ഇന്ത്യയിലേക്ക് പറക്കാനിനി പാടുപെടേണ്ട; അധിക സുരക്ഷാ പരിശോധന ഒഴിവാക്കി കാനഡ
ദിവസങ്ങൾക്ക് മുമ്പ് വന്ന അധിക സ്‌ക്രീനിങ് യാത്രക്കാരെ വലച്ചിരുന്നു
ഒട്ടോവ: ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കായുള്ള അധിക സുരക്ഷാ സ്‌ക്രീനിങ് പരിശോധനാ നടപടി പിൻവലിച്ച് കാനഡ. അധിക സ്‌ക്രീനിങ് പരിശോധന പിൻവലിക്കാനുള്ള നടപടിയെക്കുറിച്ച് കനേഡിയൻ ഗതാഗതവകുപ്പ് മന്ത്രി അനിത ആനന്ദിന്റെ ഓഫീസാണ് വാർത്ത പുറത്തുവിട്ടത്. തിങ്കളാഴ്ച ആരംഭിച്ച സ്‌ക്രീനിങ് പരിശോധന ദിവസങ്ങൾക്കുള്ളിലാണ് കാനഡ ഒഴിവാക്കിയത്. ജാഗ്രതയെത്തുടർന്നാണ് സ്‌ക്രീനിങ് പരിശോധന കർശനമാക്കിയതെന്ന് ഗതാഗത മന്ത്രി പരിശോധന ഒഴിവാക്കിയതിന് പിന്നാലെ പ്രതികരിച്ചു.
നയതന്ത്ര ബന്ധം കൂടുതൽ വഷളായതിന് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കായി കർശന സുരക്ഷാ പരിശോധനയുമായി കാനഡ രംഗത്തുവന്നത്. ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാർ കർശന സുരക്ഷാ സ്‌ക്രീനിങ് നടപടികൾക്ക് വിധേയരാകേണ്ടി വന്നു. പ്രോട്ടോക്കോളുകളുടെ ഭാഗമായി അതീവ ജാഗ്രത പാലിക്കണമെന്നാണ് സംഭവത്തിൽ കനേഡിയൻ ഗതാഗതമന്ത്രി അനിത ആനന്ദ് അന്ന് പ്രതികരിച്ചത്. വാരാന്ത്യത്തോടെ പുതിയ സുരക്ഷാനയങ്ങളെക്കുറിച്ച് എയർ കാനഡ തങ്ങളുടെ യാത്രക്കാരെ അറിയിച്ചിരുന്നു. ഇതിനായി കൂടുതൽ സജീകരണങ്ങൾ ഒരുക്കിയായിരുന്നു വിമാനത്താവളങ്ങൾ പ്രവർത്തിച്ചിരുന്നത്. ടൊറന്റോയിൽ നിന്നും ഇന്ത്യയിലേക്കെത്തിയ യാത്രക്കാർ തങ്ങളുടെ സെക്യൂരിറ്റി പരിശോധനയിൽ മാറ്റങ്ങൾ വന്നത് സ്ഥിരീകരിച്ചിരുന്നു.
അന്താരാഷ്ട്ര യാത്ര നടത്താനുദ്ദേശിക്കുന്നവർ പ്രീ ബോർഡിങ്ങ് പരിശോധന മാനിച്ച് പതിവിലും നേരത്തെ എത്തണമെന്ന് ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളം പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ഇന്ത്യയിൽ വിമാനങ്ങൾക്ക് നേരെ ഉയർന്ന ബോബ് ഭീഷണി പരമ്പരയും സുരക്ഷാ പരിശോധനയ്ക്ക് ആക്കം കൂട്ടുന്നതിന് കാരണമായിരുന്നു.
ഒക്ടോബറിൽ ന്യൂഡൽഹിയിൽ നിന്നും ചിക്കാഗോയിലേക്കുള്ള വിമാനം ബോബ് ഭീഷണിയെ തുടർന്ന് കാനഡയിലെ ഇഖാലുയിറ്റിലേക്ക് തിരിച്ചുവിട്ടിരുന്നു. വിമാനത്തിൽ നടത്തിയ തിരച്ചിലിൽ എന്നാൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായിരുന്നില്ല.ഇതിന് പിന്നാലെ ഖലിസ്ഥാൻ വിഘടനവാദി നേതാവായ ഗുർപത്വന്ത് സിങ് പന്നൂൻ എയർ ഇന്ത്യ വിമാനങ്ങൾ നവംബർ ഒന്ന് മുതൽ 19 വരെ പറക്കരുതെന്ന് ഭീഷണിയും മുഴക്കിയിരുന്നു. സിഖ് കൂട്ടക്കൊലയുടെ നാൽപതാം വാർഷികത്തെ അനുബന്ധിച്ചാണ് പന്നൂൻ ഭീഷണി മുഴക്കിയത്.സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ബന്ധമുണ്ടെന്നാരോപിച്ച് സെപ്തംബറിൽ ഇന്ത്യൻ നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി ഇന്ത്യയിലുള്ള കനേഡിയൻ ഉദ്യോഗസ്ഥരെയും പുറത്താക്കുകയുണ്ടായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് പരസ്പരം കനത്ത നടപടികൾ സ്വീകരിക്കാൻ ഇന്ത്യയും കാനഡയും നിർബന്ധിതരായത്.