കണക്ഷൻ വിമാനം ലഭിക്കുന്നില്ല;സൗദിയിൽ നിന്നുള്ള എയർ അറേബ്യ യാത്രികർ ഷാർജയിൽ കുടുങ്ങുന്നതായി പരാതി
കേരളത്തിലേക്കുള്ള യാത്രക്കാരാണ് കുടുങ്ങുന്നത്
ജിദ്ദ: എയർ അറേബ്യ വിമാനത്തിൽ സൗദിയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ ഷാർജയിൽ കുടുങ്ങുന്നതായി പരാതി. സൗദിയിൽ നിന്ന് വിമാനം പുറപ്പെടാൻ വൈകുന്നത് മൂലം ഷാർജയിൽ നിന്നുള്ള കണക്ഷൻ വിമാനം നഷ്ടപ്പെടുന്നതാണ് യാത്രക്കാരെ വലക്കുന്നത്. കണക്ഷൻ വിമാനം നഷ്ടമാകുമെന്ന് ഉറപ്പുള്ള ഘട്ടത്തിൽപോലും വിമാന കമ്പനികൾ അക്കാര്യം യാത്രക്കാരെ അറിയിക്കുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു.
സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും യാത്ര ചെയ്യുന്നവരാണ് ഷാർജ വിമാനത്താവളത്തിൽ കുടുങ്ങുന്നരിലേറെയും. ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും നേരിട്ട് വിമാന സർവീസുണ്ടെങ്കിലും മറ്റുവിമാനങ്ങളേക്കാൾ വളരെ നേരത്തെയാണ് എയർ അറേബ്യ നാട്ടിലെത്തുക. ജിദ്ദയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിക്ക് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.55ന് കോഴിക്കോടെത്തും. അതിനാൽ നാട്ടിൽ ബന്ധുക്കളുടെ മരണം, രോഗം പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് നേരത്തെ നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ എയർ അറേബ്യ തിരഞ്ഞെടുക്കുക. എന്നാൽ പലപ്പോഴും ജിദ്ദയിൽ നിന്ന് വിമാനം പുറപ്പെടാൻ വൈകുന്നത് മൂലം യാത്രക്കാർ ഷാർജയിൽ എത്തുമ്പോഴേക്കും കേരളത്തിലേക്കുള്ള കണക്ഷൻ വിമാനം പുറപ്പെട്ടിട്ടുണ്ടാകും. ഈ യാത്രക്കാർക്ക് പിന്നീട് അടുത്ത ദിവസം ഇതേ സമയം മാത്രമേ എയർ അറേബ്യുടെ അടുത്തവിമാനത്തിൽ യാത്ര ചെയ്യാനാവുകയുള്ളൂ. അത് വരെ ഷാർജ വിമാനത്താവളത്തിൽ കഴിയേണ്ടിവരും. അല്ലെങ്കിൽ മറ്റേതെങ്കിലും വിമാനങ്ങളിൽ ടിക്കറ്റുകൾ ലഭ്യമായാൽ സ്വന്തം നിലക്കെടുത്ത് യാത്ര ചെയ്യാം. അതും അടുത്ത ദിവസം മാത്രമേ ലഭിക്കൂ.
യാത്ര മുടങ്ങിയ ദിവസം വിമാനത്താവളത്തിനകത്ത് പരിമിതമായ സൗകര്യത്തോടെ താമസവും ഭക്ഷണവും വിമാന കമ്പനി നൽകും. കൂടാതെ മറ്റു വിമാനങ്ങളിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുക്കുന്നവർക്ക് നഷ്ടമായ വിമാന യാത്രയുടെ തുക തിരികെ ലഭിക്കുകയും ചെയ്യും. എന്നാൽ ഓൺലൈൻ വഴി ടിക്കറ്റെടുക്കുന്നവർക്ക് മാത്രമാണ് അതേ അക്കൗണ്ടിലേക്ക് പണം തിരിച്ച് നൽകുകയുള്ളൂ. ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റെടുത്താൽ അതേ ട്രാവൽ ഏജൻസി വഴി മറ്റൊരു യാത്രക്കുള്ള ടിക്കറ്റാണ് ലഭിക്കുക. ചില ട്രാവൽ ഏജൻസികൾ എയർ അറേബ്യയുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് പണം തിരിച്ച് നൽകാൻ ശ്രമിക്കുന്നതായും ചില യാത്രക്കാർ പറഞ്ഞു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ ഇത്തരത്തിൽ ഷാർജയിൽ കുടുങ്ങുന്നത് പതിവാണ്. അടിയന്തിര സാഹചര്യങ്ങളിൽ കുറഞ്ഞ ഇടവേളകളുള്ള ഇത്തരം കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യാതിരിക്കലാണ് ഉചിതമെന്ന് ദുരനുഭവം നേരിട്ട യാത്രക്കാർ പറയുന്നു. കണക്ഷൻ വിമാനം നഷ്ടമാകുമെന്ന് ഉറപ്പാകുന്ന ഘട്ടത്തിൽപോലും അക്കാര്യം യാത്രക്കാരെ വിമാന കമ്പനികൾ അറിയിക്കുന്നില്ലന്നും യാത്രക്കാർ പരാതിപ്പെടുന്നുണ്ട്. ചിലർ ഇതിനെതിരെ എയർ അറേബ്യക്കും ഗാക്കക്കും പരാതി നൽകിയതായും യാത്രക്കാർ പറഞ്ഞു.