ശിഹാബ് ചോറ്റൂർ മദീനയിൽ; പുണ്യഭൂമിയില്‍ ആത്മീയസാഫല്യം
മദീനയിലെ പ്രവാചകന്റെ പള്ളിക്കുമുൻപിൽനിന്നുള്ള ചിത്രങ്ങൾ ശിഹാബ് പങ്കുവച്ചിട്ടുണ്ട്
![ശിഹാബ് ചോറ്റൂർ മദീനയിൽ; പുണ്യഭൂമിയില്‍ ആത്മീയസാഫല്യം Shihab Chottur, who traveled from Malappuram on foot to perform Hajj, reached Madinah, Shihab Chottur-barefoot Hajj travel reached Madinah, Shihab Chottur reached Madinah, Shihab Chottur Hajj travel, Shihab Chottur at Madinah](https://www.mediaoneonline.com/h-upload/2023/05/25/1500x900_1371588-shihab-chottur-medina-mosque-1.webp)
![AddThis Website Tools](https://cache.addthiscdn.com/icons/v3/thumbs/32x32/addthis.png)
റിയാദ്: ഹജ്ജ് നിർവഹിക്കാനായി മലപ്പുറത്തുനിന്ന് കാൽനടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂർ മദീനയിലെത്തി. ശിഹാബ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മദീനയിലെ പ്രവാചകന്റെ പള്ളിക്കുമുൻപിൽനിന്നുള്ള ചിത്രങ്ങൾ അദ്ദേഹം പങ്കുവച്ചു.
കഴിഞ്ഞ മാസം രണ്ടാം വാരമാണ് ശിഹാബ് സൗദി അതിർത്തി കടക്കുന്നത്. കുവൈത്ത് അതിർത്തി വഴിയായിരുന്നു സൗദിയിലേക്കെത്തിയത്. തുടർന്ന് മദീന ലക്ഷ്യമാക്കിയായിരുന്നു യാത്ര. മദീന സന്ദർശിച്ച ശേഷം ഹജ്ജിന്റെ തൊട്ടുമുൻപ് മക്കയിലെത്താനാണ് ലക്ഷ്യമിടുന്നത്. നോമ്പുകാലത്തായിരുന്നു സൗദിയിലെത്തിയത്. ഇതിനാൽ മിക്ക ദിവസങ്ങളിലും രാത്രി യാത്ര ചെയ്ത് പകൽനേരങ്ങളിൽ വിശ്രമിക്കുകയായിരുന്നു.
യാത്രയിൽ മിക്കയിടത്തും സൗദി പൊലീസ് സുരക്ഷയൊരുക്കുന്നുണ്ട്. ചിലയിടങ്ങളിൽ മലയാളികളും വാഹനങ്ങളിലും കാൽനടയായും അനുഗമിക്കുന്നുണ്ട്.
കഴിഞ്ഞ ജൂൺ രണ്ടിനാണ് ശിഹാബ് വീട്ടിൽനിന്ന് യാത്ര തിരിച്ചത്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച ശേഷം പാക് അതിർത്തി കടക്കുകയായിരുന്നു. ഇന്ത്യയിലുടനീളം തീർത്ഥയാത്രയ്ക്ക് വൻ വരവേൽപ്പ് ലഭിച്ചു. നിയമതടസം നേരിട്ടതിനെ തുടർന്ന് പാക് അതിർത്തിയിൽ ഏതാനും ദിവസം തങ്ങേണ്ടിവന്നു. ഇതൊഴിച്ചാൽ യാത്ര പുറപ്പെട്ട ശേഷം മിക്ക ദിവസങ്ങളിലും ശിഹാബ് കാൽനട തുടർന്നു.
പാകിസ്താൻ കടന്ന് ഇറാൻ, ഇറാഖ്, കുവൈത്ത് വഴിയാണ് സൗദിയിലെത്തിയത്. യാത്രാവിവരങ്ങൾ യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പോസ്റ്റ് ചെയ്യുന്നുണ്ട്.
Summary: Shihab Chottur, who traveled from Malappuram on foot to perform Hajj, reached Madinah