വിവാഹദിനത്തില്‍ വീടിനു തീപിടിച്ച് നവവധു മരിച്ചു
റീഡ്‌സ്ബർഗിലെ വീടിന്‍റെ രണ്ടാമത്തെ നിലയ്ക്ക് തീപിടിച്ചപ്പോൾ റൂഡി ഉറങ്ങുകയായിരുന്നു
വാഷിംഗ്ടണ്‍: യു.എസിലെ വിസ്‌കോൺസിനിൽ വീടിന് തീപിടിച്ച് 19 കാരി ദാരുണമായി കൊല്ലപ്പെട്ടു. പൈജ് റൂഡി എന്ന യുവതിയാണ് മരിച്ചത്. മേയ് 23ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. റീഡ്‌സ്ബർഗിലെ വീടിന്‍റെ രണ്ടാമത്തെ നിലയ്ക്ക് തീപിടിച്ചപ്പോൾ റൂഡി ഉറങ്ങുകയായിരുന്നു.
പുക ശ്വസിച്ചതിനെ തുടർന്ന് മാരകമായ മസ്തിഷ്ക രക്തസ്രാവം ഉണ്ടാവുകയും പിറ്റേന്ന് ആശുപത്രിയിൽ വച്ച് മരിക്കുകയുമായിരുന്നു. വിവാഹനിശ്ചയത്തിനു ശേഷം ചെറിയൊരു ചടങ്ങായി വിവാഹം നടക്കാനിരിക്കെയായിരുന്നു റൂഡിയുടെ മരണം. വീടിനു തീ പിടിച്ചപ്പോള്‍ റൂഡിക്ക് സുരക്ഷിത സ്ഥാനത്തൂടെ പുറത്തേക്ക് കടക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രാദേശിക അഗ്നിശമന വിഭാഗം മേധാവി ക്രെയ്ഗ് ഡഗ്ലസ് പറഞ്ഞു.ദമ്പതികൾ താമസിച്ചിരുന്ന വീട് വരന്‍റെ മുത്തശ്ശന്‍റെയായിരുന്നു. കൂടാതെ പ്രവർത്തിക്കുന്ന സ്മോക്ക് ഡിറ്റക്ടറുകളൊന്നും ഇല്ലായിരുന്നു.പുക ശ്വസിച്ചതാണ് റൂഡിയുടെ മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി സൗക് കൗണ്ടി കൊറോണറുടെ ഓഫീസ് ഡബ്ല്യുഎംടിവിയോട് സ്ഥിരീകരിച്ചു.
തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെങ്കിലും ക്രമക്കേടൊന്നും ഉണ്ടായിട്ടില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. തീപിടിത്ത സമയത്ത് മറ്റ് മൂന്ന് പേർ വീട്ടിലുണ്ടായിരുന്നു, പുലർച്ചെ നാല് മണിയോടെ ഫയർഫോഴ്‌സ് സംഭവസ്ഥലത്ത് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. റൂഡിയുടെ സംസ്കാരം അടുത്തയാഴ്ച നടക്കും.''തിങ്കളാഴ്‌ച രാത്രി വിസ്‌കോൺസിനിലെ റീഡ്‌സ്‌ബർഗിലുള്ള റഡ്ഡി കുടുംബം പൈജ് റൂഡിയുടെയും ലോഗൻ മിച്ചൽ-കാർട്ടറിന്റെയും ചെറിയ വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള സന്തോഷത്തോടെയാണ് ഉറങ്ങാന്‍ പോയത്. എന്നാല്‍ ഒരു ദുഃഖവാര്‍ത്ത കേട്ടാണ് പിറ്റേന്ന് ഉറക്കമുണര്‍ന്നത്.'' ബന്ധുക്കള്‍ പറഞ്ഞു.