവസാന ഓവറിൽ ജയിക്കാൻ 17 റൺസ് വേണമായിരുന്ന അയർലന്റിന് ഗോര്‍ഡന്‍ വിട്ട് നൽകിയത് വെറും നാല് റൺസ്. കാനഡക്ക് ചരിത്ര ജയം. ലോകകപ്പില്‍ അയര്‍ലന്‍റിനെ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോടും ഐറിഷ് പട തോല്‍വി വഴങ്ങിയിരുന്നു.