മിഖായേൽ സ്റ്റാറേ തെറിച്ചു; പരിശീലകനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്
സീസണിൽ മോശം പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് നിലവിൽ പോയന്റ് ടേബിളിൽ പത്താംസ്ഥാനത്താണ്
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റാറേയെ പുറത്താക്കി. സീസണിലെ ക്ലബിന്റെ മോശം പ്രകടനത്തെ തുടർന്നാണ് സ്വീഡിഷ് കോച്ചിന്റേയും സഹ പരിശീലകരുടേയും സ്ഥാനം തെറിച്ചത്. ഇത്തവണ ഐഎസ്എല്ലിൽ 12 കളികളിൽ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് തോൽവിയും സഹിതം 11 പോയന്റുമായി 10ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.
ബെംഗളൂരു എഫ്.സിക്കും മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനുമെതിരായ അവസാനം നടന്ന രണ്ടുമാച്ചിലും ടീം തോറ്റിരുന്നു. ബെംഗളൂരുവിനെതിരായ തോൽവിക്ക് പിന്നാലെ ക്ലബിനെതിരെ ആരാധക കൂട്ടമാണ് മഞ്ഞപ്പട പരസ്യമായി രംഗത്തെത്തിയിരുന്നു. ടിക്കറ്റ് വില്പനയിൽ നിന്നും വിട്ടുനിന്നു പ്രതിഷേധം അറിയിക്കുമെന്നും സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും 'മഞ്ഞപ്പട' സ്റ്റേറ്റ് കോർ കമ്മറ്റി അറിയിച്ചു. തുടർ തോൽവികളിൽ പ്രതിഷേധം കനത്തതോടെയാണ് മാനേജ്‌മെന്റ് പരിശീലകനെ പുറത്താക്കുന്ന കടുത്ത നടപടിയിലേക്ക് കടന്നത്.
സെർബിയക്കാരൻ ഇവാൻ വുക്കോമനോവിചിന്റെ പകരക്കാരനായി ഈ സീസൺ തുടക്കത്തിലാണ് സ്റ്റാറേ ചുമതലയേറ്റെടുക്കുന്നത്. 2026 വരെയയായിരുന്നു 48 കാരന്റെ കരാർ കാലാവധി. തായ് ക്ലബ് ഉതായ് താനി എഫ്‌സിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് സ്വീഡിഷ് കോച്ച് കേരളത്തിലേക്കെത്തിയത്. 17 വർഷമായി വിവിധ ടീമുകളെ പരിശീലിപ്പിച്ച അനുഭവ സമ്പത്തുള്ള സ്റ്റാറേയുടെ വരവിൽ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ കൊമ്പൻമാർക്കൊപ്പം സ്റ്റാറേക്ക് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. ടീം മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗോൾകീപ്പറുടേയും പ്രതിരോധ താരങ്ങളുടേയും പിഴവിലാണ് പല മത്സരങ്ങളും തോറ്റത്. എന്നാൽ കൃത്യമായൊരു ടീമിനെ വിന്യസിക്കുന്നതിൽ കോച്ച് പരാജയമായെന്നാണ് ഉയരുന്ന പ്രധാന വിമർശനം.