തിങ്ങിനിറഞ്ഞ് വിമാനം: ദാരുണം കാബൂളില്‍ നിന്നുള്ള ഈ പലായന ദൃശ്യങ്ങള്‍
നൂറുകണക്കിനാളുകൾ തിങ്ങിനിറഞ്ഞ യു.എസ് സൈനിക വിമാനത്തിന്‍റെ ചിത്രം അഫ്ഗാനിസ്താനിലെ ദാരുണാവസ്ഥയുടെ നേര്‍ച്ചിത്രമായി.
താലിബാൻ അധികാരം പിടിച്ചടക്കിയതോടെ അനിശ്ചിതത്വത്തിലായ അഫ്ഗാനിസ്താനിൽ നിന്ന് ജനങ്ങളുടെ പലായനം തുടരുന്നു. നൂറുകണക്കിനാളുകൾ തിങ്ങിനിറഞ്ഞ യു.എസ് സൈനിക വിമാനത്തിന്‍റെ ചിത്രം അഫ്ഗാനിസ്താനിലെ ദാരുണാവസ്ഥയുടെ നേര്‍ച്ചിത്രമായി.
കാബൂളിൽ നിന്നുള്ള യു.എസ് സൈന്യത്തിന്‍റെ സി-17 ഗ്ലോബ്മാസ്റ്റർ കാർഗോ വിമാനത്തിലാണ് അഫ്ഗാനിസ്താനിൽ നിന്ന് പുറത്തുകടക്കാനുള്ളവർ തിങ്ങിനിറഞ്ഞത്. പ്രതിരോധ വെബ്സൈറ്റായ ഡിഫൻസ് വൺ ആണ് ചിത്രം പുറത്തുവിട്ടത്. കൂടുതൽ പേരെ ഉൾക്കൊള്ളാൻ പ്രാപ്തമായ വിമാനമാണെങ്കിലും സി-17 ഇത്രയധികം ആളുകളെ വഹിക്കുന്നത് ആദ്യമായാണെന്ന് ഡിഫൻസ് വൺ റിപ്പോർട്ട് ചെയ്യുന്നു. കാബൂൾ വിമാനത്താവളത്തിലെ അനിശ്ചിതാവസ്ഥക്കും തിരക്കിനും ഇടയിലാണ് നൂറുകണക്കിനാളുകൾ വിമാനത്തിൽ സ്ഥലംപിടിച്ചത്.
ബലംപ്രയോഗിച്ച് ഇറക്കിവിടുന്നതിന് പകരം പറക്കാനുള്ള തീരുമാനമാണ് വിമാന അധികൃതർ കൈക്കൊണ്ടത്. 640 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. ഇവരെ ഖത്തർ തലസ്ഥാനമായ ദോഹയിലേക്കാണ് കൊണ്ടുപോയത്. ആയിരങ്ങളാണ് താലിബാൻ നിയന്ത്രണമുറപ്പിച്ച അഫ്ഗാനിൽ നിന്ന് പലായനം തുടരുന്നത്.
JUST IN: "The Crew made the decision to go" — Inside RCH 871, which saved 640 from the Taliban ... from @TaraCopp and me https://t.co/r4YvGqJZ4b pic.twitter.com/CI1mAmqjHT
— Marcus Weisgerber (@MarcusReports) August 16, 2021