സാംസങിന്റെ വഴിയെ ആപ്പിളും? ഐഫോൺ 17 പ്രോ മോഡലുകളിലെ ക്യാമറ ഫീച്ചർ ഇങ്ങനെ...
ഐഫോണുമായി ബന്ധപ്പെട്ട് ആധികാരിക വിവരങ്ങള്‍ നല്‍കാറുള്ള ജോൺ പ്രോസറാണ് പുതിയ ക്യാമറ ഫീച്ചര്‍ വെളിപ്പെടുത്തുന്നത്


ന്യൂയോർക്ക്: ഐഫോൺ 17 മോഡലുകൾ എത്താൻ ഇനിയും മാസങ്ങളുണ്ട്. അതിന് മുമ്പെ 17 മോഡലുകളുടെ ഫീച്ചറുകളെപ്പറ്റി ഇപ്പോൾ തന്നെ പല റിപ്പോർട്ടുകളും സജീവമാണ്. ആധികാരികമായതും അല്ലാത്തതുമായ റിപ്പോർട്ടുകളാണ് പുതിയ മോഡലുകളെപ്പറ്റി പുറത്തുവരുന്നത്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ, 17 പ്രോ മോഡലുകളിലെ ക്യാമറ ഫീച്ചറുകളെപ്പറ്റിയാണ്. ക്യാമറ ഡിസൈനിൽ തന്നെ മാറ്റങ്ങളുണ്ടാകുമെന്ന് ഇതിനകം തന്നെ പുറത്തുവന്നതാണ്. പിന്നിൽ ചതുരാകൃതിയിലുള്ള വലിയ ക്യാമറ ഐലൻഡ് ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്.
ഇപ്പോഴിതാ ഫ്രണ്ട്-ബാക്ക് ക്യാമറകൾ ഉപയോഗിച്ച് ഒരേസമയം വീഡിയോ ഷൂട്ട് ചെയ്യാനാകുന്ന ഫീച്ചർ ആപ്പിളും കൊണ്ടുവരുന്നു എന്നതാണ് പ്രത്യേകത. നേരത്തെ സാംസങ് മോഡലുകളിൽ(Galaxy S21) ഇത്തരത്തിലുള്ള ഫീച്ചറുണ്ട്. ഇതോടൊപ്പം ഐഫോണിന്റെ ഇന്റർഫേസിൽ തന്നെ മാറ്റങ്ങളും പ്രതീക്ഷിക്കാം.
ഐഫോണുമായി ബന്ധപ്പെട്ട് ആധികാരിക വിവരങ്ങള്‍ നല്‍കാറുള്ള ജോൺ പ്രോസറാണ് പുതിയ ക്യാമറ ഫീച്ചര്‍ വെളിപ്പെടുത്തുന്നത്. ഫ്രണ്ട് ക്യാമറയിൽ നിന്നും മെയിൻ ക്യാമറയിൽ നിന്നും ഒരേസമയം വീഡിയോകൾ പകർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ വീഡിയോ റെക്കോർഡിംഗ് സവിശേഷത ക്യാമറ ആപ്പിൽ പ്രതീക്ഷിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ചില തേര്‍ഡ് പാര്‍ട്ടി ആപ്പുകളിലൂടെ ഫീച്ചര്‍ ഉപയോഗപ്പെടുത്താനാകുമെങ്കിലും ആപ്പിള്‍ കൊണ്ടുവരികയാണെങ്കില്‍ അതിലൊരു സവിശേഷത കാണുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
അതേസമയം ആപ്പിൾ തങ്ങളുടെ അവതരണ ചടങ്ങിലെ ഔദ്യോഗികമായി പുതിയ മോഡലുകളിലടങ്ങിയ ഫീച്ചറുകൾ പുറത്തുവിടൂ. സെപ്തംബറിലാകും ചടങ്ങ്. ഏറ്റവും പുതിയ 16 മോഡലുകള്‍ക്ക് വേണ്ട രീതിയില്‍ സ്വീകാര്യത ലഭിച്ചില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ 17മോഡലുകളില്‍ അടിമുടി മാറ്റങ്ങളുണ്ടാകുമെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം.