'ജഴ്‌സിയൂരാൻ പറഞ്ഞു'; തോൽവിക്ക് പിന്നാലെ ചെന്നൈ ആരാധകർക്ക് നേരെ അധിക്ഷേപമെന്ന് പരാതി
ആർ.സി.ബി ആരാധകരുടെ മോശം പെരുമാറ്റത്തിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഔദ്യോഗിക ഫാൻ പേജും രംഗത്തെത്തി
ഐ.പി.എല്ലില്‍ നിർണായക മത്സരത്തിലെ പരാജയത്തിന് ശേഷം ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരെ മൈതാനത്തിന് പുറത്ത് ആർ.സി.ബി ആരാധകര്‍ വ്യാപകമായി അധിക്ഷേപിച്ചെന്ന് പരാതി. നിരവധി സി.എസ്.കെ ആരാധകരാണ് ബംഗളൂരു ആരാധകരിൽ നിന്ന് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് മനസ്സ് തുറന്ന് രംഗത്തെത്തിയത്.
'ഇന്നലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്ത് ചെന്നൈ ജേഴ്‌സിയിട്ട് നടക്കുമ്പോള്‍ വളരെ അരക്ഷിതമായ അനുഭവമാണ് ഉണ്ടായത്. ഓരോ ചെന്നൈ ആരാധകന്റെയും പുറകെ നടന്ന് ആർ.സി.ബി ആരാധകർ കളിയാക്കുന്നതും അധിക്ഷേപിക്കുന്നതും കാണാമായിരുന്നു. പുരുഷനെന്നോ സ്ത്രീയെന്നോ നോക്കാതെയായിരുന്നു ഈ അധിക്ഷേപം.'- ആനി സ്റ്റീവ് എന്ന പ്രൊഫൈൽ കുറിച്ചു.
മഞ്ഞ ജേഴ്‌സിയണിഞ്ഞ തങ്ങൾക്ക് നേരെ ആർ.സി.ബി ആരാധകർ മുരണ്ടടുത്തു എന്നും ജേഴ്‌സി അഴിക്കാൻ ആവശ്യപ്പെട്ടെന്നും ചില ആരാധകർ പറഞ്ഞു. ആർ.സി.ബി ആരാധകരുടെ മോശം പെരുമാറ്റത്തിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഔദ്യോഗിക ഫാൻ പേജും രംഗത്തെത്തി.
'പ്ലേ ഓഫിൽ പ്രവേശിച്ച ആർ.സി.ബിക്ക് അഭിനന്ദനങ്ങൾ. എന്നാൽ നിങ്ങൾ ഗ്രൗണ്ടിൽ ജയിച്ചപ്പോൾ ചിന്ന്‌സ്വാമി സ്‌റ്റേഡിയത്തിന് പുറത്തെ തെരുവുകളില്‍ നിങ്ങളുടെ ആരാധകരും ഐ.പി.എല്ലും തോറ്റു' പേജ് കുറിച്ചു. ആര്‍.സി.ബിയുടേയും വിരാട് കോഹ്ലിയുടേയും ഒഫീഷ്യല്‍ പേജുകളെ മെന്‍ഷന്‍ ചെയ്തായിരുന്നു കുറിപ്പ്.