തടാകത്തിലെ വെള്ളം വറ്റിയപ്പോൾ പൊങ്ങിവന്നത് ഒരു ഗ്രാമം

ഗ്രാമത്തിലെ 163 വീടുകൾ തടാകത്തിന്റെ അടിത്തട്ടിലേക്കു പോയപ്പോൾ വെള്ളത്തിനു മുകളിൽ ദൃശ്യമായത് 19-ാം നൂറ്റാണ്ടിൽ നിർമിച്ച ഒരു പള്ളിയുടെ ഗോപുരം മാത്രമാണ്.

Update: 2021-05-19 12:03 GMT
Editor : André
Advertising

അറ്റകുറ്റപ്പണികൾക്കായി തടാകം വറ്റിച്ചു തുടങ്ങിയപ്പോൾ ആദ്യം പൊങ്ങിവന്നത് 19-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു ക്രിസ്ത്യൻ പള്ളിയാണ്. വെള്ളം താഴുന്നതിനനുസരിച്ച് തകർന്ന വീടുകളും പടവുകളുമടക്കം മറ്റു പലതും ദൃശ്യമാകാൻ തുടങ്ങി. ഒടുവിൽ പൂർണമായും വെള്ളമിറങ്ങിയപ്പോൾ തെളിഞ്ഞത് അര നൂറ്റാണ്ടു മുമ്പ് 'കാണാതായ' 160-ലേറെ വീടുകളുണ്ടായിരുന്ന ഒരു ഗ്രാമം. ഇറ്റലിയിലെ ആൽപ്‌സ് പർവത നിരകൾക്കു സമീപമാണ് ചരിത്രം വർത്തമാനവുമായി സന്ധിച്ച ഈ അപൂർവ സംഭവം.





ആൽപ്‌സിനു സമീപമുള്ള രണ്ട് തടാകങ്ങൾ ചേർത്ത് 1950-ലാണ് വൈദ്യുതി ഉൽപാദനത്തിനായി അധികൃതർ റിസർവോയർ നിർമിച്ചത്. ഈ പ്രദേശത്തുണ്ടായിരുന്ന കുറോൺ എന്ന ഗ്രാമത്തിലെ നിവാസികളുടെ എതിർപ്പ് വകവെക്കാതെയായിരുന്നു ഇത്. അഞ്ച് മീറ്റർ മാത്രമേ റിസർവോയറിന് ആഴമുണ്ടാവുകയുള്ളൂ എന്നാണ് അധികൃതർ പറഞ്ഞതെങ്കിലും പദ്ധതി യാഥാർത്ഥ്യമായതോടെ ഗ്രാമം മുഴുവൻ റെസ്യ തടാകത്തിനടിയിലായി. 22 മീറ്റർ ആഴമുള്ള തടാകത്തിന്റെ നിർമാണഘട്ടത്തിൽ ഗ്രാമവാസികളെല്ലാം നാടുവിട്ടു പോവുകയാണുണ്ടായത്.






ഗ്രാമത്തിലെ 163 വീടുകൾ തടാകത്തിന്റെ അടിത്തട്ടിലേക്കു പോയപ്പോൾ വെള്ളത്തിനു മുകളിൽ ദൃശ്യമായത് 19-ാം നൂറ്റാണ്ടിൽ നിർമിച്ച ഒരു പള്ളിയുടെ ഗോപുരം മാത്രമാണ്. വെള്ളത്തിലെ ഗോപുരം കാണാൻ ആളുകൾ കൂട്ടമായി എത്തിയതോടെ വടക്കുകിഴക്കൻ നഗരമായ ദക്ഷിണ ടിറോളിലെ റെസ്യ തടാകം ഒരു വിനോദസഞ്ചാര കേന്ദ്രമാവുകയും ചെയ്തു.

അറ്റകുറ്റപ്പണികൾക്കു വേണ്ടിയാണ് തടാകം വറ്റിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതോടെ മുക്കാൽ നൂറ്റാണ്ടോളം പഴക്കമുള്ള ഗ്രാമത്തിന്റെ ശേഷിപ്പുകൾ അനാവൃതമാവുകയായിരുന്നു.

Tags:    

Editor - André

contributor

Similar News