യുഎഇ പൊതുമാപ്പിന് രണ്ടുനാള്‍ കൂടി
നിയമവിധേയമായി യുഎഇയിലെത്തി പിന്നീട് അനധികൃത താമസക്കാരായി മാറിയവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് പോകാം. പുതിയ സ്‌പോണ്‍സറുടെ കീഴിലേക്ക് വിസ സ്റ്റാറ്റസ് മാറ്റാം.
യുഎഇയില്‍ പൊതുമാപ്പ് നിലവില്‍ വരാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ രാജ്യമെങ്ങും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുങ്ങി. പൊതുമാപ്പ് നടപടി പൂര്‍ത്തിയാക്കുന്നവര്‍ 21 ദിവസത്തിനകം രാജ്യം വിടണമെന്ന് അധികൃതര്‍ പറഞ്ഞു. ഇവര്‍ക്ക് തിരിച്ചുവരാന്‍ തടസമുണ്ടാവില്ലെന്നും താമസകുടിയേറ്റ വകുപ്പ് ആവര്‍ത്തിച്ചു.
നിയമവിധേയമായി യുഎഇയിലെത്തി പിന്നീട് അനധികൃത താമസക്കാരായി മാറിയവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് പോകാം. പുതിയ സ്‌പോണ്‍സറുടെ കീഴിലേക്ക് വിസ സ്റ്റാറ്റസ് മാറ്റാം. ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന പൊതുമാപ്പ്കാലം ഇതിനായി പ്രയോജനപ്പെടുത്തണമെന്ന് താമസ കുടിയേറ്റ ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറി, ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അഗൈത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയാണ് പൊതുമാപ്പിന് അപേക്ഷിക്കേണ്ടത്.
അനധികൃതമായി അതിര്‍ത്തി കടന്ന് യുഎഇയില്‍ പ്രവേശിച്ചവര്‍ക്കും തിരിച്ചുപോകാന്‍ കഴിയും. പക്ഷെ, രണ്ടുവര്‍ഷത്തേക്ക് തിരിച്ചുവരാനാവില്ല. അപേക്ഷകരുടെ അവസ്ഥകളെ മനുഷ്യത്വപരമായി സമീപിക്കും. എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചാലുടന്‍ അവര്‍ നാട്ടിലേക്ക് മടങ്ങണം.
എക്‌സിറ്റ് പെര്‍മിറ്റിന് 221 ദിര്‍ഹം ഫീസ് ഈടാക്കും. ദുബൈയിലും സമീപ എമിറേറ്റിലുമുള്ളവര്‍ക്കും പൊതുമാപ്പിന് അപേക്ഷിക്കാന്‍ അല്‍അവീറിലെ കേന്ദ്രത്തില്‍ വിപുലമായ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവിടേക്ക് ആര്‍ടിഎ വാഹനസൗകര്യമുണ്ടാകും. പാസ്‌പോര്‍ട്ടും രേഖകളും കൈവശമില്ലാത്തവര്‍ക്കും ഇവിടെ അപേക്ഷിക്കാം. മുഴുവന്‍ രാജ്യങ്ങളുടെയും കോണ്‍സുലാര്‍ പ്രതിനിധികള്‍ ഇവിടെയുണ്ടാകും.
പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി എന്നിവ കൈവശമുള്ളവര്‍ക്ക് ആമര്‍ സെന്ററുകള്‍ വഴിയും പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താം. പൊതുമാപ്പ് കാലത്ത് രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെ ഈ കേന്ദ്രം സജീവമായിരിക്കും