നഗരസഭാംഗത്തിന്റെ കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ, മറ്റൊരാൾക്കായി അന്വേഷണം
ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭ കൗൺസിലർ ഇന്ന് വൈകീട്ട് മരണപ്പെട്ടിരുന്നു
മലപ്പുറം മഞ്ചേരിയിൽ നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാൾ പൊലീസ് കസ്റ്റഡിയിൽ. അബ്ദുൽ മജീദാണ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണ്. മഞ്ചേരി നഗരസഭ 16ാം വാർഡ് അംഗവും ലീഗ് നേതാവുമായ തലാപ്പിൽ അബ്ദുൽ ജലീലിന് ഇന്നലെ രാത്രിയാണ് മർദനമേറ്റത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കാറിൽ സഞ്ചരിക്കവേ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ജലീലിനെ ഇന്നലെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.30 മണിയോടെ പയ്യനാട് വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ വാഹന പാർക്കിങ്ങുമായി തർക്കമുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഇതാണോ ആക്രമണത്തിന് കാരണമായോ എന്നും അന്വേഷിക്കുന്നുണ്ട്. ആക്രമണം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
നഗരസഭ കൗൺസിലർ ഉൾപ്പെടെ അഞ്ചുപേർ കാറിലുണ്ടായിരുന്നു. എന്നാൽ അവർക്കാർക്കും പരിക്കില്ല. ബൈക്കിലെത്തിയവർ ഹെൽമെറ്റ് ഉപയോഗിച്ച് കാറിന്റെ ചില്ല് തകർത്ത ശേഷമാണ് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നുണ്ട്.
One of the accused in the murder of a municipal councilor in Malappuram Manjeri is in police custody