ധര്‍മ്മടത്ത് പിണറായിക്കെതിരെ ജി.ദേവരാജന്‍?
ഇടതുപക്ഷത്തെ നയിക്കുന്ന പിണറായി വിജയനെതിരെ ദേശീയതലത്തിൽ അറിയപ്പെടുന്ന ഇടത് നേതാവിനെ തന്നെ മത്സരിപ്പിക്കുന്നതിൽ യു.ഡി.എഫിന് പല ലക്ഷ്യങ്ങളുണ്ട്
ധര്‍മ്മടത്ത് പിണറായി വിജയനെ നേരിടാൻ ഇടത് രാഷ്ട്രീയത്തിൽ പ്രമുഖനായ ജി ദേവരാദനെ രംഗത്തിറക്കാനുള്ള നീക്കത്തിലാണ് യു ഡി എഫ്. ഫോര്‍വേഡ് ബ്ലോക്ക് അഖിലേന്ത്യാ ജനറല്‍സെക്രട്ടറിയായ ജി.ദേവരാജനുമായി ഇക്കാര്യത്തിൽ ആദ്യഘട്ട ആലോചനകൾ നടന്നുകഴിഞ്ഞു. പാര്‍ട്ടിയിൽ ചർച്ചകൾ നടത്തിയ ശേഷം അന്തിമ തീരുമാനം അറിയിക്കാമെന്ന് ദേവരാജന്‍ മറുപടി നല്‍കി.
ഇടതുപക്ഷത്തെ നയിക്കുന്ന പിണറായി വിജയനെതിരെ ദേശീയതലത്തിൽ അറിയപ്പെടുന്ന ഇടത് നേതാവിനെ തന്നെ മത്സരിപ്പിക്കുന്നതിൽ യു.ഡി.എഫിന് പല ലക്ഷ്യങ്ങളുണ്ട്. നിലവില്‍ദേശീയ തലത്തില്‍ഫോര്‍വേഡ് ബ്ലോക്ക് ഇടത് മുന്നണിക്കൊപ്പമാണ്. ബംഗാളും ത്രിപുരയും അടക്കമുളള സംസ്ഥാനങ്ങളിലും സി.പി.എമ്മും ഫോര്‍വേഡ് ബ്ലോക്കും ഘടക കക്ഷികളുമാണ്. എന്നാൽ കേരളത്തിൽ ഫോര്‍വേഡ് ബ്ലോക്കിനെ ഒപ്പം കൂട്ടാന്‍ സി.പി.എം തയ്യാറാകാതെ വന്നതോടെയാണ് ഇവര്‍യു.ഡി.എഫിന്‍റെ ഭാഗമായത്. ദേശീയ തലത്തില്‍ സി.പി.എം സ്വീകരിക്കുന്ന നിലപാടും കേരളത്തിലെ അവരുടെ നിലപാടും തമ്മിലുളള വൈരുദ്ധ്യം ദേവരാജന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ തുറന്ന് കാട്ടാന്‍കഴിയുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയനെതിരെ ഫോർവേർഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയെ തന്നെ രംഗത്തിറക്കുന്നതിലൂടെ ഇടതു രാഷ്ട്രീയത്തിലൂന്നിയ പുതിയ ചർച്ചക്ക് വഴിതുറക്കാമെന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. സി.പി.എമ്മിന്റെ കോൺഗ്രസ് വിരുദ്ധ നിലപാടുകളെ ദേശീയ തലത്തിൽ ചർച്ചയാക്കുക എന്നതാണ് മറ്റൊന്ന്. ധർമ്മടത്തെ വിശാല ഇടത് അനുകൂല വോട്ടുകൾ ദേവരാജനിലൂടെ യു.ഡി.എഫ് പക്ഷത്ത് എത്തിക്കാൻ കഴിയും. ഇതിലൂടെ പിണറായിയുടെ ഭൂരിപക്ഷം കുറക്കാനായാൽ അത് രാഷ്ട്രീയ വിജയമായി മാറുമെന്നാണ് യു.ഡി.എഫ് വിലയിരുത്തുന്നത്.
എന്നാൽ ദേശീയ സെക്രട്ടറിയെ വിജയ പ്രതീക്ഷയില്ലാത്ത മണ്ഡലത്തിൽ മത്സര രംഗത്തിറക്കണമെന്ന നിർദേശത്തോട് ആലോചിച്ച് പ്രതികരിച്ചാൽ മതിയെന്ന ധാരണയിലാണ് ഫോർവേർഡ് ബ്ലോക്ക് നേതൃത്വം. ദേശീയ തലത്തിലെ ഇടത് സഖ്യത്തിന് ഇത് തിരിച്ചടിയാകുമോ എന്ന ആശങ്കയും അവർക്കുണ്ട്.