മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ഇല്ലാത്തതിന് ട്രൈബൽ പ്രമോട്ടറെ ബലിയാടാക്കി അധികൃതർ; മഹേഷ് കുമാറിനെ പിരിച്ചുവിട്ടു
പ്രതിഷേധവുമായി എസ്ടി പ്രമോട്ടർമാർ
കൽപറ്റ: മാനന്തവാടിയിൽ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ സംസ്കരിക്കാൻ കൊണ്ടുപോയ സംഭവത്തിൽ ട്രൈബൽ പ്രമോട്ടറെ ബലിയാടാക്കി അധികൃതർ. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെ പിരിച്ചുവിട്ടു. മാനന്തവാടി ട്രൈബൽ ഡെവലപ്മെൻറ് ഓഫിസറുടേതാണ് നടപടി.
നടപടിയിൽ പ്രതിഷേധവുമായി എസ്ടി പ്രമോട്ടർമാർ രംഗത്തുവന്നു. ആംബുലൻസ് എത്തിക്കാൻ പഞ്ചായത്ത് ഭരണസമിതിക്കും ഉത്തരവാദിത്വം ഉണ്ടായിരുന്നുവെന്ന് ഇവർ പറഞ്ഞു. മഹേഷ് കുമാറിനെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്നും പ്രമോട്ടർമാർ വ്യക്തമാക്കി.
ട്രൈബൽ പ്രൊമോട്ടറെ കഴിഞ്ഞദിവസം സസ്പെന്‍റ് ചെയ്തിരുന്നു. മരണവിവരം കൃത്യസമയത്ത് അറിയിക്കുന്നതിൽ മഹേഷ് കാലതാമസം വരുത്തിയെന്നാണ് ട്രൈബൽ ഡെവലപ്പ്മെന്‍റ് ഓഫിസർ പറയുന്നത്. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കാൻ പ്രൊജക്റ്റ് ഓഫീസർക്കും ടിഡിഒ നിർദേശം നൽകി.
കഴിഞ്ഞ ദിവസം രാവിലെ മരിച്ച എടവക വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് പട്ടിക വർഗ വകുപ്പ് ആംബുലൻസ് അനുവദിക്കാത്തതിനാൽ ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്ക് കൊണ്ടുപോകേണ്ടി വന്നത്. മൃതദേഹം നാലു കിലോമീറ്റർ അകലെയുള്ള പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ പട്ടിക വർഗ വകുപ്പിനോട് ആംബുലൻസ് ആവശ്യപ്പെട്ട് വൈകുന്നേരം വരെ കാത്തിരുന്നെങ്കിലും അനുവദിച്ചില്ലെന്നാണ് പരാതി. ആംബുലൻസ് കിട്ടാതായതോടെ കുടുംബം മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്നു.