കെ. സുധാകരന്‍ പുതിയ കെ.പി.സി.സി പ്രസിഡന്റായേക്കും: ഹൈക്കമാന്‍ഡ് അന്തിമ ചർച്ചകളില്‍

അധ്യക്ഷ സ്ഥാനത്ത് താനിപ്പോഴുള്ളത് പേരിന് മാത്രമാണെന്ന് മുല്ലപ്പള്ളി പരസ്യമാക്കിയതോടെ വേഗത്തില്‍ കെ.പി.സിസി അധ്യക്ഷനെ തീരുമാനിക്കാനാണ് ഹൈക്കമാന്‍റിന്‍റെ നീക്കം.

Update: 2021-05-30 07:38 GMT
Editor : rishad | By : Web Desk
Advertising

പുതിയ കെ.പി.സി.സി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും. അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരന് മുൻ തൂക്കമെന്നാണ് സൂചന. ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയത് പരാജയ കാരണമായി ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചെന്ന വാർത്തകളിൽ എ ഗ്രൂപ്പിന് അതൃപ്തിയുണ്ട്.

അധ്യക്ഷ സ്ഥാനത്ത് താനിപ്പോഴുള്ളത് പേരിന് മാത്രമാണെന്ന് മുല്ലപ്പള്ളി പരസ്യമാക്കിയതോടെ വേഗത്തില്‍ കെ.പി.സിസി അധ്യക്ഷനെ തീരുമാനിക്കാനാണ് ഹൈക്കമാന്‍റിന്‍റെ നീക്കം. കെ സുധാകരന്‍റെ പേരിനാണ് മുന്‍തൂക്കം. രാഹുല്‍ ഗാന്ധി കൂടി സുധാകരന് അനുകൂലമായ നിലപാട് എടുത്തുവെന്നാണ് സൂചനകള്‍. ഇതോടെ സുധാകരനെതിരെയുള്ള നീക്കങ്ങളും ശക്തം. കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹനാന്‍, പി.സി വിഷ്ണുനാഥ് എന്നീ പേരുകളും ഹൈക്കമാന്‍റിന്‍റെ പരിഗണനയിലുണ്ട്.

കേരളത്തിലെ ചില നേതാക്കള്‍ തന്നെയാണ് ഈ പേരുകളും മുന്നോട്ട് വെച്ചത്. തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുന്ന അശോക് ചവാന്‍ സമിതി രണ്ട് ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് കൈമാറും. റിപോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാവും അന്തിമ തീരുമാനം. പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ ഏകപക്ഷീയ തീരുമാനമാകാത്ത വിധം കൈകാര്യം ചെയ്യണമെന്ന വിലയിരുത്തല്‍ ദേശീയ തലത്തിലെ നേതാക്കള്‍ക്കിടയിലും നിലനില്‍ക്കുന്നു. അതേസമയം തിരഞ്ഞെടുപ്പ് പരാജയ കാരണമായി ചെന്നിത്തല സോണിയാഗാന്ധിയ്ക്ക് മുന്നില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തിയെന്ന വിവരത്തില്‍ കടുത്ത അതൃപ്തിയാണ് എ ഗ്രൂപ് നേതാക്കള്‍ക്കിടയിലുള്ളത്. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News