ഫ്‌ളിപ്പ്കാർട്ടിൽ 40,000ത്തിലും താഴെ ഐഫോൺ 13; ആപ്പിൾ നിർത്തിയൊരു മോഡൽ ഇനിയും വാങ്ങണോ?..
40,999 രൂപയാണ് വിലയെങ്കിലും ബാങ്ക് കാർഡുകളും ഫ്‌ളിപ്പ്കാർട്ട് നൽകുന്ന മറ്റു ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്തുകയാണെങ്കിൽ 39,749ലും താഴെ മോഡൽ സ്വന്തമാക്കാം.
ന്യൂഡൽഹി: അടുത്തിടെയാണ് ഐഫോൺ 13 നിർത്തലാക്കിയതായി ആപ്പിൾ അറിയിച്ചത്. ഏറ്റവും പുതിയ ഐഫോൺ 16 പരമ്പര അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു 13 നിർത്തുന്നതായി ആപ്പിൾ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ വൻ വിലക്കുറവിൽ ഐഫോൺ 13 വിൽപനക്ക് വെച്ചിരിക്കുകയാണ് ഫ്‌ളിപ്പ്കാർട്ട്.
ബിഗ്ബില്യൺ ഡെ സെയിലിനോട് അനുബന്ധിച്ചാണ് ഫ്‌ളിപ്പ്കാർട്ടിന്റെ വിൽപ്പന. 40,999 രൂപയാണ് വിലയെങ്കിലും ബാങ്ക് കാർഡുകളും ഫ്‌ളിപ്പ്കാർട്ട് നൽകുന്ന മറ്റു ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്തുകയാണെങ്കിൽ 39,749ലും താഴെ മോഡൽ സ്വന്തമാക്കാം. എക്‌സ്‌ചേഞ്ച് ആണെങ്കിൽ പിന്നെയും കുറയും. എന്നിരുന്നാലും ആപ്പിൾ ഔദ്യോഗികമായി നിർത്തലാക്കിയൊരു മോഡലിൽ ഇനിയും 'കണ്ണുവെക്കണോ' എന്നാണ് ഉയരുന്ന ചോദ്യം. 2021ൽ ഇറങ്ങിയ ഐഫോൺ 13ന്റെ വിശദാംശങ്ങൾ ഇങ്ങനെ...
ഐഫോൺ 14 പോലെത്തന്നെ 13നും മികച്ചത്
പതിനായിരം രൂപ കൂടുതൽ അല്ലാതെ ഐഫോൺ 13നും ഐഫോൺ 14നും തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ല. 40000ത്തിലും താഴെയുള്ളൊരു ഐഫോണാണ് നോക്കുന്നതെങ്കിൽ 13 മികച്ച ചോയിസാണ്.
നിർത്തലാക്കിയെന്ന് കരുതി വാങ്ങിയാൽ പണി പാളുമോ?
ഐഫോൺ ഒരു മോഡൽ നിർത്തലാക്കി എന്ന് വിചാരിച്ചാൽ ആ മോഡൽ വാങ്ങാതിരിക്കുന്നതിന്റെ കാരണമാകില്ല. നിർത്തലാക്കിയ മോഡലുകള്‍ ആപ്പിൾ സ്റ്റോറുകളിൽ നിന്ന് നേരിട്ട് ലഭിക്കില്ല എന്ന് മാത്രമേയുള്ളൂ. മറ്റു ഓൺലൈൻ മാർക്കറ്റുകളിൽ സ്‌റ്റോക്ക് അനുസരിച്ച് ഇവ ലഭ്യമാകുകയും ചെയ്യും. അതോടൊപ്പം എല്ലാ വാറന്റികളും ആപ്പിൾ പരിഗണിക്കുന്നുമുണ്ട്. ആപ്പിൾ കെയർ പ്ലസിലൂടെ രണ്ട് വർഷത്തേക്ക് വാറന്റ് നിട്ടുകയും ചെയ്യാം.
എത്രകാലം ഐഫോൺ 13 നിലനിൽക്കും?
ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയാണെങ്കിൽ ദീർഘകാലം നിലനിൽക്കുന്നു എന്നതാണ് ഐഫോണുകളുടെ പ്രത്യേകത. എന്നാല്‍ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളെല്ലാം ലഭിച്ചേക്കണമെന്നില്ല. ആപ്പിൾ സാധാരണയായി ഐഫോണുകളിലേക്ക് കുറഞ്ഞത് അഞ്ചോ ആറോ വർഷത്തെ പ്രധാന സോഫ്റ്റ് വെയര്‍ അപ്ഡേറ്റുകള്‍ നൽകുന്നുണ്ട്. അങ്ങനെ നോക്കുകയാണെങ്കില്‍ 13നെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയത് ഇനിയും മൂന്ന് വർഷത്തെ അപ്‌ഡേഷൻ ലഭിക്കും എന്നാണ്.
അതായത് ഐഒഎസ് 19, ഐഒഎസ് 20, കൂടാതെ ഐഒഎസ് 21 അപ്ഡേറ്റുകൾ പോലും ഐഫോൺ 13ന് ലഭിച്ചേക്കും. എന്നിരുന്നാലും, ഹാർഡ്‌വെയർ പരിമിതികൾ കാരണം, ഏറ്റവും പുതിയ അപ്ഡേറ്റുകളുടെ എല്ലാ സവിശേഷതകളെയും മോഡൽ പിന്തുണക്കില്ല. ആപ്പിളിന്റെ എഐയൊന്നും 13ല്‍ ലഭിക്കില്ല. ചുരുക്കിപ്പറഞ്ഞാൽ കടുത്തൊരു ഗെയിം പ്രേമിയോ ക്യാമറ പ്രേമിയോ അല്ലെങ്കിൽ ഐഫോൺ 13ന് വരുന്ന മൂന്ന് വർഷത്തേക്ക് കുഴപ്പമൊന്നും സംഭവിക്കില്ല. മൂന്ന് വർഷത്തിന് അപ്പുറം ബാറ്ററി മാറ്റിസ്ഥാപിച്ചാൽ പിന്നെയും ഉപയോഗപ്പെടുത്താമെന്ന് ചുരുക്കം.
മൊത്തത്തിൽ നോക്കുകയാണെങ്കില്‍, 2024ൽ ഏകദേശം 40,000 രൂപ വിലയുള്ള ഐഫോണ്‍ 13 ഒരു നല്ല തെരഞ്ഞെടുപ്പാണ്. എന്നാല്‍ ആപ്പിളിന് അപ്പുറത്തേക്ക് നോക്കുന്നൊരു ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഐഫോണ്‍ 13 നേക്കാൾ മികച്ച ഫീച്ചറുകളുള്ള ധാരാളം നല്ല ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളും ഉണ്ട്.
അതേസമയം ആപ്പിളിനെ വേറിട്ട് നിർത്തുന്നത് അതിന്റെ അപ്‌ഡേഷൻസ് ആണ്. ഏറ്റവും പുതിയ മോഡലുകൾ ഉപയോഗപ്പെടുത്താനാകും ഒരു ആപ്പിൾ പ്രേമി എല്ലായ്‌പ്പോഴും ശ്രമിക്കുക. ഏറ്റവും പുതിയ 16പരമ്പരയൊക്കെ ആപ്പിൾ ഇന്റലിജൻസിനാലാണ് ശ്രദ്ധേയമാകുന്നത്. ആളുകൾ വാങ്ങാനായി പുലർച്ചെ മുതൽ വരിനിന്നതും ഇക്കാരണത്താലായിരുന്നു.