വെല്‍നെസ്സ് സെന്ററില്‍ നിന്ന് പാനീയം കുടിച്ചു; 53കാരിക്ക് ദാരുണാന്ത്യം

ആസ്‌ട്രേലിയയിലെ വിക്ടോറിയന്‍ പട്ടണമായ ക്ലൂണ്‍സിലെ വെല്‍നസ് സെന്ററായ സോള്‍ ബാര്‍ണിലാണ് സംഭവം

Update: 2024-04-17 06:50 GMT
Advertising

കാന്‍ബെറ: ആസ്‌ട്രേലിയയില്‍ വെല്‍നെസ്സ് സെന്ററില്‍ വെച്ച് പാനീയം കുടിച്ച സ്ത്രീക്ക് ദാരുണാന്ത്യം. രണ്ട് പേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. വിക്ടോറിയന്‍ പട്ടണമായ ക്ലൂണ്‍സിലെ വെല്‍നസ് സെന്ററായ സോള്‍ ബാര്‍ണിലാണ് സംഭവം.

വെല്‍നെസ്സ് സെന്ററില്‍ എത്തിയ സ്ത്രീ പാനീയം കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയുമായി ബന്ധപ്പെട്ടതായും മെഡിക്കല്‍ സഹായം എത്തുന്നതുവരെ പ്രദേശവാസികള്‍ പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തതായി ആസ്‌ട്രേലിയന്‍ മാധ്യമമായ സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും മരണകാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പാനീയത്തില്‍ ലഹരി പദാര്‍ത്ഥമായ മഷ്‌റൂം അടങ്ങിയിട്ടുണ്ടോയെന്ന്  സംശയമുണ്ടെന്നും അതിനെക്കുറിച്ച്  അന്വേഷിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സംഭവത്തില്‍ മൂരാബൂല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് അന്വേഷണം നടത്തുന്നായും പൊലീസ് പറഞ്ഞു. രാവിലെ 12 മണിയോടെ പാനീയം കഴിച്ചതിനെ തുടര്‍ന്ന് സ്ത്രീക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്രേസര്‍ സ്ട്രീറ്റിലെ വിശ്രമസ്ഥലത്ത് ആയിരുന്നുവെന്നുമാണ് പൊലീസ് റിപ്പോർട്ട്.

സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

സമഗ്രവും ആരോഗ്യകരവുമായ സൗകര്യവും ഉപദേശവും നല്‍കുന്ന സ്ഥലമാണ് ഈ വെല്‍നെസ്സ് സെന്റര്‍. ഇവിടെ മെഡിറ്റേഷനില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതായി ആസ്ട്രേലിയൻ മാധ്യമമായ എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.

വിഷാദ രോഗികള്‍ക്ക് രോഗമുക്തിക്കായി ലഹരി മരുന്നുകള്‍ നല്‍കാന്‍ സൈക്യാട്രിസ്റ്റുകളെ അനുവദിച്ച ആദ്യ രാജ്യമായി കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ മാറി. യോഗ്യതയുള്ളതും രജിസ്റ്റര്‍ ചെയ്തതുമായ ഡോക്ടര്‍മാര്‍ക്ക് വിഷാദ രോഗത്തിന് എം.ഡി.എം.എ ഡോസുകള്‍ നല്‍കാന്‍ അനുമതിയുണ്ട്. മാജിക് മഷ്‌റൂമിലെ സൈക്കോ ആക്റ്റീവ് ഘടകമായ സൈലോസിബിന്‍, വിഷാദരോഗം ചികിത്സിക്കാന്‍ പ്രയാസമുള്ള ആളുകള്‍ക്കും നല്‍കാം.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News