ഗസ്സയിൽ കനത്ത ആക്രമണം തുടർന്ന് ഇസ്രായേൽ; ബെയ്ത് ലാഹിയയിലെ ആശുപത്രിയിലും അൽമവാസി അഭയാർഥി ക്യാമ്പിലും ആക്രമണം

ബെയ്ത് ലാഹിയയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു.

Update: 2024-12-24 02:12 GMT
Editor : rishad | By : Web Desk
Advertising

ഗസ്സസിറ്റി: ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. ബെയ്ത് ലാഹിയയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. പരിമിതികളോടെ പ്രവര്‍ത്തിക്കുന്ന വടക്കൻ ഗസ്സയിലെ കമൽ അദ്‌വാൻ ആശുപത്രിക്ക് നേരെയും ഇസ്രായേൽ ആക്രമണം നടത്തി.

സൈന്യം നടത്തിയ വെടിവെപ്പിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. 24 മണിക്കൂറിനുള്ളിൽ 58 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. അൽ മവാസിയിലെ അഭയാർഥി ക്യാമ്പില്‍ മിസൈൽ പതിച്ച് എട്ടുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.

മധ്യ ഗസ്സയിലെ നുസൈറാത്ത് അഭയാർഥി ക്യാമ്പ് ലക്ഷ്യംവെച്ചും ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകൾ. അതേസമയം കഴിഞ്ഞ ഞായറാഴ്ചയും ഗസ്സ സഹായ വാഹനവ്യൂഹത്തിന് നേരെ ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തിയതായി യുഎൻ വ്യക്തമാക്കി.

തെക്കൻ ഗസ്സയിലെ സുരക്ഷിത മേഖലകളിലും ആക്രമണം അഴിച്ചുവിടുകയാണ് ഇസ്രായേല്‍. അൽ-മവാസിയിലെ 'സുരക്ഷിത മേഖല'യില്‍ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തില്‍ എഴ് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 

ഇതിനിടെ ആക്രമണങ്ങളെ അപലപിച്ച് ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ (യുഎൻആർഡബ്ല്യുഎ) തലവൻ ഫിലിപ്പ് ലസാരിനി രംഗത്ത് എത്തി. സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ സാധാരണ സംഭവങ്ങളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News