മികച്ച നടി രേവതി, ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടന്മാര്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കൃഷാന്ത് സംവിധാനം ചെയ്ത 'ആവാസവ്യൂഹം' ആണ് മികച്ച ചിത്രം.
52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള അവാര്‍ഡ് രേവതി സ്വന്തമാക്കി. ബിജു മേനോനും ജോജു ജോര്‍ജുമാണ് മികച്ച നടന്മാര്‍. 'നായാട്ടി'ലെ പ്രകടനത്തിന് ജോജു ജോര്‍ജിനും 'ആര്‍ക്കറിയാം' എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനും ആണ് അവാര്‍ഡ്. 'ഭൂതകാലം' എന്ന സിനിമയിലെ പ്രകടനത്തിനാണ് രേവതി പുരസ്കാരത്തിന് അര്‍ഹയായത്. കൃഷാന്ത് സംവിധാനം ചെയ്ത ആവാസവ്യൂഹം ആണ് മികച്ച ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം' ആണ് മികച്ച ജനപ്രിയ ചിത്രം. മന്ത്രി സജി ചെറിയാന്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
പരിചയ സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഇത്തവണത്തെ പ്രത്യേകത. പോയവർഷം 80ഓളം സിനിമകളാണ് പരിഗണിക്കപ്പെട്ടതെങ്കിൽ ഇത്തവണ ജൂറിക്ക് മുന്നിലെത്തിയത് 142 ചിത്രങ്ങളാണ്. അന്തിമ റൗണ്ടിൽ 45ഓളം സിനിമകൾ എത്തിയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.
തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) - ശ്യാം പുഷ്‌കരന്‍ - ജോജി, തിരക്കഥാകൃത്ത്- കൃഷാന്ത്- ആവാസവ്യൂഹം, ക്യാമറ- മധു നീലകണ്ഠന്‍- ചുരുളി, കഥ- ഷാഹി കബീര്‍- നായാട്ട്, സ്വഭാവനടി- ഉണ്ണിമായ- ജോജി, സ്വഭാവനടന്‍- സുമേഷ് മൂര്‍ - കള, സംവിധായകന്‍- ദിലീഷ് പോത്തന്‍ -ജോജി, സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം- അന്തരം, എഡിറ്റ്- ആന്‍ഡ്രൂ ഡിക്രൂസ്- മിന്നല്‍ മുരളി, കുട്ടികളുടെ ചിത്രം- കാടകം- സംവിധാനം-സഹില്‍ രവീന്ദ്രന്‍.
മികച്ച ജനപ്രിയ ചിത്രം- ഹൃദയം, നൃത്തസംവിധാനം- അരുണ്‍ലാല്‍ - ചവിട്ട്, വസ്ത്രാലങ്കാരം- മെല്‍വി ജെ- മിന്നല്‍ മുരളി, മേക്കപ്പ്ആര്‍ട്ടിസ്റ്റ്- രഞ്ജിത് അമ്പാടി- ആര്‍ക്കറിയാം, ജനപ്രിയചിത്രം-ഹൃദയം, ശബ്ദമിശ്രണം- ജസ്റ്റിന്‍ ജോസ്- മിന്നല്‍ മുരളി, കലാസംവിധാനം- ഗോകുല്‍ദാസ്- തുറമുഖം, ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍- നായാട്ട്, ഗായിക-സിതാര കൃഷ്ണകുമാര്‍ - കാണെക്കാണെ, ഗായകന്‍- പ്രദീപ്കുമാര്‍- മിന്നല്‍ മുരളി, സംഗീതസംവിധായകന്‍ ബി.ജി.എം- ജസ്റ്റിന്‍ വര്‍ഗീസ്-ജോജി, സംഗീതസംവിധായകന്‍- ഹിഷാം- ഹൃദയം, ഗാനരചയിതാവ്- ബി.കെ ഹരിനാരായണന്‍- കാടകം
ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയായിരുന്നു ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. കോവിഡിനെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധി നേരിട്ട വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. ഇതിന് ശേഷം ശേഷം 100 ശതമാനം സീറ്റുകളിലും പ്രേക്ഷകരെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുമാസങ്ങളേ ആയിട്ടുള്ളൂ. ഒടിടി പ്ലാറ്റ്ഫോമുകളാണ് ഇക്കാലയളവില്‍ സിനിമാമേഖലയ്ക്ക് തുണയായത്. ഒടിടിയിലൂടെ പല മികച്ച ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.